രഞ്ഞുതളര്‍ന്ന് കളി നിര്‍ത്തുന്നതിനെക്കുറിച്ചോര്‍ത്ത് വീട്ടിലെത്തിയ എയ്ഞ്ചലിനോട് രാത്രി കരിപിടിച്ച വീട്ടിലെ അരണ്ട വെളിച്ചത്തില്‍ അരികിലിരുന്ന് അച്ഛന്‍ മിഗ്വെല്‍ ഡി മരിയ പറഞ്ഞു: 'എയ്ഞ്ചല്‍, നിന്റെ മുന്നില്‍ മൂന്ന് വഴികളുണ്ട്. ഒന്നുകില്‍ എന്റെ കൂടെ കരിയുണ്ടാക്കാന്‍ വരിക. അല്ലെങ്കില്‍ കളി ഉപേക്ഷിച്ച് പഠിത്തം തുടരുക. രണ്ടുമല്ലെങ്കില്‍ ഒരു വര്‍ഷം കൂടി ഫുട്ബോള്‍ പരീക്ഷിച്ചുനോക്കാം. അത് നടന്നില്ലെങ്കില്‍ നീ എന്റെ കൂടെ പണിക്ക് വരണം.' ഒഴിഞ്ഞ പാത്രങ്ങള്‍ നിരത്തിയ തീന്‍മേശയ്ക്കപ്പുറത്ത് ഏയ്ഞ്ചല്‍ എന്തു പറയണമെന്നറിയാതെ നിസ്സഹായനായി അച്ഛന്റെ കണ്ണില്‍ തന്നെ നോക്കിയിരുന്നു. വീട്ടിലെ പട്ടിണി അവന് അറിയാത്തതല്ല, കരിപ്പണി പുതിയ കാര്യവുമല്ല. വീട്ടില്‍ അടുപ്പ് പുകയാതായ കാലത്തൊക്കെ സഹോദരിക്കൊപ്പം അച്ഛന് കൂട്ടുപോയിട്ടുണ്ട്. വിറക് കത്തിച്ച് കരിയാക്കി, പൊരിവെയിലില്‍ അത് പെറുക്കിയെടുത്ത് ചാക്കിലാക്കി ലോറികളില്‍ വലിച്ചുകയറ്റിയിട്ടുണ്ട്. എന്നിട്ടും വിശപ്പും ദുരിതവുമായിരുന്നു വീട്ടില്‍ മിച്ചം. ഒരു മിഠായിക്ക് പോലും ഏതെങ്കിലും കരിവണ്ടിക്ക് കാത്തിരിക്കേണ്ടിവന്ന കാലം. നുള്ളിപ്പെറുക്കിയാണ് അന്ന് അവനൊരു ബൂട്ട് സ്വന്തമാക്കിയത്. അടിമുടി കരിപുരണ്ട വീട്ടില്‍, പൊട്ടിയ ബൂട്ട് അമ്മ പിന്നെയും പിന്നെയും പശ തേച്ചൊട്ടിക്കുന്നത് കണ്ണീരടക്കി കണ്ടുനിന്നിട്ടുണ്ട്. അവന്‍ പിന്നെയും ഉത്തരമില്ലാതെ ദയനീയമായി അച്ഛന്റെ കണ്ണിലേയ്ക്ക് തന്നെ നോക്കിയിരുന്നു. ഒടുവില്‍ അമ്മ തന്നെ മൗനം ഭഞ്ജിച്ചു. 'അവന്‍ പോയി ഒരു കൊല്ലം കൂടി ഫുട്ബോള്‍ കളിച്ചുനോക്കട്ടെ.'

To advertise here,

അതായിരുന്നു വഴിത്തിരിവ്. ഒരു കൊല്ലമല്ല, രണ്ടു പതിറ്റാണ്ട് കഴിഞ്ഞാണ് പിന്നെയവന്‍ ആ കളിക്കളത്തില്‍ നിന്നു തിരിച്ചുകയറിയത്. അപ്പൊഴേയ്ക്കും നൂഡില്‍സ് പോലെ മെലിഞ്ഞുനീണ്ടവന്‍ എന്ന അര്‍ഥത്തിലുള്ള ഫിഡിയോ വിളി മാറി അവന്‍ ഫുട്‌ബോള്‍ ഉണ്ടുറങ്ങി ജീവിച്ച നാടിന്റെ കാവല്‍മാലാഖയായി മാറിക്കഴിഞ്ഞിരുന്നു. അവന്റെ പെരുമ റൊസാരിയോയും കടന്ന് ലോകത്തിന്റെ നെറുകയിലെത്തിക്കഴിഞ്ഞിരുന്നു. ഇക്കാലം കൊണ്ടവന്‍ കീഴടക്കാത്ത ലോകങ്ങളില്ല. മുത്തമിടാത്ത കിരീടങ്ങളില്ല. ലോകകപ്പോ ഒളിമ്പിക്സോ കോപ്പയോ ഏതുമാവട്ടെ, കലാശപ്പോരില്‍ അവന്റെ സാന്നിധ്യമുള്ളപ്പോഴെല്ലാം അര്‍ജന്റീന കിരീടമധുരം നുണഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അര്‍ജന്റീന നേടിയ അഞ്ച് കിരീടങ്ങളിലും ലയണല്‍ മെസ്സിയുടെ വലംകൈയായി നിന്ന ഡി മരിയയുടെ സാന്നിധ്യമുണ്ടായിരുന്നു. നാലിലും ആ കാലുകളില്‍ നിന്നു പിറന്ന ഗോളുകള്‍ക്ക് പങ്കുണ്ടായിരുന്നു. 2022 ഖത്തര്‍ ലോകകപ്പ്, 2022ല്‍ യൂറോപ്പും ലാറ്റിനമേരിക്കയും ഏറ്റുമുട്ടുന്ന ഫൈനലിസ്സിമ. 2008ല്‍ ഒളിമ്പിക്‌സ് സ്വര്‍ണം, 2021ല്‍ കോപ്പ അമേരിക്ക. വല കുലുക്കാനായില്ലെങ്കിലും നൂറ്റിപതിനാറാം മിനിറ്റ് വരെ കളിച്ച 2024 കോപ്പ. കൊളംബിയയ്‌ക്കെതിരായ ഫ്‌ളോറിഡയിലെ ഫൈനലിന്റെ നൂറ്റിപതിനാറാം മിനിറ്റില്‍ ഒട്ടാമന്‍ഡിക്ക് പകരം കളത്തില്‍ നിന്നു കയറുമ്പൊഴേയ്ക്കും ലൗട്ടേറ മാര്‍ട്ടിനസിന്റെ ഗോളില്‍ അര്‍ജന്റീന കിരീടം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അവന്‍ കരഞ്ഞ് പുറത്തിരുന്നപ്പോഴെല്ലാം അവര്‍ ദുരന്തം രുചിച്ച് തല കുമ്പിട്ടുമടങ്ങുകയും ചെയ്തു. 2018ലെ ലോകകപ്പ് ഫൈനല്‍ പോലെ. 

placeholder
ഡി മരിയയെ ലയണൽ മെസ്സി കോപ്പ ഫൈനലിനിടെ ഡഗ് ഔട്ടിൽ ആശ്ലേഷിക്കുന്നു. Photo: Getty Images

മെസ്സിയെന്ന മിശിഹയെ പോലെ തന്നെ അര്‍ജന്റീന ആരാധിക്കേണ്ട, കൊണ്ടാടേണ്ട ഇതിഹാസമാണ് കരിപിടിച്ച, തകരഷീറ്റിട്ട ഒറ്റമുറി വീട്ടില്‍ നിന്നു വളര്‍ന്ന എയ്ഞ്ചല്‍ ഡി മരിയയെന്ന ഈ മാലാഖയെന്ന് ഈ നേട്ടങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പതിനാറ് കൊല്ലത്തിനുശേഷം, ഡീഗോ മാറഡോണയുടെയും ലയണല്‍ മെസ്സിയുടെയും മരിയോ കെംപസിന്റെയുമെല്ലാം അതേ തലപ്പൊക്കത്തില്‍ അവന്‍ അര്‍ജന്റീനയുടെ നീല വരയന്‍ കുപ്പായമഴിച്ച് മടങ്ങുമ്പോള്‍ ശൂന്യമാവുന്നത് തീക്കാറ്റ് പാഞ്ഞ വലതുപാര്‍ശ്വം മാത്രമല്ല, ആരാധകരുടെ ഇടനെഞ്ചില്‍ പകരംവയ്ക്കാന്‍ ആളില്ലാത്തൊരു ഇടം കൂടിയാണ്.

കളിച്ചുതുടങ്ങുന്ന കാലത്ത് മാത്രമല്ല, നിറഞ്ഞുകളിക്കുന്ന കാലത്തും ഇതുപോലെ നെഞ്ചുപൊട്ടി കരഞ്ഞൊരു ദിവസമുണ്ടായിരുന്നു ഡി മരിയക്ക്. മരിയോ ഗോട്സെ എന്ന ജര്‍മന്‍കാരന്‍ വെടിപായിച്ച് സ്വപ്നം തകര്‍ത്ത 2014 ലോകകപ്പ് ഫൈനലിന്റെ തലേദിവസം. ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടറിലെ പരിക്ക് വേദനസംഹാരികളില്‍ ശമിക്കാതായപ്പോള്‍ ഇഞ്ചെക്ഷനില്‍ അഭയം തേടാനിരിക്കുകയായിരുന്നു ഡി മരിയ. എന്ത് വേദന സഹിച്ചായാലും ഫൈനല്‍ കളിക്കുമെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് ടീം ഡോക്ടര്‍ ഡാനില്‍ മാര്‍ട്ടിനെസ് ഒരു കൊടുങ്കാറ്റ് കണക്ക് കത്തുമായി വരുന്നത്. റയല്‍ മാഡ്രിഡില്‍ നിന്നായിരുന്നു അസമയത്തുള്ള ആ കത്ത്. 'പരിക്ക് ഭേദമായിട്ടില്ല. അതുകൊണ്ട് ഡി മരിയയെ ഫൈനലില്‍ കളിപ്പിക്കരുത്' അതായിരുന്നു കത്തിലെ മുനവെച്ച ആവശ്യം. ലോകകപ്പിനുശേഷം ഡി മരിയയെ വിറ്റ് കൊളംബിയന്‍ യൂത്ത് ഐക്കണ്‍ ഹാമിഷ് റോഡ്രിഗസിനെ ടീമിലേയ്ക്ക് കൊണ്ടുവരാനുള്ള ആലോചന നടത്തുന്ന കാലമായിരുന്നു. ഫൈനല്‍ കളിച്ച് പരിക്ക് അധികരിച്ചാല്‍ മാറ്റക്കച്ചവടം പൊളിയും. അതാണ് കത്തിന്റെ ഉള്ളുകള്ളി. കത്ത് വാങ്ങി നാലായി കീറിയെറിഞ്ഞ് ഡി മരിയ നേരെ കോച്ച് സെബല്ലയുടെ അടുത്തേയ്ക്ക് പാഞ്ഞു. 'കരിയര്‍ അറ്റുപോയാലും എനിക്ക് ഫൈനല്‍ കളിക്കണം. എനിക്ക് ടീമിന് ലോകകപ്പ് നേടിക്കൊടുക്കണം. തകര്‍ന്നുവീഴുംവരെ എനിക്ക് കളിക്കണം.' പറഞ്ഞുകഴിഞ്ഞതും പൊട്ടിക്കരഞ്ഞുപോയി ഡി മരിയ. ഒരുപക്ഷേ, ഒരു ലാറ്റിനമേരിക്കക്കാരന് മാത്രം മനസിലാവുന്ന നിമിഷം. കളിക്ക് മുന്‍പേ ഒരു വേദനസംഹാരി കുത്തിവെച്ചു. പക്ഷേ, പിറ്റേന്ന് ജര്‍മനിക്കെതിരായ കലാശപ്പോരില്‍ ഡി മരിയക്ക് പകരമിറങ്ങിയത് എന്‍സോ പെരസ്. രണ്ടാം പകുതിയിലെങ്കിലും ഒരു സബ്സ്റ്റിറ്റിയൂഷന്‍ പ്രതീക്ഷിച്ച് ഹാഫ് ടൈമിലുമെടുത്തു മറ്റൊരു ഇഞ്ചക്ഷന്‍. പക്ഷേ, സബ്സ്റ്റിറ്റിയൂഷന്‍ മാത്രം നടന്നില്ല. നൂറ്റിപതിമൂന്നാം മിനിറ്റില്‍ ഗോട്സെ വിധിയെഴുതിയ ആ വെടിപൊട്ടിച്ചു. മെസ്സിയും കൂട്ടരും മാരക്കാനയില്‍ നിന്ന് കരഞ്ഞുമടങ്ങി. ഡി മരിയയുടെ അഭാവം പിറ്റേന്ന് മാധ്യമങ്ങള്‍ ആഘോഷമാക്കി. ഡി മരിയയെ കുത്തിനോവിച്ചു. പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ കേട്ട് ഡി മരിയ മുറിയില്‍ തനിച്ചിരുന്ന് കരഞ്ഞു. ആ കണ്ണീര്‍ ഉണങ്ങിയത് പിന്നെയും എട്ട് കൊല്ലം കഴിഞ്ഞാണ്. ലുസൈല്‍ സ്റ്റേഡിയത്തില്‍ മുപ്പത്തിയാറാം മിനിറ്റില്‍ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ വലയിലാക്കിയപ്പോള്‍. അര്‍ജന്റീന ഒരിക്കല്‍ക്കൂടി ലോകകിരീടം സ്വന്തമാക്കി മടങ്ങിയപ്പോള്‍.

 

റയല്‍ മാഡ്രിഡിനുവേണ്ടി ലാലീഗയിലെ ആദ്യ ഗോള്‍ നേടിയപ്പോള്‍ വിധിയുടെ യാദൃച്ഛികത കണ്ട് പകച്ചുപോയിട്ടുണ്ട് ഡി മരിയ. അന്ന് മനസ് പാഞ്ഞത് ആദ്യ വിമാനയാത്രയിലേയ്ക്കാണ്. റൊസാരിയോ സെന്‍ട്രലിനുവേണ്ടി കളിക്കുന്ന കാലം. കോപ്പ ലിബര്‍ട്ടഡോസില്‍ നാസണലിനെതിരേയായിരുന്നു മത്സരം. കൊളംബിയയായിരുന്നു വേദി. വിമാനത്തില്‍ വേണം യാത്ര ചെയ്യാന്‍. റൊസാരിയോയിലാവട്ടെ ചരക്കു വിമാനങ്ങള്‍ മാത്രം വന്നുപോവുന്ന ഒരു കുഞ്ഞു വിമാനത്താവളവും. അങ്ങനെ കിടക്കകളുമായി പറന്ന ഒരു വലിയ ചരക്കു വിമാനത്തില്‍ കളിക്കാരെ മുഴുവന്‍ കുത്തിനിറച്ചായിരുന്നു ആദ്യ വിമാനയാത്ര. വിമാനത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം കേള്‍ക്കാതിരിക്കാന്‍ വലിയ ഹെഡ്ഫോണായിരുന്നു അഭയം. വിമാനം പൊങ്ങുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ കിടക്കകളോടൊപ്പം എല്ലാവരും പിന്നോട്ടും മുന്നോട്ടും നിരങ്ങിക്കൊണ്ടിരുന്നു. അബദ്ധത്തില്‍ ഉള്ളിലെ സ്വിച്ചെങ്ങാന്‍ ഞെക്കിപ്പോയാല്‍ എല്ലാവരും ഒന്നിച്ച് പുറത്തേയ്ക്ക്.  ജീവന്‍ കൈയില്‍ പിടിച്ചുകൊണ്ടായിരുന്നു യാത്ര. ആ വിമാനത്തിന്റെ പേര് ഹെര്‍ക്യുലിസ്. റയലിനുവേണ്ടി ലാലീഗയിലെ ആദ്യ ഗോള്‍ നേടിയതാവട്ടെ ഹെര്‍ക്യുലിസ് എഫ്.സിക്കെതിരേയും. റൊസാരിയോയിലെ കരിപിടിച്ച, ടിന്‍ ഷീറ്റിട്ട ഒറ്റമുറി വീട്ടിലെ ദാരിദ്ര്യത്തിനിന്നും എട്ട് കോടി യൂറോയുടെ പ്രൈസ് ടാഗുമായുള്ള മാഡ്രിഡിലേയ്ക്കുള്ള യാത്രയുടെ ദൂരമുണ്ടായിരുന്നു ആ യാദൃച്ഛികതയ്ക്ക്. ഒരു സിനിമാക്കഥ പോലെ സംഭ്രമജനകമായ ഒരു കാലത്തിന്റെ ദൂരം.

പേര് ഏഞ്ചല്‍ എന്നായിരുന്നെങ്കിലും കുട്ടിച്ചെകുത്താനായിരുന്നു കുട്ടിക്കാലത്ത് ഡിമരിയ. പിച്ചവെക്കുന്ന കാലത്ത് ബേബി വാക്കറോടെ കിണറ്റില്‍ വീണ് അത്ഭുതകരമായി രക്ഷപ്പെട്ട ചരിത്രമുണ്ടവന്. കാവല്‍ മാലാഖമാര്‍ ജീവന്‍ തിരിച്ചുകൊടുത്തുവെന്നവര്‍ വിശ്വസിച്ചു. അങ്ങനെയാണ് അവര്‍ അവനെ ആ മാലാഖമാരുടെ പേര് തന്നെ ചൊല്ലി വിളിച്ചത്. ഏഞ്ചല്‍ ഡിമരിയ. പിന്നീടൊരിക്കല്‍ ഒരു കാറപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് അമ്മ രക്ഷപ്പെടുത്തിയത്. അങ്ങനെ ഹൈപ്പര്‍ ആക്ടീവായ മകനെയും കൊണ്ട് വീട്ടുകാര്‍ ഒരു ഡോക്ടറെ ചെന്നുകണ്ടു. കരാട്ടേയും ഫുട്ബോളുമാണ് ഡോക്ടര്‍ കുറിച്ച മരുന്നുകള്‍. പഴയ ഫുട്‌ബോള്‍ താരമായ മിഗ്വെലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. നാലാം വയസ്സില്‍ തന്നെ അവനെ ടോറിറ്റോ എന്ന ക്ലബില്‍ ചേര്‍ത്തു. ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള ക്ലബിലേയ്ക്ക് വെയിലും മഴയും കൂസാതെ അമ്മ ഒരു സൈക്കിളില്‍ കൊണ്ടുപോയി. ഗ്രേസിയേല എന്ന അവന്റെ പ്രിയപ്പെട്ട തുരുമ്പിച്ച മഞ്ഞ സൈക്കിളിന്റെ പിന്‍സീറ്റില്‍ ഏഞ്ചലും വശത്ത് കെട്ടിയുണ്ടാക്കിയ മരത്തിന്റെ സീറ്റില്‍ മകളും. യാത്രയ്ക്കിടെ അവര്‍ അവന് നൂറ്റാണ്ട് തികച്ച റൊസാരിയോ സെന്‍ട്രല്‍ സ്റ്റേഡിയം കാണിച്ചുകൊടുക്കും. എന്നിട്ട് അവനോട് പറയും: ഒരു നാള്‍ നീയും ഇവിടെ കളിക്കും. അത് പറയുമ്പോള്‍ ഒരു നഷ്ടബോധം വിങ്ങും അവരുടെ മനസ്സില്‍. പണ്ട് റിവര്‍ പ്ലേറ്റ് ക്ലബില്‍ കളിക്കാന്‍ മോഹിച്ച ആളായിരുന്നു ഏഞ്ചലിന്റെ അച്ഛന്‍ മിഗ്വെല്‍ ഡിമരിയ. ബി ടീമില്‍ വരെ കളിച്ചിട്ടുണ്ട്. പ്രീമിയര്‍ ഡിവിഷനില്‍ കളിക്കുന്ന ക്ലബിന്റെ എ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അപ്പോഴാണ് കാല്‍മുട്ടിലെ പരിക്ക് വില്ലനായത്. അതോടെ കളിമോഹം ഉപേക്ഷിച്ച് കടയില്‍ ഒതുങ്ങിക്കൂടി. കളിക്കാരനായിരുന്നു മുത്തച്ഛനും. രണ്ട് കാലും നഷ്ടപ്പെടുത്തിയ ട്രെയിനപകടമാണ് ആ ജീവിതത്തെ കീഴ്മേല്‍ മറിച്ചുകളഞ്ഞത്.

placeholder
ഓട്ടോമൻഡി, ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ എന്നിവർ ഫിഫ ലോകകപ്പുമായി. Photo: ANI

ഇടയ്ക്ക് മിഗ്വെല്‍ പോകും മകന്റെ പരിശീലനം കാണാന്‍. താന്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മോഹം  ഒരുനാള്‍ മകനിലൂടെ യാഥാര്‍ഥ്യമാകുമെന്ന് അന്നയാള്‍ കണക്കുകൂട്ടി. വര്‍ഷങ്ങള്‍ക്കുശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഡിമരിയ ഗ്യാലറിയില്‍ തിരഞ്ഞത് അച്ഛന്‍ മിഗ്വെലിനെയാണ്. ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചശേഷമാണ് അലക്‌സ് ഫെര്‍ഗൂസനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ഫുട്ബോള്‍ മാത്രമല്ല, ജീവിത പ്രാരബ്ധങ്ങള്‍ കൂടിയുണ്ടായിരുന്നു ഡിമരിയക്ക് കളിക്കൂട്ടുകാരായി.  വിവരണങ്ങള്‍ക്കപ്പുറത്തായിരുന്നു വീട്ടിലെ സാഹചര്യം. ഒരു സുഹൃത്ത് വരുത്തിവച്ച ബാധ്യത കാരണം  അച്ഛന് കടയും വീടും വില്‍ക്കേണ്ടിവന്നു. വലിയ തുക തിരിച്ചടക്കേണ്ടിവന്നു. അതോടെ വരുമാനം പൂര്‍ണമായി മുട്ടി. ഏഞ്ചലിനെയും രണ്ട് പെണ്‍മക്കളെയും പോറ്റാന്‍ മുന്നില്‍ ഒരു വഴിയുമില്ലാതെയായി. പക്ഷേ, കഷ്ടപ്പാടിനിടയിലും അവര്‍ മകന്റെ കളി നിര്‍ത്തിയില്ല. ഉള്ളതെല്ലാം നുള്ളിയെടുത്ത്  അവര്രർ അവന്  കളിക്കാന്‍ ഒരു ബൂട്ട് വാങ്ങിക്കൊടുത്തു. അങ്ങനെ ബാക്കി രണ്ടുപേര്‍ക്ക് ചെരിപ്പിടാതെ സ്‌കൂളില്‍ പോകേണ്ടിവന്നു.

മൂന്ന് നേരത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ ബുദ്ധിമുട്ടി തുടങ്ങിയപ്പോഴാണ് മിഗ്വെലും ഡയാനയും  വീട്ടില്‍ കല്‍ക്കരിനിര്‍മാണവും കച്ചവടവും തുടങ്ങിയത്. തകരഷീറ്റിട്ട വീടിന്റെ പിന്നാമ്പുറത്ത് ചുട്ടുപൊള്ളുന്ന വെയിലത്തു നിന്ന് വിറകുകള്‍ കത്തിച്ചായിരുന്നു കല്‍ക്കരിനിര്‍മാണം. വീടും വസ്ത്രങ്ങുമെല്ലാം സദാ കരിപുരണ്ടു. വീടിന്റെ ചുമര് വെളുത്ത് കണ്ടിട്ടേയില്ലെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ഡിമരിയ. ഈ കല്‍ക്കരി ശേഖരിച്ച് ചാക്കിലാക്കി ഓരോ സ്ഥലത്ത് കൊണ്ടുപോയി വില്‍ക്കുകയായിരുന്നു   ജോലി. വൃത്തികെട്ടൊരു ജോലിയായിരുന്നു അതെന്നും പില്‍ക്കാലത്ത് ഡി മരിയ വേദനയോടെ തുറന്നു പറഞ്ഞിട്ടുണ്ട്. പത്ത് വയസ്സായപ്പോള്‍ സഹോദരിമാര്‍ക്കൊപ്പം ഡിമരിയയും ജോലിക്കിറങ്ങി.

കരിനിര്‍മാണത്തിനിടയിലും കളി മറന്നില്ല ഡി മരിയ. പരിശീലനം മുടക്കിയതുമില്ല. ശരീരത്തിന്റെയും സ്റ്റാമിനയുടെയും പേരില്‍ പരിഹാസവും അധിക്ഷേപവും കേട്ട് കളി നിര്‍ത്താന്‍ ആലോചിച്ച് കരഞ്ഞ കാലത്ത് അമ്മയാണ് ആശ്വസിപ്പിച്ച് ഗ്രൗണ്ടിലേയ്ക്ക് മടക്കിയയച്ചത്. അവര്‍ അവനെ കിലോമീറ്ററുകളോളം സൈക്കിളില്‍ കൊണ്ടുപോയി കളിപ്പിച്ചു. അങ്ങനെ കഥ മാറി. നീണ്ടുമെലിഞ്ഞതു കാരണം നൂഡില്‍സ് എന്ന് അര്‍ഥം വരുന്ന ഫിഡിയോ എന്ന് വിളിപ്പേരുള്ള അവന്റെ വേഗവും പന്തടക്കവും പെട്ടന്നു തന്നെ നാട്ടില്‍ സംസാരമായി. പിന്നെ അവന്‍ തിരിച്ചുകയറിയില്ല. സങ്കടം കൊണ്ട് കരഞ്ഞില്ല. ടീമിനുവേണ്ടി അവന്‍ ഗോളടിച്ച് ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ അണ്ടര്‍ 20 ലോകകപ്പിനുള്ള ലോകകപ്പ് ടീമിലും ഇടം നേടി. അതോടെ അവന്റെ പ്രശസ്തി റോസാരിയോ വിട്ടും വളര്‍ന്നു. ബൊക്ക ജൂനിയേഴ്‌സും ആഴ്‌സണലുമെല്ലാം വമ്പന്‍ ഓഫറുകളുമായി വന്നു. ഒടുവില്‍ മുപ്പത്തിയഞ്ച് പന്തുകള്‍ കൊടുത്തു വാങ്ങിയ പയ്യനെ അറുപത് ലക്ഷം യൂറോയ്ക്കാണ് റൊസാരിയോ സെന്‍ട്രല്‍ പോര്‍ച്ചുഗീസ് ക്ലബ് ബെനിഫിക്കയ്ക്ക് വിറ്റത്. ക്ലബ് വിടുന്ന ക്യാപ്റ്റന്‍ സിമാവോയുടെ പകരക്കാരനായിട്ടായിരുന്നു ലിസ്ബണിലേയ്ക്കുള്ള യാത്ര. ബെനിഫിക്കയുടെ ഓഫറിന് മുന്നില്‍ സംശയിച്ചു നിന്ന മകനോട് അച്ഛന്‍ പറഞ്ഞു: 'വണ്ടി ഒരിക്കലേ ഇതുവരെ വഴി കടന്നുപോകൂ. ഭാഗ്യം എപ്പോഴും വരണമെന്നില്ലന്ന് അര്‍ഥം.'

placeholder
എയ്ഞ്ചൽ ഡി മരിയ ലൗട്ടേറയ മാർട്ടിനസും. Photo: Getty Images

വിമാനം കയറുമ്പോള്‍  ഒരൊറ്റ കാര്യമേ പത്തൊന്‍പതുകാരന്‍ ഡിമരിയ അച്ഛന്‍ മിഗ്വെലിനോട് തിരിച്ച്  ആവശ്യപ്പെട്ടുള്ളൂ. 'ഇനി ജോലിക്ക് പോകരുത്. ആരോഗ്യം മറന്ന് അധ്വാനിക്കരുത്. കുടുംബത്തെ ഞാന്‍ നോക്കിക്കൊള്ളാം.' ആ വാക്ക് വിരമിക്കുവോളം തെറ്റിച്ചിട്ടില്ല ഡിമരിയ. ബെനിഫിക്കയുടെ പണം കിട്ടിയപ്പോള്‍ ആദ്യം ചെയ്തത് അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും നല്ലൊരു വീട് വാങ്ങിക്കുകയായിരുന്നു. അവര്‍ കരിപ്പണി നിര്‍ത്തി. ജീവിതം മെല്ലെ പച്ചപിടിച്ചു.

അവന്‍ പിന്നെ ബെനിഫിക്കയുടെ ജീവനാഡിയായി. ഇടതു വലതു കാലുകള്‍ കൊണ്ട് വിങ്ങുകള്‍ മാറി ഡ്രബിള്‍ ചെയ്ത് അത്ഭുതമായി. തളരാതെ ഓടി ടീമിന്റെ എഞ്ചിന്‍മുറിയായി. ലേക്‌സോസിനെതിരേ ഹാട്രിക്ക് നേടിയപ്പോള്‍ മാജിക് ട്രൈ മരിയ എന്ന് തലക്കെട്ട് നിരത്തി... പോര്‍ച്ചുഗലിലെ പത്രങ്ങളെല്ലാം. ബെനിഫിക്കയില്‍ വച്ച് അവര്‍ ലാറ്റിനമേരിക്കക്കാരുടെ സൃഷ്ടിയായ കാലു പിണച്ചുവച്ച് അടിക്കുന്ന റബോണ ഗോള്‍ നേടി ലോകത്തെ ഞെട്ടിച്ചു. എവര്‍ട്ടണെതിരായ മത്സരത്തിലെ മിന്നുന്ന പ്രകടനം കണ്ട് അന്ന് ഡീഗോ മാറഡോണ പറഞ്ഞു: 'രണ്ട് വര്‍ഷത്തിനുള്ള അയാള്‍ ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാവും. അതിനുള്ള കഴിവ് അയാള്‍ക്കുണ്ട്.' ഡീഗോയുടെ നാക്ക് പൊന്നായി. ഡിമരിയ പതുക്കെ യൂറോപ്യന്‍ ക്ലബുകളുടെ നോട്ടപ്പുള്ളിയായി. അങ്ങനെ നാല്‍പത് ലക്ഷം യൂറോയ്ക്ക് കൊണ്ടുവന്ന ഡിമരിയക്ക് എട്ടു വര്‍ഷത്തിനുശേഷം ബെനിഫിക്ക ഇട്ട വില നാല് കോടി യൂറോയാണ്.

placeholder
 എയ്ഞ്ചൽ ഡി മരിയ. Photo: AFP

പിന്നെ സ്‌പെയിനില്‍ റയല്‍ മാഡ്രിഡിലെ സമ്പന്നവും സംഭവബഹുലവുമായ കാലം. ആന്‍സലോട്ടിയും മൗറിന്യോയും അവിടെ മധ്യനിരയില്‍ ഒരു ഇടം ഉറപ്പിച്ചുകൊടുത്തു. അങ്ങനെ ഗോളടിച്ചും അടിപ്പിച്ചും തിളങ്ങി നാലു കൊല്ലം. ലാലീഗ, ലാ ഡെസിമ, കോപ ഡെല്‍ റെ കിരീടങ്ങളെല്ലാം അക്കാലത്ത് റയലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഡിമരിയ വഹിച്ചത്. പക്ഷേ, എവിടെയോ ഒരു അപശ്രുതി ഉണ്ടായിരുന്നു. ക്ലബ് മാനേജ്‌മെന്റില്‍ ആര്‍ക്കോ താന്‍ കണ്ണിലെ കരടായിരുന്നുവെന്ന് പില്‍ക്കാലത്ത് ഡിമരിയ  ക്ലബിന്റെ ഫാന്‍സിന് എഴുതിയ കത്തില്‍  ആരോപിച്ചു. അങ്ങനെ മനസ്സില്ലാ മനസ്സോടെയാണ്  ലണ്ടനിലേയ്ക്ക് കൂടുമാറിയത്. താന്‍ ഒരിക്കലും റയല്‍ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഡി മരിയ കത്തില്‍ പറഞ്ഞിരുന്നു. മൊണാക്കോയില്‍ നിന്ന് ഹാമിഷ് റോഡ്രിഗസിനെ കൊണ്ടുവരുന്നതിനുവേണ്ടിയായിരുന്നു ഡി മരിയയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ റയല്‍ നടത്തിയത്.

ബ്രിട്ടണിലെ റെക്കോഡ് തുകയായ 59.7 ദശലക്ഷം പൗണ്ടിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏഞ്ചലിനെ സ്വന്തമക്കിയത്. ജോര്‍ജ് ബെസ്റ്റും എറിക് കന്റോണയും ബെക്കാമും ക്രിസ്റ്റ്യാനോയുമെല്ലാം ധരിച്ച  ഏഴാം നമ്പറും കൊടുത്തു. തുടക്കത്തില്‍ പതിവ് ഫോമിലായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ അവതാളത്തിലായി. തന്റെ കരിയറിനെ സമൂലം മാറ്റിമറിച്ച ഹൊസ്സെ മൗറിന്യോയ്ക്ക് പകരം ഡച്ചുകാരന്‍ ലൂയി വാന്‍ഗാല്‍ വന്നതോടെ ഡിമരിയയുടെയും കഷ്ടകാലം തുടങ്ങി. ഡിമരിയയെ സ്‌ട്രൈക്കറാക്കിയത് വാന്‍ഗാലായിരുന്നു. പുതിയ റോളില്‍ ഡിമരിയ വന്‍ പരാജയമായി. സീസണിലെ ഏറ്റവും മോശപ്പെട്ട കരാര്‍ എന്നുവരെ  പത്രങ്ങള്‍ എഴുതി. ഒടുവില്‍ വാന്‍ഗാലിനോട് കലഹിച്ചുതന്നെ എയ്ഞ്ചല്‍ ടീം വിട്ടു. ഇതേ വാന്‍ ഗാല്‍ തന്നെയാണ് ബാഴ്‌സയില്‍ ഇതുപോലെ മറ്റൊരു അര്‍ജന്റീന താരം യുവാന്‍ റിക്വെല്‍മിയെയും ഇതുപോലെ പൊസിഷന്‍ മാറ്റി തകര്‍ത്തുകളഞ്ഞത്. ഇതിന്റെയെല്ലാം കണക്കാവണം ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ഗോള്‍ നേടിയ ശേഷം ലയണല്‍ മെസ്സി ഇതേ വാന്‍ ഗാലിന് നേരെ തിരിഞ്ഞ് റിക്വില്‍മിയുടെ  രണ്ട് ചെവിക്കും സമീപം കൈവക്കുന്ന പ്രസിദ്ധമായ ടോപോ ജിജ്യോ ആംഗ്യം കാട്ടി തീര്‍ത്തത്.

അങ്ങനെയാണ് ഡിമരിയ കലഹിച്ച് ഇംഗ്ലണ്ട് വിട്ട് ഫ്രാന്‍സിലെ പി എസ്.ജിയിലെത്തുന്നത്. അവിടെയും സ്‌കോറിങ്ങിലും അസിസ്റ്റിലും ഒട്ടും മോശമായില്ല. അസി്സ്റ്റുകളുടെ കാര്യത്തില്‍ റെക്കോഡിടുക പോലും ചെയ്തു. 92 ഗോളും 112 അസിസ്റ്റുമായിരുന്നു ഡിമരിയയുടെ സംഭാവന. അങ്ങനെ 2022ല്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിലുമെത്തി. നൂറാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരം കളിക്കുകയും ചെയ്തു.

ദേശീയ ടീമിന്റെ നീല വരയന്‍ കുപ്പായത്തില്‍ കയറിയതു മുതല്‍ അനിവാര്യമായ സാന്നിധ്യമായിരുന്നു  ഡി മരിയ. മെസ്സിക്കൊപ്പം കപ്പടിച്ച അണ്ടര്‍ 20 ലോകകപ്പിലെ പ്രകടനം കൊണ്ടാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടതെങ്കിലും 2008 ബെയ്ജിങ് ഒളിമ്പിക്‌സായിരുന്നു പ്രധാന നാഴികക്കല്ല്. നൈജീരിയക്കെതിരായ ഫൈനലിന്റെ നൂറ്റിയഞ്ചാം മിനിറ്റില്‍ ഗോള്‍ ഏരിയയുടെ മൂലയില്‍ നിന്ന് ഡിമരിയ ചിപ്പ് ചെയ്തു നേടിയ ഗോളിലാണ് അര്‍ജന്റീന അന്ന് സ്വര്‍ണം നേടിയത്. നേരത്തെ മെസ്സിയുടെ പാസില്‍ നിന്ന് നൂറ്റിയഞ്ചാം മിനിറ്റില്‍ ഡിമരിയ നേടിയ ഗോളില്‍ തന്നെയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ മറികടന്നതും. പിന്നീട് സീനിയര്‍ തലത്തില്‍ നാല് ലോകകപ്പ് കളിച്ചു. ആദ്യം 2010ല്‍ മാറഡോണയുടെ പരിശീലനത്തില്‍. പിന്നെ ഫൈനലില്‍ തോറ്റ, ചങ്ക് പൊട്ടിക്കരഞ്ഞ 2014ലും 2018ലും കപ്പടിച്ച 2022ലും.

ഇതിന്റെ പിഴയെല്ലാം 2021ലെ കോപ്പയിലും 2022ല്‍ യൂറോപ്പ്യന്‍, ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ ഏറ്റുമുട്ടിയ ഫൈനലിസ്സിമയിലും ഡിമരിയ തീര്‍ത്തു. കോപ്പയില്‍ ബ്രസീലിനെതിരായ ഫൈനലിന്റെ ഇരുപത്തിരണ്ടാം മിനിറ്റില്‍ ഡി മരിയ നേടിയ എണ്ണംപറഞ്ഞ ഗോളിലാണ് അര്‍ജന്റീന ചാമ്പ്യന്മാരായത്. ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലുള്ള കിരീടനേട്ടം. മിശിഹ ലയണല്‍ മെസ്സിയുടെ ആദ്യത്തെ അന്താരാഷ്ട്ര കിരീടംകൂടിയായിരുന്നു ഇത്.

പിന്നെ ഫൈനലിസ്സിമ. ലോകകപ്പിന് യോഗ്യത നേടാനാവാത്ത പോയതിന്റെ ക്ഷീണം തീര്‍ക്കാനെത്തിയ ഇറ്റലിയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തുകളഞ്ഞത്. ഇറ്റലിയുടെ പരാജയചക്രത്തിന്റെ അവസാനം എന്ന് കോച്ച് റോബര്‍ട്ടോ മാന്‍സിനി പറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഡിമരിയയുടെ ഗോള്‍.

placeholder
എയ്ഞ്ചൽ ഡി മരിയ റയൽ മാഡ്രിഡ് ജെഴ്സിയിൽ. Photo: AFP

ഖത്തര്‍ ലോകകപ്പില്‍ പരിക്ക് മൂലം എല്ലാ മത്സരങ്ങളും കളിക്കാന്‍ ഡി മരിയക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍,  മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ മെസ്സിയുടെ ഗോളിന് വഴിയൊരുക്കി. ഫൈനലില്‍ ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ ഗോള്‍ നേടുകയും ചെയ്തു. ഡി മരിയ അറുപത്തിനാലാം മിനിറ്റില്‍ കരയ്ക്കു കയറിയതു മുതലാണ് അര്‍ജന്റീനയ്ക്ക് കളിയിലെ മേല്‍ക്കൈ നഷ്ടമായതും ഫ്രാന്‍സ്  എംബാപ്പെയിലൂടെ തിരിച്ചടിച്ചതും. എന്തായാലും രാശി പിഴച്ചില്ല. ഡിമരിയ ലക്ഷ്യംകണ്ട മറ്റൊരു ഫൈനലില്‍ കൂടി  അര്‍ജന്റീന കിരീടം ചൂടി.

ബൂട്ട് കെട്ടി നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്ന കാലത്തും ദുരന്തങ്ങള്‍ ഡിമരിയയെ വിട്ടൊഴിഞ്ഞിരുന്നില്ല. ഗോളടിക്കുമ്പോഴെല്ലാം കൈകൊണ്ട് ഹൃദയചിഹ്നം കാട്ടി ആഘോഷിക്കുന്ന ഡിമരിയയുടെ ചിത്രം  ഹൃദിസ്ഥമാണ് എല്ലാവര്‍ക്കും. എന്നാല്‍, അതിന് പിന്നില്‍ ഹൃദയസ്പര്‍ശിയായ ഒരു വേദനയുടെ കഥകൂടിയുണ്ട് എന്നത് അത്ര പരസ്യമല്ല.

ഏഴാം മാസത്തിലാണ് ഭാര്യ മകള്‍ മിയയെ പ്രസവിച്ചത്. റയല്‍ മാഡ്രിഡ് ബറൂസ്യ ഡോര്‍ട്ട്മണ്ടിനെതിരേ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരം കളിക്കുന്നതിന്റെ തലേദിവസം. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍   മുപ്പത് ശതമാനം മാത്രമാണ് സാധ്യത എന്നാണ്  മാഡ്രിഡിലെ ആശുപത്രിക്കാര്‍ പറഞ്ഞത്. പ്രസവശേഷം രണ്ട് മാസം നവജാതശിശുക്കള്‍ക്കുള്ള ഐ.സി.യുവിലായിരുന്നു കുഞ്ഞ്. മുഖത്ത് മുഴുവന്‍ കുഴലുകളുള്ള മകളുടെ രൂപം ഓര്‍ക്കാന്‍ വയ്യ എന്നു പറയുമായിരുന്നു ഭാര്യ യോര്‍ജെലിന. പ്രസവിച്ച് വെറുംകൈയോടെ വീട്ടില്‍ പോകേണ്ടിവരുന്നത് ചിന്തിക്കാന്‍ വയ്യ. അന്നൊക്കെ കരഞ്ഞു തളര്‍ന്നായിരുന്നു നിത്യവും ഉറങ്ങിയത്. ഇത് പറയുമ്പോള്‍ ഇന്നും ആ അമ്മയുടെ കണ്ണ് നിറയും. ഭാര്യയ്ക്ക് കൂട്ടായി ഡി മരിയയുമുണ്ടായിരുന്നു ആശുപത്രിയില്‍. സീസണിന്റെ വലിയ ഭാഗം അങ്ങനെ കളിക്കാതെ പോയി.

ഇതു കഴിഞ്ഞാണ് ഡി മരിയ കളിക്കളത്തില്‍ തിരിച്ചെത്തിയത്. അന്നു മുതല്‍ തുടങ്ങിയതാണ്  ഡിമരിയയുടെ ഹൃദയത്തിന്റെ ചിഹ്നം കൊണ്ടുള്ള വേറിട്ട ആഘോഷം. ജീവിതത്തില്‍ എന്തും സാധ്യമാണെന്ന് തന്നെ പഠിപ്പിച്ചത് മകളാണെന്ന്  ഡി മരിയ പറയും. വേദനയും കഷ്ടപ്പാടും സഹിച്ച് അതൊക്കെ മറികടക്കാനാവുമെന്നും അവളാണ് പഠിപ്പിച്ചത്. അവള്‍ ജീവനു വേണ്ടി മല്ലിടുമ്പോള്‍  കുടുംബാംഗങ്ങളെല്ലാവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു. അങ്ങനെ   ഞങ്ങളുടെ അടുപ്പത്തിനും  അവള്‍ കാരണമായി. അവള്‍ പകര്‍ന്ന ഊര്‍ജത്തിലാണ് ഞാന്‍ അടുത്ത സീസണ്‍ മുഴുവന്‍ കളിച്ചത്. ഡിമരിയ ഒരിക്കല്‍ പറഞ്ഞു. മകള്‍ ജനിച്ച തീയതിയായ ഇരുപത്തിരണ്ടാണ് റയല്‍ മാഡ്രിലും യുവന്റസിലും ഡിമരിയ തിരഞ്ഞെടുത്ത ജെഴ്‌സി നമ്പര്‍. മകള്‍ ജനിച്ചശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഡിമരിയ പറഞ്ഞത്. അപ്പോള്‍ കപ്പല്ല  മകളായിരുന്നു എന്റെ കൈയില്‍ എന്നാണ്.

ഇതില്‍ ഒതുങ്ങിയില്ല മകളുടെ തിരിച്ചുവരവിലെ ഡിമരിയയുടെ ആഹ്ളാദം. വളര്‍ച്ചയെത്താതെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി യുണിസെഫ് തുടങ്ങിയ പദ്ധയിയിലേയ്ക്ക് കാര്യമായി തന്നെ സംഭാവന ചെയ്യുന്നുണ്ട് ഡിമരിയ.

പിന്നെയും ദുരിതങ്ങള്‍ വിടാതെ വേട്ടയാടിക്കൊണ്ടിരുന്നു ഡിമരിയയെ. 2021ല്‍ ഒരു സംഘം വീടാക്രമിച്ച്  കുടുംബാംഗങ്ങളെ ബന്ദികളാക്കിയപ്പോള്‍ പി.എസ്.ജിക്കുവേണ്ടി നാന്റസിനെതിരേ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഡി മരിയ. വിവരമറിഞ്ഞ മാനേജര്‍ മൗറിഷ്യോ പൊച്ചെറ്റിനോ ഡി മരിയയെ കളിയില്‍ നിന്ന് തിരിച്ചുവിളിച്ച് വിവരം പറയുകയായിരുന്നു. റയലില്‍ ഉള്ളപ്പോള്‍ നികുതി വെട്ടിപ്പിന് ജയില്‍ശിക്ഷ വിധിക്കപ്പെട്ടതാണ് മറ്റൊരു തിരിച്ചടി. കഷ്ടിച്ചാണ് അന്ന് ജയില്‍വാസത്തില്‍ നിന്ന് രക്ഷപ്പെടാനായത്.

ദുരിതങ്ങളുടെ ഏത് ദുഷ്‌കരമായ വിങ്ങില്‍ നിന്നും പന്തടിച്ചു കയറാനുള്ള വിദ്യ പണ്ടേ സ്വായത്തമാണ്  ഡിമരിയക്ക്. പ്രതിബന്ധങ്ങളുടെ ഏത് ബോക്‌സില്‍ നിന്നും ലക്ഷ്യം ഭേദിക്കാനുള്ള അപാരമായ മിടുക്കുമുണ്ട്. കളിയിലും പുറത്തും കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം ഇതുകൊണ്ട് നമ്മളെ രസിപ്പിച്ചയാളാണ് ഡിമരിയ. അര്‍ജന്റീന ഇനിയും എത്ര കിരീടങ്ങള്‍ നേടിയാലും തീര്‍ച്ചയായും ഈയൊരു കാലം, ഹൃദയത്തില്‍ കുടിയേറിയ ഈയൊരു മാലാഖയുടെ അസാന്നിധ്യം നമ്മള്‍ അറിയുക തന്നെ ചെയ്യും. അത് വേദനയോടെ തന്നെ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും. നന്ദി എയ്ഞ്ചല്‍, ഈ മധുരനൊമ്പരത്തിന്, നിങ്ങള്‍ സമ്മാനിച്ച നിമിഷങ്ങള്‍ക്ക്.