
'മൂല പെനാല്‍ട്ടി' എന്നൊരു പ്രയോഗമുണ്ട് നാട്ടില്‍. സെവന്‍സ് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ നിന്നെടുക്കുന്ന കോര്‍ണറുകള്‍ക്ക് നാട്ടുകാര്‍ നല്‍കിയതാണ് 'മൂല പെനാല്‍ട്ടി' എന്ന വിളിപ്പേര്. മലപ്പുറത്തിന്റെ 'മൂല പെനാല്‍ട്ടി'യെ പറ്റി അറിയില്ലെങ്കിലും കോര്‍ണര്‍ കിക്കുകളെ പെനാല്‍ട്ടിക്ക് തുല്യമായി കാണുന്ന ടീമുണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍. മികേല്‍ അര്‍ട്ടേറ്റയുടെ ആഴ്സനല്‍. ഈ സീസണില്‍ കോര്‍ണറടക്കമുള്ള സെറ്റ്പീസുകളാണ് പീരങ്കിപ്പടയുടെ കുതിപ്പിന് ഇന്ധനം പകരുന്നത്. സെറ്റ്പീസുകളില്‍ നിന്ന് ഈ സീസണില്‍ നിന്ന് മാത്രം നേടിയത് ഒമ്പത് ഗോളുകള്‍. 2023-24 സീസണ്‍ മുതല്‍ 23 തവണ കോര്‍ണറില്‍നിന്ന മാത്രം ലണ്ടന്‍ ക്ലബ്ബ് സ്‌കോര്‍ ചെയ്തു. കോര്‍ണറുകളില്‍ നിന്ന് ഇത്രയും ഗോളുകള്‍ നേടിയത് ഏതെങ്കിലുമൊരു ഭാഗ്യത്തിന്റെ പുറത്തല്ല. അര്‍ട്ടേറ്റ എന്ന സ്പാനിഷ് പരിശീലകന്റെയും സപ്പോര്‍ട്ടിങ് സറ്റാഫിന്റെയും കഠിനപ്രയത്നം അതിനു പിന്നിലുണ്ട്.
യോവറിന്റെ വരവ്
ടെക്നോളജിയുടെ വരവോടെ ഫുട്ബോളിലും കാര്യമായ മാറ്റംവന്നു. വീഡിയോ അനലിസ്റ്റുകളും മറ്റും ടീമിന്റെ പ്രധാനഭാഗമായി. കൂടുതല്‍ സഹപരിശീലകരും വന്നു. ഓരോ മേഖലയിലും ഫോക്കസ് ചെയ്യുന്ന പരിശീലകരെത്തി. ആഴ്സനലിന്റെ ഈ മാറ്റത്തിന് പിന്നിലെ രഹസ്യവും അങ്ങനെയൊരു സഹപരിശീലകന്റെ വരവാണ്. നിക്കോളസ് യോവര്‍. സെറ്റ്പീസ് പരിശീലകന്‍. 43-കാരനായ യോവറാണ് ടീമിന്റെ ഓരോ സെറ്റ്പീസും ഡിസൈന്‍ ചെയ്യുന്നത്. എങ്ങനെ കിക്കെടുക്കണം, അതിനായി താരങ്ങള്‍ എവിടെ കാത്തുനില്‍ക്കണം, പന്തിനായി ആര് ശ്രമിക്കണം... എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം യോവര്‍ തീരുമാനിക്കും. ഒപ്പം എതിരാളിയുടെ സെറ്റ്പീസുകളെ തന്ത്രപരമായി നേരിടാനും അദ്ദേഹം പഠിപ്പിക്കും.
ജര്‍മനിയില്‍ ജനിച്ച യോവറിന്റെ ജീവിതം ഫ്രാന്‍സിലായിരുന്നു. പ്രൊഫഷനല്‍ താരമൊന്നുമായിരുന്നില്ല യോവര്‍. കാനഡയിലെ ഷെര്‍ബ്രൂക് സര്‍വകലാശയില്‍ നിന്ന് സ്പോര്‍ട്സില്‍ ബിരുദമെടുത്തു. അതിനുശേഷേ ഷെര്‍ബ്രൂകിലെ ഒരു പ്രാദേശിക ക്ലബ്ബിന്റെ ടെക്നിക്കല്‍ ഡയറക്ടറായി. 2009-ല്‍ മോണ്ടിപില്ലറിന്റെ വീഡിയോ അസിസ്റ്റായി. അതിനുശേഷമാണ് സെറ്റ്പീസ് കോച്ചിങ്ങിലേക്ക് യോവര്‍ തിരിയുന്നത്. ആദ്യം ഇംഗ്ലീഷ് ക്ലബ്ബ് ബ്രെന്റ്ഫോഡിലേക്ക്. അവിടെ തിളങ്ങുമ്പോഴാണ് അര്‍ട്ടേറ്റയുടെ ശ്രദ്ധ യോവറിലേക്ക് എത്തുന്നത്. അന്ന് അര്‍ട്ടേറ്റ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സഹപരിശീലകനാണ്. മുഖ്യപരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി സംസാരിച്ച് അര്‍ട്ടേറ്റ യോവറിനെ സിറ്റിയിലെത്തിച്ചു. എന്നാല്‍, അര്‍ട്ടേറ്റയ്ക്കും യോവറിനും അധികകാലം സിറ്റിയില്‍ ഒപ്പം പ്രവര്‍ത്തിക്കാനായില്ല. അര്‍ട്ടേറ്റ തന്റെ പഴയ ക്ലബ്ബായ ആഴ്സനലിന്റെ പരിശീലക കുപ്പായമണിഞ്ഞു. അപ്പോഴും അവര്‍ തമ്മിലുള്ള നല്ല ബന്ധം തുടര്‍ന്നു. 2021-ല്‍ യോവറിന്റെ സിറ്റിയുമായുളള കരാര്‍ അവസാനിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ യോവര്‍ ആഴ്സനലില്‍ എത്തുകയും ചെയ്തു.

കോര്‍ണര്‍ രീതി
എല്ലാ സെറ്റ്പീസുകളില്‍നിന്നും ആഴ്സനല്‍ ഗോള്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍, അതില്‍ എതിരാളികള്‍ക്ക് ഏറ്റവും ഭീഷണിയാവുന്നത് കോര്‍ണറുകളാണ്. ഏറെക്കുറെ ഒരേ രീതിയാണ് കോര്‍ണറുകള്‍ക്ക് ആഴ്സനല്‍ നടപ്പിലാക്കുന്നത്. എന്നിട്ടും, എതിരാളികള്‍ക്ക് ആഴ്സനലിനെ പിടിച്ചുകെട്ടാനാവുന്നില്ല. ആഴ്സനല്‍ കോര്‍ണര്‍ സ്വന്തമാക്കിയാല്‍ അര്‍ട്ടേറ്റ ബെഞ്ചിലേക്ക് നീങ്ങും. പകരം ടെക്നിക്കല്‍ ഏരിയയില്‍ യോവര്‍ വരും. ശേഷം നിര്‍ദേശങ്ങള്‍ നല്‍കും. ഒമ്പത് പേരടങ്ങുന്ന സംഘത്തെയാണ് യോവര്‍ ഓരോ കിക്കിനും എതിരാളിയുടെ ബോക്സിലേക്ക് അയക്കുക. അതില്‍ കിക്കെടുക്കാന്‍ ഒരാള്‍. വലത്തേ കോര്‍ണറില്‍ നിന്ന് ബുക്കായോ സാക്ക, ഇടത്തേ മൂലയില്‍ ഡെക്ലാന്‍ റൈസ്. ഇതില്‍ ഒരാള്‍ കിക്കെടുക്കാന്‍ പോയാല്‍ ബാക്കിയുള്ളത് എട്ട് താരങ്ങള്‍. അവരില്‍ ആറ് പേര്‍ ബാക്ക്‌പോസ്റ്റില്‍ നില്‍ക്കും. ബാക്കി രണ്ടുപേര്‍ പെനാല്‍ട്ടി ബോക്സിന്റെ തുടക്കത്തിലുമുണ്ടാവും.
കോര്‍ണര്‍ കിക്കുകള്‍ എപ്പോഴും ഗോള്‍ ഏരിയ ലക്ഷ്യമിട്ടുള്ള ഇന്‍സ്വിങ്ങറുകളായിരിക്കും. സീസണില്‍ ആഴ്സനല്‍ എടുത്ത കോര്‍ണറുകളില്‍ 96 ശതമാനവും ഇന്‍സ്വിങ്ങറുകളായിരുന്നു. ഔട്ട്സ്വിങ്ങറായി വന്നത് വെറും നാല് ശതമാനം മാത്രം. ഷോര്‍ട്ട് കോര്‍ണറെടുക്കുന്നതും അപൂര്‍വം.

തുടക്കത്തില്‍ കോര്‍ണര്‍ എടുക്കുന്ന ആള്‍ കൈ ഉയര്‍ത്തി സിഗ്‌നല്‍ നല്‍കും. ഇതോടെ പിന്നിലുള്ള താരങ്ങളില്‍ അഞ്ചുപേര്‍ സിക്സ് യാര്‍ഡ് ബോക്സിലേക്ക് പ്രവേശിക്കും. ഒരാള്‍ മാത്രം ബാക്ക്പോസ്റ്റില്‍ തുടരും. ഗോള്‍കീപ്പറെയും പ്രതിരോധതാരങ്ങളെയും ബ്ലോക്ക് ചെയ്ത് സ്പേസ് ഉണ്ടാക്കുക എന്നതാണ് മിക്കപ്പോഴും മുന്നോട്ട് വരുന്ന താരങ്ങളുടെ ദൗത്യം. ഈ ബ്ലോക്കിങ് കാരണം പലപ്പോഴും ഉയര്‍ന്ന് ചാടാന്‍ പോലും പ്രതിരോധ താരങ്ങള്‍ക്ക് സാധിക്കില്ല. മാത്രമല്ല, പന്തിന്റെ ലക്ഷ്യസ്ഥാനവും മനസ്സിലാക്കാന്‍ കഴിയില്ല. ഈയവസരത്തില്‍ ബാക്ക് പോസ്റ്റില്‍ നിന്ന താരം പന്ത് ലക്ഷ്യമാക്കി കുതിക്കും. ഇതാണ് ആഴ്സനല്‍ നടപ്പിലാക്കുന്ന രീതി.
ഗബ്രിയേല്‍ മാലാഖ
ആഴ്സനലിന്റെ പ്രതിരോധത്തിലെ കരുത്തനാണ് ബ്രസീലില്‍ നിന്നുള്ള ഗബ്രിയേല്‍ മഗലേസ്. ടീമിലെ ഉയരക്കാരില്‍ ഒരാള്‍. കോര്‍ണര്‍ കിക്കില്‍ എന്ത് വേണമെങ്കിലും ചെയ്യാന്‍ ലൈസന്‍സുള്ള ആള്‍. ബാക്ക് പോസ്റ്റില്‍ ബാക്കിയാവുന്ന ഏകതാരം മിക്കവാറും ഗബ്രിയേലാവും. പന്തിന്റെ വരവനുസരിച്ച് ഗബ്രിയേല്‍ തന്റെ നീക്കങ്ങള്‍ക്ക് വേഗം കൂട്ടും. മികച്ച ശാരീരികക്ഷമത കൊണ്ടുതന്നെ എതിരാളികള്‍ക്കും ഗബ്രിയേലിനെ പിടിച്ചുകെട്ടല്‍ എളുപ്പമല്ല. സിക്സ് യാര്‍ഡിലേക്ക് വരുന്ന പന്തില്‍ എങ്ങനെയെങ്കിലും ഗബ്രിയേല്‍ തലവെക്കും. സീസണില്‍ കോര്‍ണര്‍ കിക്കുകളില്‍ പതിനൊന്നു തവണ ആദ്യം ടച്ച് ചെയ്യാന്‍ ഗബ്രിയേലിന് കഴിഞ്ഞു. ഇതില്‍ മൂന്നെണ്ണം ഗോളുമായി. 2020-ല്‍ ആഴ്സനലിനായി അരങ്ങേറിയ ശേഷം 17 തവണ ഗബ്രിയേല്‍ സ്‌കോര്‍ ചെയ്തു. പ്രീമിയര്‍ ലീഗില്‍ അക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം.

വിമര്‍ശനങ്ങള്‍
ആഴ്സനലിന്റെ സെറ്റ്പീസുകളാണ് പ്രീമിയര്‍ ലീഗിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സെറ്റ്പീസുകളെ എങ്ങനെ നേരിടാമെന്ന്് അഭിപ്രായങ്ങള്‍ ചില മുന്‍താരങ്ങള്‍ വരെ പങ്കുവെച്ചു. കോര്‍ണര്‍ ബ്ലോക്ക് ചെയ്യാന്‍ ഒരാളെ വെച്ച് കിക്കെടുക്കുന്ന ആളുടെ കാഴ്ച നഷ്ടപ്പെടുത്തുക എന്നതാണ് ചെല്‍സി മുന്‍താരം ദിദിയര്‍ ദ്രോഗ്ബ നല്‍കിയ ഉപദേശം. സെറ്റ്പീസിനെ കൂടുതല്‍ ആശ്രയിക്കുന്നത് കളിയെ കൊല്ലുന്നുവെന്നാണ് ചില ഫുട്ബോള്‍ പണ്ഡിതന്‍മാരുടെ വിമര്‍ശനം.
എന്തിലെങ്കിലും ഒന്നില്‍ കൂടുതല്‍ നന്നായാല്‍ ആളുകള്‍ അപ്പോള്‍ വിമര്‍ശിക്കാന്‍ തുടങ്ങും എന്നായിരുന്നു ഇതിനോട് ആഴ്സനല്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് പ്രതികരിച്ചത്.
Content Highlights: Arsenal`s Corner Kick Magic: Yovar`s Set-Piece Strategy
Published: 11 Dec 2024, 06:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented