കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ പേസ് ബൗളർ അസിത ഫെർണാണ്ടോയുമായുള്ള വാക്കേറ്റത്തിൽ ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാളിനെതിരെ നടപടിക്ക് സാധ്യത. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ക്ലോസ് 2.12 അനുസരിച്ച് അന്താരാഷ്ട്ര മത്സരത്തിനിടയിൽ ഒരു കളിക്കാരൻ, സപ്പോർട്ട് സ്റ്റാഫ്, അമ്പയർ, മാച്ച് റഫറി അല്ലെങ്കിൽ മറ്റ് വ്യക്തികളുമായി അനുചിതമായ ശാരീരിക സമ്പർക്കത്തിൽ ഏർപ്പെടുന്നത് ലെവൽ 1 അല്ലെങ്കിൽ ലെവൽ 2 കുറ്റത്തിന് കാരണമാകാം. അന്താരാഷ്ട്ര മത്സരത്തിനിടയിൽ കളിക്കാരെയോ സപ്പോർട്ട് സ്റ്റാഫുകളെയോ അമ്പയർമാരെയോ മറ്റോ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ക്ലോസ് 2.13.

To advertise here,

കൊളംബോയിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ യശ്വസിക്കോ അസിത ഫെർണാണ്ടോയ്‌ക്കോ എതിരെയുള്ള ഏത് നടപടിയും ലെവൽ 1-ൽ അല്ലെങ്കിൽ പരമാവധി ലെവൽ 2-ൽ ഉൾപ്പെടാനാണ് സാധ്യത. ഔദ്യോഗിക മുന്നറിയിപ്പ് മുതൽ മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴ ഈടാക്കൽ എന്നിവയാണ് ഈ ലെവലുകൾ പ്രകാരമുള്ള ശിക്ഷകൾ. ഇരുവരുടെയും പേരിൽ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ മാച്ച് ഒഫീഷ്യൽസോ മാച്ച് റഫറിയോ സംഭവം കൂടുതൽ ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയില്ലെങ്കിൽ സസ്‌പെൻഷൻ ഉണ്ടാകാൻ സാധ്യതയില്ല.

ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 17-ാം ഓവറിലെ അവസാന പന്തിലാണ് ഈ വാക്കേറ്റത്തിന് കാരണമായ സംഭവമുണ്ടായത്. ഈ ഓവറിൽ അസിത ഫെർണാണ്ടോയെ മൂന്നു ഫോറുകൾ അടിച്ച് അർദ്ധ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു യശസ്വി. എന്നാൽ, അവസാന പന്തിൽ താരത്തിന്റെ ബെയ്ൽസ് അസിത ഇളക്കി. 45 റൺസിന് ഔട്ടായ യശസ്വി ഗ്രൗണ്ട് വിടാനൊരുങ്ങി. എന്നാൽ, ആഘോഷത്തിനിടെ ലങ്കൻ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഏതോ വാക്ക് ഇന്ത്യൻ താരത്തെ ചൊടിപ്പിക്കുകയായിരുന്നു.

തിരിഞ്ഞുനടന്ന് അസിതയുമായി യശസ്വി വാക്കുതർക്കത്തിലേർപ്പെട്ടു. ഇരുവരും പരസ്പരം തല മുട്ടിക്കുകയും ചെയ്തു. ആ സമയത്ത് ലങ്കയുടെ മറ്റ് താരങ്ങൾ ഇടപെടുകയും യശസ്വിയെ പിടിച്ചുമാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെ യശസ്വിയെ വിമർശിച്ച് അജയ്‌ ജഡേജയും ചേതേശ്വർ പൂജാരയും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ബാറ്റിങ് കോച്ച് സീതാംശു കൊടകും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു.

വാക്കേറ്റത്തിനിടയിൽ യശ്വസി ലങ്കൻ ബൗളറുടെ അത്രയും അടുത്ത് പോകേണ്ടിയിരുന്നില്ല എന്നായിരുന്നു സീതാംശു പറഞ്ഞത്. മത്സരത്തിന്റെ ആവേശത്തിൽ ലങ്കൻ ബൗളർ മോശമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്നും അതായിരിക്കും സംഭവങ്ങൾക്ക് തുടക്കമിട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ബൗളർ എന്തെങ്കിലും കമന്റ് പറഞ്ഞിട്ടുണ്ടാകുമെന്നും അത് മത്സരത്തിന്റെ ആവേശത്തിനിടയിൽ സംഭവിച്ചതാകാനാണ് സാധ്യതയെന്നും ഞാൻ കരുതുന്നു. യശസ്വി അത്രയധികം അടുത്ത് പോകരുതായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം. എങ്കിലും ഇത്തരം കാര്യങ്ങൾ മത്സരത്തിനിടയിൽ സംഭവിക്കാറുണ്ട്'-സീതാംശു വ്യക്തമാക്കി.