ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം. ബ്രിസ്‌ബെയ്‌നിലെ പ്രശസ്തമായ ഗാബയില്‍ മഴ ചെറുതായി മാറിനില്‍ക്കുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് അതിവേഗം വിക്കറ്റുകള്‍ നഷ്ടമാകുന്ന കാഴ്ച. ഇന്ത്യന്‍ ആരാധകരുടെ മുഖത്ത് പുഞ്ചിരി. ഒടുവില്‍ ഏഴിന് 89 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഓസ്‌ട്രേലിയ, ഇന്ത്യയ്ക്കു മുന്നില്‍ 275 റണ്‍സെന്ന ലക്ഷ്യം വെയ്ക്കുന്നു. രണ്ട് സെഷന്‍ ബാക്കിനില്‍ക്കേ വിജയത്തിലേക്ക് വേണമെങ്കില്‍ ഒന്ന് ശ്രമിച്ചുനോക്കാവുന്ന അവസ്ഥ. എന്നാല്‍ ഇന്ത്യ നാലാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങി രണ്ട് ഓവര്‍ കഴിഞ്ഞതോടെ ഗാബയില്‍ വീണ്ടും മഴ പെയ്തിറങ്ങി. തകര്‍ത്തുപെയ്യുന്ന മഴയ്ക്കിടെ ക്യാമറകള്‍ ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ ഒരു കാഴ്ച ഒപ്പിയെടുക്കുന്നു. വിരാട് കോലിയും ആര്‍. അശ്വിനുമായിരുന്നു ഫ്രെയിമിൽ. എന്തോ സംസാരിച്ചശേഷം കോലി, അശ്വിനെ ചേര്‍ത്തുപിടിക്കുന്നു, തന്റെ അനുവാദമില്ലാതെ കണ്ണില്‍ നിന്ന് ചാടിപ്പോകുന്ന മഴത്തുള്ളികളെ പിടിച്ചുവെയ്ക്കാന്‍ അയാള്‍ പാടുപെടുന്നു. അപ്പോഴും ആരാധകര്‍ക്ക് സംശയം, വൈകാതെ ആ സ്ഥിരീകരണമെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ കളി അവസാനിപ്പിച്ചിരിക്കുന്നു. 14 വര്‍ഷക്കാലത്തോളം ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന്റെ കടിഞ്ഞാണേന്തിയ അശ്വിന്‍ ദേശീയ ടീം ജേഴ്‌സി എന്നന്നേക്കുമായി അഴിച്ചുവെക്കുന്നു.

To advertise here,

1990-കളില്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ പേരുകേട്ട സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു സുനില്‍ സുബ്രഹ്മണ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യം തമിഴ്നാടിനും പിന്നീട് അസമിനുമായി തകര്‍പ്പന്‍ കളി പുറത്തെടുത്ത സുനിലിന് പക്ഷേ ഇന്ത്യന്‍ ദേശീയ ടീമിന്റെ വാതില്‍ തുറക്കാനായിരുന്നില്ല. 2001-ല്‍ 34-ാം വയസില്‍ കളിമതിയാക്കി ക്രിക്കറ്റ് പരിശീലനത്തിലേക്കു തിരിഞ്ഞ അദ്ദേഹം ഇപ്പോള്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ പരിശീലകനാണ്. തനിക്ക് സാധിക്കാത്തത് തന്റെ ശിഷ്യന് സാധിക്കണമെന്ന സുനിലിന്റെ അടങ്ങാത്ത ആഗ്രഹവും വാശിയുമാണ് അശ്വിനെ ദേശീയ ടീമിലെത്തിക്കുന്നത്. പിച്ചില്‍ തലകൊണ്ടുകൂടി പന്തെറിയുന്ന താരം. ഒരുപക്ഷേ എം.എസ് ധോനിക്കുശേഷം കളിക്കളത്തിലെ ടീം ഇന്ത്യയുടെ മാസ്റ്റര്‍ മൈന്‍ഡ്.

placeholder
അശ്വിനും ധോനിയും | Photo: Getty Images

2022 ടി20 ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ മത്സരം ഓര്‍മയില്ലേ. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറില്‍ ദിനേഷ് കാര്‍ത്തിക്ക് പുറത്തായശേഷം ക്രീസിലെത്തി ആദ്യ പന്തു തന്നെ ഒഴിഞ്ഞുമാറി ഇന്ത്യയ്ക്ക് നിര്‍ണായകമായ ഒരു റണ്‍ നേടിത്തന്ന അശ്വിന്റെ ആ ട്രിക്ക്. ആ നീക്കം പാക് ടീമിനെ ഒന്നടങ്കം ഞെട്ടിച്ചുകളഞ്ഞു. അത്തരം ഒരു സാഹചര്യത്തില്‍ ബൗളര്‍ എന്ത് ചിന്തിക്കുമെന്ന് മുന്‍കൂട്ടി കണ്ടുള്ള തീരുമാനമായിരുന്നു ലെഗ് സ്റ്റമ്പില്‍ കുത്തിവന്ന ആ പന്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റം. കളിക്കളത്തില്‍ അശ്വിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും ഈ സമീപനമാണ്. ബാറ്റിങ് ക്രീസില്‍ നില്‍ക്കുന്നയാളിന്റെ മനസ് വായിച്ചെടുത്താണ് അശ്വിന്‍ തന്റെ ആവനാഴിയിലെ ഓരോ ആയുധവുമെടുത്ത് പ്രയോഗിക്കാറ്. സാധാരണ എറിയാറുള്ള ഓഫ് സ്പിന്നും ബാറ്റര്‍മാരെ കുഴക്കുന്ന കാരംബോളും ടോപ് സ്പിന്നും സ്ലൈഡറുമെല്ലാം ബാറ്റര്‍മാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കാറ്. ഇന്ന് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ അശ്വിനുണ്ടാകും.

ക്ലബ്ബ് ക്രിക്കറ്റില്‍ സജീവമായിരുന്നയാളായിരുന്നു അശ്വിന്റെ അച്ഛന്‍ രവിചന്ദ്രന്‍. ഫാസ്റ്റ് ബൗളറായിരുന്ന അച്ഛന്‍ തന്നെയാണ് അശ്വിന്റെ ക്രിക്കറ്റിലേക്കുള്ള വരവിനു പിന്നിലും. ഒമ്പതാം വയസില്‍ തന്നെ ക്രിക്കറ്റിലെത്തപ്പെട്ട അശ്വിന്‍, ചന്ദ്രശേഖര്‍ റാവു, സി.കെ വിജയ കുമാര്‍ എന്നിവര്‍ക്കു കീഴില്‍ പരിശീലനം തുടങ്ങി. തമിഴ്നാട്ടില്‍ വലിയ വേരുകളുള്ള ടെന്നീസ് ബോള്‍ ക്രിക്കറ്റിലേക്കാണ് അശ്വിന്‍ പില്‍ക്കാലത്ത് എത്തിപ്പെട്ടത്. 6.2 അടി ഉയരമുണ്ടായിരുന്ന അശ്വിന്‍ മീഡിയം പേസറായാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സുനില്‍ സുബ്രഹ്മണ്യത്തിന്റെ കീഴില്‍ പരിശീലനത്തിനെത്തിയതോടെ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാണ് താരം സ്പിന്‍ ബൗളിങ്ങിലേക്ക് തിരിയുന്നത്. ടെന്നീസ് ബോള്‍ ക്രിക്കറ്റിലടക്കം ടീമിന്റെ ഓപ്പണിങ് ബാറ്ററായിരുന്ന അശ്വിന്‍ പിന്നീട് ഇന്ത്യന്‍ അണ്ടര്‍ 17 ടീമില്‍ കളിച്ചപ്പോഴും ഓപ്പണിങ് ബാറ്ററായിരുന്നു.

placeholder
Photo: Getty Images

തമിഴ്നാടിനായി ആഭ്യന്തര ക്രിക്കറ്റിലും 2010 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനുമായി പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് അശ്വിനെ ഇന്ത്യന്‍ ടീമിലെത്തിക്കുന്നത്. 2010 ജൂണില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടന്ന ഏകദിന ലോകകപ്പിനുള്ള ടീമിലും അശ്വിന്‍ ഇടംപിടിച്ചു. ഹര്‍ഭജന്‍ സിങ്ങും പിയുഷ് ചൗളയും ടീമിലുണ്ടായിരുന്നതിനാല്‍ ലോകകപ്പില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്.

2011 നവംബറിലെ വെസ്റ്റിന്‍ഡീസ് പരമ്പരയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അശ്വിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. ഡല്‍ഹി ടെസ്റ്റായിരുന്നു അരങ്ങേറ്റ മത്സരം. സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്നും ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ച അശ്വിന്‍, രണ്ട് ഇന്നിങ്സിലുമായി ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തി, ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകുകയും ചെയ്തു. പിന്നീട് അശ്വിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2011 നവംബറില്‍ മുംബൈ വാങ്കെഡെയില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറിയും അഞ്ചു വിക്കറ്റും നേടി ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാകുകയും ചെയ്തു. 1962-ന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ താരം ഒരേ ടെസ്റ്റില്‍ സെഞ്ചുറിയും അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്നത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ അശ്വിന്‍ വിന്‍ഡീസ് പരമ്പരയിലെ പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരവും സ്വന്തമാക്കി. പിന്നീടങ്ങോട്ട് റെക്കോഡുകളുടെ പെരുമഴ തീര്‍ക്കുകയായിരുന്നു താരം. ഒമ്പതാം ടെസ്റ്റില്‍ തന്നെ 50 വിക്കറ്റുകള്‍ തികച്ച് ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറായി. 2012-ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു അത്. നാട്ടില്‍ ഇന്ത്യ അവസാനമായി തോറ്റ ടെസ്റ്റ് പരമ്പരയും അതായിരുന്നു. പിന്നീടിങ്ങോട്ടുള്ള 12 വര്‍ഷക്കാലം ഹോം ടെസ്റ്റുകളിലെ ഇന്ത്യന്‍ ആധിപത്യത്തിന് മൂക്കുകയറിടാന്‍ ഒരു സന്ദര്‍ശക ടീമിനും ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് 12 വര്‍ഷം കഴിഞ്ഞ് ന്യൂസിലന്‍ഡിനോട് ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടത്‌. അശ്വിന്‍ നാട്ടില്‍ കളിച്ച 59 ടെസ്റ്റ് മത്സരങ്ങളില്‍ 44-ലും ഇന്ത്യ വിജയിച്ചു. തോറ്റത് ആറെണ്ണത്തില്‍ മാത്രം.

placeholder
Photo: Getty Images

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി വേഗത്തില്‍ 100, 150, 200, 250, 300, 350, 400, 450, 500 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോഡ് അശ്വിന്റെ പേരിലാണ്. ഇതില്‍ തന്നെ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 250, 300, 350 വിക്കറ്റുകള്‍ തികച്ച താരവും അശ്വിനാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡുകളെന്ന റെക്കോഡ് (11) ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പം പങ്കുവെയ്ക്കുകയാണ് അശ്വിന്‍. നാട്ടില്‍ 300 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളര്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ചു വിക്കറ്റ് നേട്ടങ്ങളുള്ള (37) രണ്ടാമത്തെ താരം, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള രണ്ടാമത്തെ ഇന്ത്യക്കാരന്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഇടംകൈയന്‍ ബാറ്റര്‍മാരെ പുറത്താക്കിയ ബൗളര്‍, ടെസ്റ്റില്‍ 3000 റണ്‍സും 500 വിക്കറ്റുകളുമുള്ള ലോക ക്രിക്കറ്റിലെ തന്നെ മൂന്നുപേരില്‍ ഒരാള്‍ തുടങ്ങിയ നേട്ടങ്ങളെല്ലാമുള്ള അശ്വിന്‍ ഒടുവിലിതാ 39-ാം വയസില്‍ കളമൊഴിയുകയാണ്.

ഇതുവരെ കളിച്ച 106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്റെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യയുടെ രണ്ടാമത്തെ ബൗളര്‍. 37 തവണ അഞ്ചു വിക്കറ്റ് നേട്ടവും എട്ടു തവണ 10 വിക്കറ്റ് നേട്ടവും അടക്കമാണിത്. കുംബ്ലെയ്ക്കു പിന്നിലായി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഇന്ത്യയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെന്ന റെക്കോഡും അശ്വിന്റെ പേരില്‍ തന്നെ. 287 മത്സരങ്ങളില്‍ നിന്നായി 765 വിക്കറ്റുകള്‍. 100 ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ രണ്ടാം സ്ഥാനവും അശ്വിനാണ്. 100 ടെസ്റ്റില്‍ 584 വിക്കറ്റുകളുണ്ടായിരുന്ന ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനായിരുന്നു ഒന്നാമത്. 100 ടെസ്റ്റ് കളിച്ചപ്പോള്‍ അശ്വിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 507 വിക്കറ്റുകളായിരുന്നു. ഇതോടൊപ്പം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ബാറ്റര്‍മാരെ ബൗള്‍ഡാക്കിയും വിക്കറ്റിനു മുന്നില്‍ കുടുക്കിയും (എല്‍ബിഡബ്ല്യു) പുറത്താക്കിയ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്‍. ആകെ 226 പുറത്താക്കലുകള്‍. ഇത്തരത്തില്‍ 233 പുറത്താക്കലുകളുള്ള ജെയിംസ് ആന്‍ഡേഴ്സനാണ് ഒന്നാമത്.

placeholder
Photo: Getty Images

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 വിക്കറ്റുകള്‍ തികച്ച ആദ്യ ബൗളറെന്ന റെക്കോഡ് അശ്വിന്റെ പേരിലാണ്. 2022 മാര്‍ച്ചിലാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇപ്പോഴിതാ വിരമിക്കുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ബൗളറും അശ്വിന്‍ തന്നെ. ചാമ്പ്യന്‍ഷിപ്പിന്റെ മൂന്ന് പതിപ്പിലായി 195 വിക്കറ്റുകളാണ് താരം വീഴ്ത്തിയിട്ടുള്ളത്.

ടെസ്റ്റിനൊപ്പം തന്നെ നിശ്ചിത ഓവര്‍ മത്സരങ്ങളിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു അശ്വിന്‍. 116 ഏകദിനങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും 65 ടി20 മത്സരങ്ങളില്‍ നിന്നായി 72 വിക്കറ്റുകളും നേടിയ അദ്ദേഹം ബാറ്റുകൊണ്ട് നല്‍കിയ സംഭാവനകളും മറക്കാനാകില്ല. 106 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളുമടക്കം 3503 റണ്‍സ് താരത്തിന്റെ അക്കൗണ്ടിലുണ്ട്.  

placeholder
ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയ ശേഷം | Photo: Getty Images

ഉപഭൂഖണ്ഡത്തിലെ മാസ്റ്റര്‍ മൈന്‍ഡ്

നാട്ടില്‍ ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ സര്‍വാധിപത്യത്തിന്റെ പ്രധാന എന്‍ജിനുകളിലൊന്ന് അശ്വിനാണ്. ഹോം ഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് മാത്രമല്ല, ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ടെസ്റ്റ് ഗ്രൗണ്ടുകളിലെല്ലാം അശ്വിന്റെ ആധിപത്യം കാണാം. ലോക ക്രിക്കറ്റിലെ പ്രധാന ബൗളര്‍മാരെല്ലാം അവരുടെ നാട്ടില്‍ ചില പ്രത്യേക വേദികളില്‍ മികച്ച പ്രകടനം നടത്തുന്നവരാണെന്ന് കാണാം. മുത്തയ്യ മുരളീധരന് കൊളംബോ, കാന്‍ഡി, ഗാലെ വേദികളില്‍ ഓരോന്നിലും നൂറിലധികം ടെസ്റ്റ് വിക്കറ്റുകളുണ്ട്. ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും ലോര്‍ഡ്സില്‍ 100 വിക്കറ്റിലധികം വീഴ്ത്തിയിട്ടുണ്ട്. മറ്റൊരു ലങ്കന്‍ താരമായ രംഗണ ഹെറാത്തിന് ഗാലെയില്‍ 102 വിക്കറ്റുകളും കൊളംബോയില്‍ 84 വിക്കറ്റുകളുമുണ്ട്. ടെസ്റ്റില്‍ ഒരു ബൗളര്‍ ഒരു വേദിയില്‍ 50 വിക്കറ്റുകളിലധികം നേടിയ 68 അവസരങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ അനില്‍ കുംബ്ലെയ്ക്ക് ഡല്‍ഹിയില്‍ 58 വിക്കറ്റുകളും ചെന്നൈയില്‍ 48 വിക്കറ്റുകളുമുണ്ട്. ഹര്‍ഭജന്‍ സിങ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 46 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍, ടെസ്റ്റില്‍ ആകെ 537 വിക്കറ്റുകളും ഇന്ത്യയില്‍ മാത്രം 65 മത്സരങ്ങളില്‍ നിന്ന് 383 വിക്കറ്റുകളുമുള്ള അശ്വിന്, പക്ഷേ, ഒരുവേദിയില്‍ പോലും 38 വിക്കറ്റുകളില്‍ അധികമില്ല. അതില്‍ തന്നെ അദ്ദേഹം ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്തിട്ടുള്ളത് സ്പിന്‍ പറുദീസായ സ്വന്തം ഗ്രൗണ്ട് ചെപ്പോക്കിലല്ല മറിച്ച് മുംബൈയിലെ വാങ്കെഡെയിലാണ്.

placeholder
കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടെ | Photo: Getty Images

സ്പിന്നര്‍മാര്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് ഇന്ത്യ. 1933-ല്‍ 41-ാം വയസില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ റസ്ത്തോംജി ജംഷെദ്ജി മുതല്‍ സി.എസ് നായുഡു, സുഭാഷ ഗുപ്ത, ഇ. പ്രസന്ന, എസ്. വെങ്കട്ടരാഘവന്‍, ബിഷന്‍ സിങ് ബേദി, ബി. ചന്ദ്രശേഖര്‍, വിനു മങ്കാദ്, പ്രസന്ന തുടങ്ങി അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും പിയുഷ് ചൗളയും പ്രഗ്യാന്‍ ഓജയുമെല്ലാം നിറഞ്ഞുനിന്ന കാലത്തിനുശേഷമാണ് അശ്വിന്‍ ടീം ഇന്ത്യയുടെ സ്പിന്‍ ആക്രമണം ഏറ്റെടുക്കുന്നത്. വലംകൈയന്‍ ഓഫ് സ്പിന്നറായിരുന്ന അശ്വിനൊപ്പം ഇടംകൈയ്യനായ രവീന്ദ്ര ജഡേജയുമെത്തിയതോടെ ഇന്ത്യന്‍ സ്പിന്നിന് സുവര്‍ണകാലമായിരുന്നു. എന്നാല്‍,  അശ്വിന്‍ കളി മതിയാക്കിയിരിക്കുന്നു. ജഡേജയാണെങ്കില്‍ കരിയറിന്റെ അവസാന നാളുകളിലും. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുക എന്നതാകും ടീം ഇന്ത്യ ഇനി നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി.

അശ്വിനെ പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര എളുപ്പമാകാന്‍ സാധ്യതയില്ല. ആഭ്യന്തര സര്‍ക്യൂട്ടിലെ ക്വാളിറ്റി ഓഫ് സ്പിന്നര്‍മാരുടെ കുറവ് തന്നെയാണ് അതിന് കാരണം. അശ്വിന് പകരം ടീം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകേണ്ട താരത്തെ കണ്ടെത്താനുള്ള സമയം ഇന്ത്യന്‍ ടീമിന് അതിക്രമിച്ചു കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നറും തമിഴ്നാടിന്റെ പരിശീലകനുമായ എം. വെങ്കട്ടരമണ പറഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ക്രിക്കറ്റ് മത്സരങ്ങള്‍, പ്രത്യേകിച്ചും നിശ്ചിത ഓവര്‍ മത്സരങ്ങള്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നവര്‍ ഓഫ് സ്പിന്നര്‍മാരാണ്. ബാറ്റര്‍മാര്‍ക്ക് ഏറ്റവും എളുപ്പം കളിക്കാന്‍ സാധിക്കുന്നവരും ഓഫ് സ്പിന്നര്‍മാര്‍ തന്നെ. കൗ കോര്‍ണറിലേക്കുള്ള ബാറ്റര്‍മാരുടെ സ്വാഭാവികമായ ഷോട്ടുകളില്‍ ബലിയാടാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഓഫ് സ്പിന്നര്‍മാര്‍ തന്നെ.

placeholder
അശ്വിനും ഋഷഭ് പന്തും | Photo: Getty Images

അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും നിറഞ്ഞുനിന്ന കാലത്തു നിന്ന് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് നേതൃനിരയിലേക്ക് അശ്വിനെത്തിയത് കഠിനാധ്വാനവും ക്രിക്കറ്റിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സ്വയം പുതുക്കലുകള്‍ക്ക് വിധേയനായുമാണ്. 2017-ല്‍ കുല്‍ദീപ് യാദവ് - യുസ്വേന്ദ്ര ചെഹല്‍ സഖ്യം ഇന്ത്യന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്പിന്‍ ആക്രമണം ഏറ്റെടുത്തശേഷം അശ്വിന്‍ ടെസ്റ്റില്‍ മാത്രമായി ഒതുങ്ങിപ്പോയിരുന്നു. എങ്കിലും അപ്പോഴും ഐപിഎല്ലില്‍ അടക്കം മികച്ച ബൗളിങ് പുറത്തെടുത്ത് ഒടുവില്‍ 2021-ല്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് അശ്വിന്‍ തിരിച്ചുവന്നത് നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. നൈസര്‍ഗികമായ കഴിവും പരിശീലനവും കൊണ്ടു മാത്രം ഇന്നത്തെ മോഡേണ്‍ ഡേ ക്രിക്കറ്റില്‍ ഒരു കളിക്കാരന് തിളങ്ങാന്‍ സാധിക്കണമെന്നില്ല. അതിനൊപ്പം കളിയിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് സ്വയം മാറാനും പുതുക്കാനുമുള്ള മനസുകൂടി ആവശ്യമാണ്. അശ്വിന്‍ വ്യത്യസ്തനാകുന്നതും അതു കാരണം തന്നെ.

വിരമിക്കല്‍ തീരുമാനത്തിനു പിന്നില്‍ കാല്‍മുട്ടിലെ പരിക്ക്

അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെ പൂര്‍ണമായും അപ്രതീക്ഷിതമെന്ന് പറയാന്‍ സാധിക്കില്ല. താരം ഇക്കാര്യം ഏറെ നാളായി ആലോചിക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയ്ക്കിടെയാണ് അശ്വിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആദ്യം ഉയര്‍ന്നുവരുന്നത്. ഏറെക്കാലമായി അലട്ടുന്ന കാല്‍മുട്ടിലെ പരിക്കാണ് പരമ്പരയ്ക്കിടെ പെട്ടെന്ന് താരത്തിന്റെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വേണം കരുതാന്‍. ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ അശ്വിന്‍ കയറുന്നതിന് മുമ്പ് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി താരം കുടുംബത്തെ അറിയിച്ചിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ച അശ്വിന്‍ താന്‍ ഇക്കാര്യം തീരുമാനിച്ചതായി അറിയിക്കുകയായിരുന്നു. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിനു മുമ്പുതന്നെ വിരമിക്കലിനെ കുറിച്ച് അശ്വിന്‍ ദീര്‍ഘനേരം താനുമായി സംസാരിച്ചിരുന്നുവെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയിരുന്നു. ഗാബ ടെസ്റ്റിനിടെ ഇന്ത്യന്‍ ടീമിലെ ഓരോ അംഗത്തെയും തന്റെ തീരുമാനം അശ്വിന്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച അദ്ദേഹം നാട്ടിലേക്ക് മടങ്ങും. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ഇനിയും കളിക്കാന്‍ സാധ്യതയുണ്ടെന്നും അശ്വിന്‍ പറഞ്ഞിട്ടുണ്ട്. തമിഴ്‌നാടിനായി രഞ്ജി ട്രോഫി നേടുകയെന്നത് തന്റെ സ്വപ്‌നമാണെന്ന് താരം മുമ്പ് പറഞ്ഞിട്ടുണ്ട്. അതിനാല്‍ തിരിച്ചെത്തിയ ശേഷം ടീമിനൊപ്പം ചേരാനും സാധ്യതയുണ്ട്. അല്ലെങ്കില്‍ ഇത്തവണ തന്റെ പഴയ തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയില്‍ നമുക്ക് അശ്വിനെ കാണാം.

കുംബ്ലെയും ഭാജിയും അരങ്ങുവാണകാലത്ത് ടീമിലൊഴിവില്ലാതിരുന്നതാണ് അശ്വിന്റെ അരങ്ങേറ്റം വൈകിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ വിക്കറ്റ് വേട്ട തുടര്‍ന്നിട്ടും 24 ാമത്തെ വയസ്സ് വരെ അരങ്ങേറ്റത്തിന് കാത്തുനില്‍ക്കേണ്ടി വന്നു. അതൊരുപക്ഷേ അഞ്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ റെക്കോഡ് ബുക്കില്‍ അശ്വിന്‍ ഇനിയും ഉയരങ്ങളിലെത്തിയേനെ. അശ്വിന്‍ കളിമതിയാക്കുമ്പോള്‍ വിശ്വസ്തനായി ആ റേഞ്ചിലൊരു സ്പിന്നര്‍ കാത്തുനില്‍ക്കുന്നില്ല ടീമിലേക്ക് എന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി.