16 വര്‍ഷം മുമ്പ് കുഞ്ഞ് കമാലിനിയെ ആദ്യമായി കൈയിലേക്ക് വാങ്ങുമ്പോള്‍പോലും അമ്മ ശരണ്യ ഇത്രയും സന്തോഷം അനുഭവിച്ചിട്ടില്ല. മകളുടെ പിറന്നാള്‍ ദിവസത്തേക്കാളും അവരുടെ ജീവിതത്തിലെ മനോഹരമായ ദിവസം 2024 ഡിസംബര്‍ 15 ആണ്. അന്ന് മലേഷ്യയില്‍ നടന്ന അണ്ടര്‍-19 ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ കമാലിനി 29 പന്തില്‍ 44 റണ്‍സ് അടിച്ചെടുത്തു. മത്സരത്തിലെ മികച്ച താരമാവുകയും ചെയ്തു. പിന്നാലെ ചെന്നൈയിലെ വീട്ടിലേക്ക് അടുത്ത സന്തോഷവാര്‍ത്തയുമെത്തി. വനിതാ പ്രീമിയര്‍ ലീഗില്‍ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് പതിനാറുകാരിയെ ടീമിലെടുത്തു. 

To advertise here,

ചെന്നൈയിലെ വീട്ടിലിരുന്ന് മത്സരവും താരലേലവും കണ്ട കുടുംബത്തിന് ഒരു സ്വപ്‌നം പോലെയായിരുന്നു ആ നിമിഷങ്ങള്‍. 'അവള്‍ ഏതെങ്കിലും ടീമിലെത്തുമെന്ന് അച്ഛന് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നില്ല. മുംബൈ ഉള്‍പ്പെടെയുള്ള ടീമുകളുടെ ട്രയലുകളില്‍ അവള്‍ പങ്കെടുത്തിരുന്നു. അവള്‍ക്ക് 50 ലക്ഷം കിട്ടുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. മത്സരത്തിന്റെ സമയത്ത് ടെന്‍ഷനിലായിരുന്ന അച്ഛന്‍ എന്നാല്‍ താരലേലം യാതൊരു ടെന്‍ഷനുമില്ലാതെയാണ് കണ്ടത്. അവളുടെ പേര് വിളിക്കുന്നതിനുമുമ്പ് കുറച്ചധികം താരങ്ങളെ ആരും ടീമിലെടുത്തിരുന്നില്ല. ഇതോടെ എനിക്ക് ടെന്‍ഷന്‍ കൂടി. ഒരിക്കലും ഇത്രയും പൈസ അവള്‍ക്ക്‌ ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.'-ശരണ്യ പറയുന്നു.

മധുരയിലെ ഏതൊരു കുട്ടിയേയുംപോലെ സ്‌കേറ്റിങ്ങിലാണ് ആദ്യം കമാലിനി മികവ് കാണിച്ചത്. വീട്ടിലെ അലമാരയിലേക്ക് നിരവധി ട്രോഫികളും മെഡലുകളും അവളെത്തിച്ചു. എന്നാല്‍ അത് അവളുടെ മനസ് മാത്രം നിറച്ചില്ല. ചേട്ടന്‍ ഡൊമിനിക് കിഷോറിനെ അച്ഛന്‍ ഗുണലന്‍ ക്രിക്കറ്റ് പരിശിലീപ്പിക്കുന്നതായിരുന്നു 11 വയസുകാരിയുടെ കണ്ണില്‍ എപ്പോഴുമുണ്ടായിരുന്നത്. ഒടുവില്‍ ഈ ആഗ്രഹം അച്ഛനെ അറിയിച്ചു. തുടക്കത്തില്‍ വലങ്കയ്യന്‍ ബാറ്ററായിരുന്ന കമാലിനിയെ ഇടങ്കയ്യന്‍ ബാറ്ററായി മാറ്റിയത് അച്ഛനാണ്. അത് അവള്‍ക്ക് മറ്റുള്ളവരില്‍നിന്ന് മുന്‍തൂക്കം നല്‍കുമെന്ന് അച്ഛന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു.

placeholder
kamalini
കുടുംബാംഗങ്ങള്‍ക്കൊപ്പം കമാലിനി/  കമാലിനിയുടെ കുട്ടിക്കാലത്തെ ചിത്രം | Photo: instagram/ csk

മക്കളുടെ ക്രിക്കറ്റ് കരിയറിനായി കുടുംബം മധുരയില്‍നിന്ന്‌ ചെന്നൈയിലേക്ക് താമസം മാറി. ഗുണലന്‍ മധുരയിലെ തന്റെ ബിസിനസ് വരെ ഉപേക്ഷിച്ചു. മക്കളെ രണ്ടുപേരേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തു. അവിടെ ലൂയിസ് മരിയാനോയ്ക്ക് കീഴിലായിരുന്നു പരിശീലനം. ഓപ്പണറായി ക്രീസിലിറങ്ങാറുള്ള കമാലിനി ഒന്നാന്തരം സ്പിന്‍ ബൗളര്‍ കൂടിയാണ്. വിക്കറ്റിന് പിന്നിലും കൈകള്‍ ചോരാതെ കാത്തുസൂക്ഷിക്കാന്‍ അവള്‍ക്കാകും. ' ഒരു ക്രിക്കറ്റ് താരത്തിനുവേണ്ട എല്ലാ ഗുണങ്ങളും കമാലിനിക്കുണ്ട്. പ്രതിരോധിച്ച് കളിക്കാനും ആവശ്യമുള്ളപ്പോള്‍ ആക്രമിച്ച് കളിക്കാനും അവള്‍ക്കറിയാം. ബാറ്റിങ് ടെക്‌നിക്കുകള്‍ മികച്ചതാണ്. അത് അവളുടെ ഷോട്ട് സെലക്ഷന്‍ കണ്ടാല്‍ നമുക്ക് മനസിലാകും. അതുമാത്രമല്ല, അവളുടെ കഠിനധ്വാനം കൂടിയാണ് ഈ വിജയത്തിന് പിന്നില്‍. അക്കാദമിയില്‍ ദിവസവും അഞ്ച് മണിക്കൂറെങ്കിലും അവള്‍ നെറ്റ്‌സില്‍ പരിശീലിക്കും. അവളെ അവിടെ നിന്ന് പുറത്തെത്തിക്കുക എന്നത് പരിശീലകര്‍ക്കുപോലും ബുദ്ധിമുട്ടുള്ള കാര്യമാണ്.'-ലൂയിസ് മരിയാനോ പറയുന്നു.

2023-ല്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ ഫ്രയര്‍ ട്വന്റി-20 കപ്പില്‍ ടൂര്‍ണമെന്റിന്റെ താരമായത് കമാലിനിയായിരുന്നു. ബിസിസിഐയുടെ അണ്ടര്‍-15 ടൂര്‍ണമെന്റില്‍ തമിഴ്‌നാടിന്റെ ക്യാപ്റ്റനായി. എന്നാല്‍ കമാലിനിയുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ബിസിസിഐയുടെ സീനിയര്‍ വിമണ്‍സ് ഏകദിന ടൂര്‍ണമെന്റിനായി യാത്ര തിരിക്കുംമുമ്പ് ഗുണലന്റെ ആരോഗ്യസ്ഥിതി മോശമായി. വൃക്കകള്‍ തകരാറിലാകുകയും ഹൃദയാഘാതമുണ്ടാകുകയും ചെയ്തു. ഒട്ടുംവൈകാതെ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടത്തി. അച്ഛന്‍ ഐസിയുവിലായിരുന്നപ്പോള്‍ കമാലിനും സഹോദരനും അകന്ന ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറി. അമ്മ രാവും പകലും അച്ഛന് കൂട്ടായി ആശുപത്രിയില്‍ കഴിഞ്ഞു.

അച്ഛന്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടരുമ്പോഴാണ് കമാലിനി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തീവണ്ടി കയറിയത്. അന്ന് കരഞ്ഞുകൊണ്ടാണ് മകള്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിയതെന്നും തന്റെ മനസില്‍നിന്ന് ആ രംഗം ഒരിക്കലും മായില്ലെന്നും ശരണ്യ പറയുന്നു. മകള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കണമെന്ന അച്ഛന്റെ ആഗ്രഹമായിരുന്നു കമാലിനിക്ക് ധൈര്യം പകര്‍ന്നത്. സങ്കടക്കടലിനിടയിലും അവള്‍ ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറി നേടുകയും ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ രണ്ടാമത്തെ താരമാവുകയും ചെയ്തു. ടൂര്‍ണമെന്റിന് പിന്നാലെ തമിഴ്‌നാട് ക്രിക്കറ്റ് അക്കാദമിയുടെ ക്യാമ്പിലും കമാലിനി പങ്കെടുത്തു. കുറച്ച് മാസങ്ങള്‍ക്കുശേഷം ഗുണലന്‍ ആശുപത്രി വിട്ടു. പക്ഷേ മക്കള്‍ക്കൊപ്പം പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങാന്‍ ഇനി ഗുണലന് കഴിയില്ല. എന്നാല്‍ മകളുടെ ഓരോ നേട്ടത്തിനും സാക്ഷിയായി അദ്ദേഹം ഗാലറിയിലെത്തി. 

ഒക്ടോബറില്‍ നടന്ന അണ്ടര്‍-19 ഡൊമസ്റ്റിക് ടൂര്‍ണമെന്റില്‍ തമിഴ്‌നാട് വിജയിച്ചപ്പോള്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 311 റണ്‍സാണ് കമാലിനി നേടിയത്. പിന്നാലെ ഇന്ത്യ ബി ടീമിനായി നടത്തിയ മികച്ച പ്രകടനം ഇന്ത്യയുടെ അണ്ടര്‍-19 ഏഷ്യാ കപ്പ് ടീമിലും ഇടം നേടിക്കൊടുത്തു. ഈ നേട്ടത്തിലെല്ലാം ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഗുണലനായിരുന്നു. അണ്ടര്‍-19 ഏഷ്യാ കപ്പിലെ പ്രകടനത്തോടെ കമാലിനി പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഇനി അടുത്ത ലക്ഷ്യം ഇന്ത്യന്‍ ടീം ജെഴ്‌സിയാണ്. ആ നിമിഷത്തിനായി ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ് ഗുണലനും ശരണ്യയും.