റായ്‌പുർ: ബാറ്റിങ്ങിന്റെ തുടക്കത്തിൽ ഒന്ന് വിറച്ചെങ്കിലും ദീപ്തി ശർമയുടെ പരിചയസമ്പത്തും അരങ്ങേറ്റക്കാരി നിക്കി പ്രസാദിന്റെ പോരാട്ടവീര്യവും ഇന്ത്യൻ ടീമിന് ജയമൊരുക്കി. സിംബാബ്‌വെക്കെതിരായ വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യൻ ജയം. പുതിയ ക്യാപ്റ്റൻ സ്മൃതി മന്ഥാനയുടെ കീഴിൽ ഇന്ത്യയുടെ ആദ്യമത്സരമായിരുന്നു ഇത്.

To advertise here,

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇതോടെ 1-0ത്തിന് മുന്നിലെത്തി. സ്‌കോർ: സിംബാബ്‌വെ 20 ഓവറിൽ അഞ്ചിന് 114. ഇന്ത്യ 15.4 ഓവറിൽ ആറിന് 116.

സിംബാബ്‌വെയുടെ ചെറിയ സ്‌കോറിനെ പിന്തുടരാനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ വിറച്ചു. ക്യാപ്റ്റൻ മന്ഥാന (ഒൻപത്), അനുഷ്‌ക ശർമ (നാല്), ഹർമൻപ്രീത് കൗർ (ഒന്ന്), ഷെഫാലി വർമ (നാല്) എന്നിവർ പുറത്തായതോടെ സ്‌കോർ നാലിന് 19 റൺസെന്ന നിലയിലായി. അഞ്ചാം വിക്കറ്റിൽ ദീപ്തി ശർമയും (37 പന്തിൽ 49), നിക്കി പ്രസാദും (39) ഉറച്ചുനിന്ന് പൊരുതിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി.

അനായാസം കളിച്ച ദീപ്തി എട്ട് ഫോറുകളും നേടി. അർധസെഞ്ചുറിക്ക് ഒരു റൺസ് അകലെ മടങ്ങിയെങ്കിലും അപ്പോഴേക്കും ഇന്ത്യ ജയം ഉറപ്പാക്കിയിരുന്നു. അമിത ആവേശം കാണിച്ച് റിച്ചാഘോഷും (ഏഴ്) മടങ്ങിയെങ്കിലും നിക്കിയും അരുന്ധതിയും (രണ്ട്) ചേർന്ന് ജയം പൂർത്തിയാക്കി. ആറ് ഫോറാണ് നിക്കിയുടെ ഇന്നിങ്‌സിലുള്ളത്. ദീപ്തിയും നിക്കിയും 82 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. സിംബാബ് വെക്കായി എൻയാഷ ഗ്വാൻസുറ 18 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ കെലിസ് എൻഡോലോവുവിന്റെയും (44 പന്തിൽ 42), ഷർനെ മേയേഴ്‌സിെന്റയും (33 പന്തിൽ 43) ബാറ്റിങ്ങിലാണ് നൂറ് കടന്നത്. ബാക്കി ബാറ്റർമാർക്ക് രണ്ടക്കം കാണാനായില്ല. ഇന്ത്യക്കായി നന്ദിനി ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീചരണി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.