
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ റണ്ണൗട്ടായി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നഷ്ടമായ ആദ്യ വിക്കറ്റാണ് ജയ്‌സ്വാളിന്റെത്. ഒന്നാമിന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം. കെ.എൽ. രാഹുലും ജയ്‌സ്വാളും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് റണ്ണൗട്ടിലേക്ക് നയിച്ചത്. താരം 32 റൺസെടുത്തു മടങ്ങി.
ആദ്യ ഇന്നിങ്‌സിൽ മികച്ച നിലയിൽ ഇന്ത്യ ബാറ്റ്ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജയ്‌സ്വാൾ പുറത്താവുന്നത്. 11-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. കേശാര നുവാന്ത എറിഞ്ഞ പന്ത് സിംഗിളെടുക്കാനായിരുന്നു രാഹുലിന്റെ ശ്രമം. മിഡ് ഓണിലേക്ക്‌ഷോട്ടടിച്ചയുടനെ തന്നെ രാഹുൽ ഓടി. എന്നാൽ പന്ത് തടയാൻ ശ്രമിച്ച ബൗളർ ജയ്‌സ്വാളുമായി കൂട്ടിയിടിച്ചു. അതോടെ ജയ്‌സ്വാൾ മൈതാനത്ത് വീണു. താരത്തിന് ആദ്യഘട്ടത്തിൽ ഓടാനായില്ല. കുറച്ചുസമയത്തിന് ശേഷം എഴുന്നേറ്റുവന്ന് ഓടാനായി ശ്രമിച്ചു. ഫീൽഡർ പന്ത് കീപ്പർക്ക് കൈമാറിയതോടെ തിരിഞ്ഞോടാനായിരുന്നു ജയ്‌സ്വാൾ ശ്രമിച്ചത്. അപ്പോഴേക്കും രാഹുൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ എത്തിയിരുന്നു.
രണ്ടുപേരും ഒരേ ക്രീസിൽ ബാറ്റ് കുത്തി. എന്നാൽ ആദ്യം ക്രീസിലെത്തിയ രാഹുൽ രക്ഷപ്പെട്ടു. ജയ്‌സ്വാൾ പുറത്തായി. പന്ത് കിട്ടിയ ലങ്കൻ കീപ്പർ ഒന്നാലോചിച്ച ശേഷമാണ് ബെയിൽ ഇളക്കിയത്. ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ അനുമതി നൽകുകയും ചെയ്തു. ആ ഘട്ടത്തിൽ ഇന്ത്യയുടെ സ്‌കോർ 47 ൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.
അതേസമയം ലങ്കൻ നായകൻ അപ്പീൽ പിൻവലിച്ച് ജയ്‌സ്വാളിനെ തിരികെ വിളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. ബൗളറുമായി കൂട്ടിയിടിച്ചാണ് ഇന്ത്യൻ ഓപ്പണർ വീഴുന്നത്. അതിനാൽ ലങ്കൻ നായകന് വേണമെങ്കിൽ ജയ്‌സ്വാളിനെ തിരികെ വിളിക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. ജയ്‌സ്വാളിന് കൃത്യസമയത്ത് തന്നെ ക്രീസിലെത്താമായിരുന്നു എന്ന വിലയിരുത്തലുകളുമുണ്ട്. എന്നാൽ തിരിഞ്ഞോടാൻ ശ്രമിച്ചതാണ് വിനയായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Content Highlights: Yashasvi Jaiswal scored 32 runs before getting run out in the 11th over., A mix-up and collision with the bowler led to the unfortunate dismissal
Published: 15 Aug 2026, 12:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented