കൊളംബോ: ഗ്രൗണ്ടിലെ വാക്കേറ്റത്തെ തുടർന്ന് ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാളിനും ശ്രീലങ്കൻ ബൗളർ അസിത ഫെർണാണ്ടോയ്ക്കും പിഴ ശിക്ഷ വിധിച്ച് ഐസിസി. ഇരുവരും മത്സരഫീസിന്റെ 25% പിഴയായി നൽകണം. ഒപ്പം ഇരുവർക്കും ഒരോ ഡീമെറിറ്റ് പോയിന്റും ഐസിസി ചുമത്തി.

To advertise here,

കളിക്കാർ തമ്മിലുള്ള അനുചിതമായ ശാരീരിക സമ്പർക്കവുമായി ബന്ധപ്പെട്ട ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 ലംഘിച്ചതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. ഐസിസി മാച്ച് റഫറി ആന്റി പൈക്രോഫ്റ്റ് നിർദേശിച്ച ശിക്ഷ ഇരുകളിക്കാരും അംഗീകരിച്ചതിനാൽ ഹിയറിങ്ങ് ഉണ്ടായിരുന്നില്ല. ഓൺ ഫീൽഡ് അമ്പയർമാരായ അഹ്‌സൻ റാസ, ഷർഫുദ്ദൗള ഇബ്‌നു ഷാഹിദ്, തേർഡ് അമ്പയർ റോഡ് ടക്കർ, ഫോർത്ത് അമ്പയർ പ്രകീത് രാംബുക്‌വെല്ല എന്നിവരാണ് പരാതി നൽകിയത്.

ടെസ്റ്റിന്റെ ഒന്നാം ദിവസം 17-ാം ഓവറിലെ അവസാന പന്തിലാണ് വാക്കേറ്റത്തിന് കാരണമായ സംഭവമുണ്ടായത്. ഈ ഓവറിൽ അസിത ഫെർണാണ്ടോയെ മൂന്നു ഫോറുകൾ അടിച്ച് അർദ്ധ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു യശസ്വി. എന്നാൽ, അവസാന പന്തിൽ താരത്തിന്റെ ബെയ്ൽസ് അസിത ഇളക്കി. 45 റൺസിന് ഔട്ടായ യശസ്വി ഗ്രൗണ്ട് വിടാനൊരുങ്ങി. എന്നാൽ, ആഘോഷത്തിനിടെ ലങ്കൻ താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ ഏതോ വാക്ക് ഇന്ത്യൻ താരത്തെ ചൊടിപ്പിക്കുകയായിരുന്നു.

തിരിഞ്ഞുനടന്ന് അസിതയുമായി യശസ്വി വാക്കുതർക്കത്തിലേർപ്പെട്ടു. ഇരുവരും പരസ്പരം തല മുട്ടിക്കുകയും ചെയ്തു. ആ സമയത്ത് ലങ്കയുടെ മറ്റ് താരങ്ങൾ ഇടപെടുകയും യശസ്വിയെ പിടിച്ചുമാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെ യശസ്വിയെ വിമർശിച്ച് അജയ് ജഡേജയും ചേതേശ്വർ പൂജാരയും രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ ഐസിസി നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.