ലാഹോർ: ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതിന് പിന്നാലെ ഐസിസിക്കെതിരേ വിമർശനവുമായി മുൻ പാക് താരം മുഹമ്മദ് യൂസഫ്. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പുറത്താകുമ്പോൾ നഷ്ടപ്പെടുന്ന കാണികളുടെ കണക്ക് പങ്കുവെച്ചാണ് യൂസഫ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുന്നയിച്ചത്. അതേസമയം യൂസഫ് പങ്കുവെച്ച കണക്കിൽ വസ്തുതാപരമായി പിശകുകളുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെ ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള ആലോചനയിലാണ് പാകിസ്താൻ.

To advertise here,

ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, സ്കോട്ട്ലൻഡ്, നേപ്പാൾ, നെതർലൻഡ്‌സ്, അയർലൻഡ്, നമീബിയ, സിംബാബ്‌വേ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് കാണികളുടെ എണ്ണം ബംഗ്ലാദേശിലുള്ളവർക്ക് തുല്യമാണ്.

10 രാജ്യങ്ങൾ ഒരുമിച്ച് : 178 ദശലക്ഷം

ബംഗ്ലാദേശ് മാത്രം: 176 ദശലക്ഷം

ആഗോള പ്രേക്ഷകരെ ആശ്രയിക്കുന്ന ഒരു കായിക വിനോദത്തിൽ ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകളെ അവഗണിക്കുന്നത് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. - യൂസഫ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

എന്നാൽ യൂസഫിന്റെ ഈ കണക്കുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് പലരും ചൂണ്ടിക്കാട്ടി. യൂസഫ് പറഞ്ഞ കണക്കുകൾ അതാത് രാജ്യങ്ങളിലെ ജനസംഖ്യയുടേതാണെന്നും അത് ക്രിക്കറ്റ് വ്യൂവർഷിപ്പുമായി ഒരുതരത്തിലും ബന്ധമുള്ളതല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ പങ്കാളിത്തത്തിൽ 4-5% മാത്രമാണ് ബംഗ്ലാദേശിൽ നിന്നുള്ളത്.

ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താനും ടൂർണമെന്റ് ബഹിഷ്‌കരിക്കാനുള്ള ആലോചനയിലാണ്. ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലൻഡിനെ ലോകകപ്പ് കളിപ്പിക്കാൻ ഐസിസി തീരുമാനിച്ചതോടെ പാകിസ്താനും ടൂർണമെന്റ് കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്ന് വ്യക്തമാക്കി. പിന്നാലെ പിസിബി ചെയർമാൻ നഖ്‌വി പാക് പ്രധാനമന്ത്രിയുമായി നിർണായക ചർച്ച നടത്തിയത്. ഏകദേശം 30 മിനിറ്റ് നേരം ഇരുവരും ചർച്ച ചെയ്തു. അതേസമയം, അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.