
രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും അവിസ്മരണീയ ചേസിങ്ങിനും റെക്കോഡ് തീര്‍ത്ത ആ വിജയവും പിറന്നിട്ട് ഇന്നേക്ക് 18 വര്‍ഷം പൂര്‍ത്തിയായി. അക്കളിക്കു മുന്‍പോ ശേഷമോ അത്രമേല്‍ നിര്‍ഭയത്വത്തോടെ ക്രിക്കറ്റിനെ സമീപിച്ച ഒരു ടീമും ഉണ്ടായിട്ടില്ല.
ക്രിക്കറ്റില്‍ ഭാഗ്യക്കേടുകള്‍ ഒരുപാടുകണ്ട ടീമാണല്ലോ ദക്ഷിണാഫ്രിക്ക. കപ്പിലേക്കുള്ള പല വഴികളിലും നിര്‍ഭാഗ്യം അവരെ അള്ളിപ്പിടിച്ചു നില്‍ക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. കിരീടം ചൂടാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്ന ടീമായി വന്ന്, ഒന്നും നേടാതെ പോയ ഒട്ടനവധി സന്ദര്‍ഭങ്ങള്‍... അങ്ങനെ നിര്‍ഭാഗ്യത്തിന്റെ മറുപേരായി പോലും 'ദക്ഷിണാഫ്രിക്ക' വിലയിരുത്തപ്പെട്ടു. പക്ഷേ, ക്രിക്കറ്റിന്റെ ഏറ്റവും പ്രോജ്ജ്വലമായ ഒരിന്നിങ്‌സിന്റെ പേരില്‍ പ്രസിദ്ധമാണ് പ്രോട്ടീസ് നിര. അതു പക്ഷേ, അവരുപോലും ജയിക്കുമെന്ന് വിചാരിക്കാത്ത ഒരു കളിയെ, അവരുടെ തീരത്തടുപ്പിച്ച, വിസ്മയിപ്പിക്കുന്ന ഒരു ക്രിക്കറ്റ് ഏടാണ്.
ചരിത്രത്തില്‍ കണ്ട ക്രിക്കറ്റുകളില്‍ ഏറ്റവും മികച്ചതിന് സാക്ഷ്യം വഹിച്ച ആ ഓര്‍മയ്ക്കിന്ന് മധുരപ്പതിനെട്ട് തികഞ്ഞു. 2006 മാര്‍ച്ച് 12 ആണ് കലണ്ടര്‍ വര്‍ഷം. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗാണ് വേദി. അവിടെ ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ പരമ്പരയിലെ അഞ്ചാം ഏകദിന മത്സരം നടക്കുന്നു. രണ്ട് ടീമും രണ്ട് വീതം ജയങ്ങളുമായി ഒപ്പത്തിനൊപ്പം. ശേഷിക്കുന്ന മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്നവരാരാണോ അവര്‍ക്കാണ് കിരീടം.
ബാറ്റര്‍മാരുടെ സ്വര്‍ഗപ്പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്തത് ഓസ്‌ട്രേലിയ. ഓപ്പണര്‍മാരായ ആദം ഗില്‍ക്രിസ്റ്റും സൈമണ്‍ കാറ്റിച്ചും ക്രീസില്‍ വന്ന മാത്രയില്‍ത്തന്നെ തച്ചുനിരത്താന്‍ തുടങ്ങി. ദക്ഷിണാഫ്രിക്കയുടെ മഖായ എന്‍ടിനി ഉള്‍പ്പെടെയുള്ള പേരുകേട്ട ബൗളിങ് നിരയോട് കങ്കാരുക്കള്‍ ഒരു ദാക്ഷിണ്യവും കാണിച്ചില്ല. ഓപ്പണിങ് വിക്കറ്റ് സംഭവിക്കുന്നത് ടീം സ്‌കോര്‍ 97-ല്‍ നില്‍ക്കേ. തുടക്കം ഭദ്രമായാല്‍ പിന്നെ ഭയപ്പെടേണ്ടതില്ലല്ലോ. പിന്നാലെ വന്നവരും ആക്രമണ ശൈലി തന്നെ പഥ്യമാക്കി.
105 പന്തില്‍ 164 റണ്‍സാണ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് നേടിയത്. 51 പന്തില്‍ 81 റണ്‍സോടെ മൈക്കള്‍ ഹസ്സി, 44 പന്തില്‍ 55 റണ്‍സുമായി ഗില്‍ക്രിസ്റ്റ്, 13 പന്തില്‍ 27 റണ്‍സ് നേടി ആന്‍ഡ്ര്യൂ സൈമണ്ട്‌സ്. ബോളെണ്ണം കൂടുതലെടുത്ത് സൈമണ്‍ കാറ്റിച്ച് നേടിയ 79 റണ്‍സും (90 പന്തുകളില്‍). ഒടുക്കം നിശ്ചിത 50 ഓവര്‍ പിന്നിട്ടപ്പോള്‍ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 434. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ അന്നുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സ്‌കോര്‍. എന്‍ടിനി, ആന്‍ഡ്ര്യൂ ഹാള്‍, റോജര്‍ ടെലിമാഷസ് തുടങ്ങിയ ബൗളര്‍മാരൊക്കെ പത്തോവറില്‍ എണ്‍പതിലധികം റണ്‍സ് വഴങ്ങി.
ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നും പേടിക്കാനുണ്ടായിരുന്നില്ല. നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച ഒരു മത്സരത്തില്‍ ഇനിയെന്ത് പേടിക്കാന്‍. മല വലിപ്പത്തിലുള്ള റണ്‍സ് വഴങ്ങിയതിന്റെ സങ്കടത്തിലും ഈര്‍ഷ്യതയിലും ഡ്രസ്സിങ് റൂമില്‍ കഴിഞ്ഞ സഹാംഗങ്ങളോട് ജാക്വസ് കാലീസ് വെടി പൊട്ടിച്ചേ്രത ''ഗയ്‌സ്, നമ്മള്‍ നന്നായിത്തന്നെ ചെയ്തു. അവര്‍ക്ക് 15 റണ്‍സ് കുറഞ്ഞുപോയിട്ടുണ്ട്'' എന്ന്. 450 വിജയലക്ഷ്യത്തിലേക്ക് 15 റണ്‍സിന്റെ കുറവു വരുത്താന്‍ നമുക്കു കഴിഞ്ഞെന്നാണ് കാലീസ് രസകരമായി പറഞ്ഞത്.
കാലിസിന്റെ വാക്ക് ഡ്രസ്സിങ് റൂമിലാകെ ചിരി പടര്‍ത്തി. മനസ്സിനകത്ത് കയറിക്കൂടിയ സമ്മര്‍ദം പലര്‍ക്കും പോയിക്കിട്ടി. ഒരു തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളുമില്ലാതെ പ്രോട്ടീസ് ഓപ്പണര്‍മാര്‍ കളത്തിലിറങ്ങി. ജയിക്കുക എന്നതില്‍ക്കവിഞ്ഞ് കഴിയുന്ന വിധത്തിലുള്ള പോരാട്ട വീര്യം പുറത്തെടുക്കുക എന്നതുമാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നത്. ആ മനോഭാവത്തോടെയാണ് ബാറ്റിങ്ങിനിറങ്ങിയത്.
രണ്ടാം ഓവറില്‍ത്തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ ബൊയ്ത ഡിപ്പനാറിനെ നഷ്ടപ്പെട്ടു. സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിയുന്നത് ആരാധകര്‍ക്ക് കണ്ടുനില്‍ക്കാനാവുമായിരുന്നില്ല. ഹര്‍ഷല്‍ ഗിബ്‌സിലായി ഗാലറിക്ക് പിന്നീടുള്ള പ്രതീക്ഷ. ഗിബ്‌സാവട്ടെ, തലേദിവസം കുടിച്ചുകിടന്നതിന്റെ ഹാങ് ഓവറിലായിരുന്നു. ഹോട്ടലിലേക്ക് വൈകിയിറങ്ങിയതിനാല്‍ ഗിബ്‌സിന് അന്ന് രാവിലെത്തന്നെ ടീം ബസും നഷ്ടപ്പെട്ടതാണ്. ഇതിന്റെയെല്ലാം ആലസ്യത്തിലായിരുന്നു അദ്ദേഹം.
ഏതായാലും മൂന്നിന് ഒന്ന് എന്ന നിലയില്‍ തകര്‍ന്ന ക്രീസിലേക്ക് ഗിബ്‌സെത്തി. പിന്നെ മടങ്ങിപ്പോയത് ടീം 299-ല്‍ നില്‍ക്കുമ്പോള്‍. കേവലം 32 ഓവര്‍ മാത്രമുള്ളപ്പോള്‍ നാലാമനായാണ് ഗിബ്‌സ് മടങ്ങിയത്. ഇതിനിടയില്‍ ക്രീസില്‍ തീര്‍ത്തത് ലോകോത്തര ഇന്നിങ്‌സ്. ഗ്രെയിം സ്മിത്തുമായി 21 ഓവറില്‍ 183 റണ്‍സിന്റെ കൂട്ടുകെട്ട്, അടുത്ത ഒന്‍പത് ഓവറുകളില്‍ കാലീസും ഡിവില്ലിയേഴ്‌സുമായി 109 റണ്‍സിന്റെ കൂട്ടുകെട്ട്. മടങ്ങിപ്പോകുമ്പോള്‍ 111 പന്തുകളില്‍നിന്ന് 175 റണ്‍സായിരുന്നു ഗിബ്‌സിന്റെ സമ്പാദ്യം. ഏഴ് സിക്‌സും 21 ഫോറും ചേര്‍ന്ന ഇന്നിങ്‌സായിരുന്നു ഇത്. 55 പന്തില്‍ 90 റണ്‍സായിരുന്നു സ്മിത്തിന്റെ സമര്‍പ്പണം.
പിന്നീടെത്തിയ മാര്‍ക്ക് ബൗച്ചറാണ് കളിയെ മാറ്റിവരച്ചത്. ബൗച്ചറുടെ ഫിഫ്റ്റി ഓസ്‌ട്രേലിയയുടെ 434 റണ്‍സ് എന്ന റെക്കോഡിനപ്പുറത്തേക്ക് ദക്ഷിണാഫ്രിക്കയെ വഴി നടത്തി. അങ്ങനെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ റെക്കോഡുകള്‍ മാറിമറിഞ്ഞു. ബ്രെറ്റ് ലീയുടെ അവസാന ഓവറിലെ അഞ്ചാം പന്ത് മിഡ് ഓണിനു മുകളിലൂടെ പറത്തിയാണ് ബൗച്ചര്‍ ആ ചരിത്ര നിമിഷത്തില്‍ പങ്കാളിയായത്. ക്രിക്കറ്റ് ചരിത്രത്തില്‍ അന്നുവരെ ഒരു ടീം നാനൂറിന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. അന്നത് രണ്ടുവട്ടം കണ്ടു. രണ്ടു ടീമുംകൂടി നേടിയത് 872 റണ്‍സ്. അതും റെക്കോഡാണ്. 2004-ല്‍ ഇന്ത്യയും പാകിസ്താനുംകൂടി നേടിയ 693 റണ്‍സാണ് അതിനു മുന്‍പത്തെ റെക്കോഡ്. 438 റണ്‍സെന്ന ദക്ഷിണാഫ്രിക്കയുടെ ആ റെക്കോഡ് പിന്നീട് പല ടീമുകളും മറികടന്നു. പക്ഷേ, പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോര്‍ ഇപ്പോഴും അതുതന്നെ.
Content Highlights: australia south africa record run chasing history 18 years
Published: 12 Mar 2024, 03:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented