ന്യൂഡല്‍ഹി: സോഫി മൊളീനക്‌സിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരില്ല ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്. എട്ടാം ഓവര്‍ എറിയാന്‍ മൊളീനക്‌സിനെ അല്ലായിരുന്നു ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഏല്‍പ്പിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ, വിധി മറ്റൊന്നാവുമായിരുന്നു. ആ ഒറ്റ തീരുമാനത്തിന്റെ പ്രതിഫലമെന്നോണം, വനിതാ പ്രീമിയര്‍ ലീഗ് രണ്ടാം സീസണ്‍ കിരീടം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്. ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു വട്ടംകൂടി ഫൈനലില്‍ കണ്ണീര്‍ മടക്കം. സ്‌കോര്‍- ഡല്‍ഹി: 113-ന് പുറത്ത്. ബാംഗ്ലൂര്‍: 115-2 (19.3. ഓവര്‍)

To advertise here,

ഡല്‍ഹി തകര്‍പ്പനായിത്തന്നെ തുടങ്ങിയിരുന്നു. എട്ടാം ഓവറിലെ കാലിടര്‍ച്ച. പിന്നീടങ്ങോട്ട് ഇഴഞ്ഞിഴഞ്ഞ് നീങ്ങിയെന്ന് പോലും പറയാനാവാത്ത ഓവറുകള്‍. ആറ് ഓവറില്‍ 61 റണ്‍സുണ്ടായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് അങ്ങനെ തട്ടിമുട്ടി 113 വരെ എത്തി. 18.3 ഓവറിനിടെത്തന്നെ എല്ലാവരും മടങ്ങി. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് ഒരു പതര്‍ച്ചയുമുണ്ടായിരുന്നില്ല. നിശ്ചിത ഓവറില്‍ത്തന്നെ വിജയം പിടിച്ചെടുത്ത് കന്നിക്കിരീടത്തില്‍ മുത്തമിട്ടു. 

ഡല്‍ഹി ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് സ്മൃതി മന്ദാനയും സോഫി ഡിവൈനും മികച്ച തുടക്കം നല്‍കി. ഒന്‍പതാം ഓവറില്‍ ടീം സ്‌കോര്‍ 49-ല്‍ നില്‍ക്കേ, സോഫി ഡിവൈനെയാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടപ്പെട്ടത്-27 പന്തില്‍ 32 റണ്‍സ്. 15-ാം ഓവറില്‍ മിന്നു മണിയെ കൂറ്റനടിക്ക് ശ്രമിച്ച് സ്മൃതി മന്ദാനയും പുറത്തായി (39 പന്തില്‍ 31 റണ്‍സ്). അരുന്ധതിക്കാണ് ക്യാച്ച്. അപ്പോഴേക്കും ടീം സ്‌കോര്‍ 82 റണ്‍സിലെത്തിയിരുന്നു. പിന്നീട് എലിസ് പെറിയും (37 പന്തില്‍ 35) റിച്ച ഘോഷും (14 പന്തില്‍ 17) ക്രീസില്‍ നിലയുറപ്പിച്ച് ഫൈനല്‍ വിജയം കൈപ്പിടിയിലൊതുക്കി. 

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സിന് ഗംഭീരമായ തുടക്കം ലഭിച്ചത് മുതലാക്കാനായില്ല.18.3 ഓവറില്‍ 113 റണ്‍സിന് പുറത്തായി. ശ്രേയങ്ക പാട്ടീല്‍ നാലുവിക്കറ്റ് നേടിയപ്പോള്‍ സോഫീ മൊളീനക്‌സ് മൂന്നും മലയാളി താരം ആശ ശോഭന രണ്ടും വിക്കറ്റുകള്‍ നേടി. 44 റണ്‍സ് നേടിയ ഷഫാലി വര്‍മയാണ് ഡല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍.

ഏഴാം ഓവര്‍വരെ കളി സമ്പൂര്‍ണമായി ഡല്‍ഹിയുടെ വരുതിയിലായിരുന്നു. എട്ടാം ഓവര്‍ എറിയാനെത്തിയ സോഫീ മൊളീനക്‌സ് കേവലമായ നാല് പന്തുകള്‍ക്കൊണ്ട് ഡല്‍ഹിയുടെ ആധിപത്യത്തിന്റ ചിറകരിച്ചു. ആദ്യ പന്തില്‍ത്തന്നെ തകര്‍പ്പനടികളോടെ കളം വാണ ഷഫാലി വര്‍മയെ പറഞ്ഞയച്ചു. ടീം സ്‌കോര്‍ 64-ല്‍ നില്‍ക്കേയായിരുന്നു അത്. അതില്‍ 44 റണ്‍സും നേടിയത് ഷഫാലി. കേവലമായ 27 പന്തുകളില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അകമ്പടി ചേര്‍ത്ത ഇന്നിങ്‌സാണ് അത്. സിക്‌സിനു പറത്തിയ പന്ത് അതിര്‍വരയ്്ക്ക് അരികത്തുവെച്ച് വെയര്‍ഹാമിന്റെ കൈകളില്‍ ഭദ്രമായതോടെ ഷഫാലിക്ക് മടങ്ങേണ്ടി വന്നു. ബാംഗ്ലൂര്‍ അത്രമേല്‍ കൊതിച്ച ആദ്യ വിക്കറ്റ്.  

അടുത്തതായി വന്ന ജെമീമ റോഡ്രിഗസ് നേരിട്ട രണ്ടാം പന്തില്‍ത്തന്നെ മടങ്ങി (പൂജ്യം). പിന്നാലെയെത്തിയ അലിസ് കാപ്‌സി അലസമായ ഷോട്ടിന് ശ്രമിച്ച് പരാജയപ്പെട്ടു. കാപ്‌സിയും പൂജ്യത്തിന് മടങ്ങിയതോടെ ഡല്‍ഹി ആക്രമണ ശൈലിയില്‍നിന്ന് പ്രതിരോധ ശൈലിയിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. ഈ സമയങ്ങളിലൊക്കെ ഒരു വശത്ത് കരുതലോടെ നിലയുറപ്പിച്ചു നില്‍ക്കുകയായിരുന്നു ക്യാപ്റ്റന്‍ മെഗ് ലാനിങ്. 11-ാം ഓവറിലെ നാലാം പന്തില്‍ ശ്രേയങ്ക പാട്ടീല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി ലാനിങ്ങിനെയും പറഞ്ഞയച്ചു (23 പന്തില്‍ 23 റണ്‍സ്).

പതിന്നാലാം ഓവറിലാണ് പിന്നീട് വിക്കറ്റ് കണ്ടത്. മലയാളി താരം ആശ ശോഭന എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ മരിസാനെ കാപ്പിനെ സോഫി ഡിവൈന്റെ കൈകളിലേക്ക് നല്‍കി തിരിച്ചയച്ചു. 16 പന്തില്‍ എട്ട് റണ്‍സാണ് സമ്പാദ്യം. ഒന്നിടവിട്ട പന്തില്‍ജെസ് ജോനാസ്സനെയും മടക്കിയയച്ചു. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ കൈകളിലേക്ക് നല്‍കിയായിരുന്നു വിക്കറ്റ് (11 പന്തില്‍ 3 റണ്‍സ്). 

പതിനഞ്ചാം ഓവറില്‍ ശ്രേയങ്ക പാട്ടീല്‍ എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ മലയാളി താരം മിന്നു മണി പുറത്തായി. ഇതോടെ ഡല്‍ഹി 87-ല്‍ ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. 3 പന്തില്‍ 5 റണ്‍സാണ് മിന്നുമണിയുടെ സംഭാവന. ആശ ശോഭന എറിഞ്ഞ മൂന്നാം ഓവറില്‍ രാധ യാദവും പുറത്തായി. സിംഗിളിനായി ശ്രമിച്ചപ്പോഴായിരുന്നു പുറത്താകല്‍. നേരത്തേ മൂന്ന് വിക്കറ്റ് നേടിയ സോഫി മൊളീനക്‌സിന്റെ കൈകളില്‍ ലഭിച്ച പന്ത് സ്റ്റമ്പിലേക്കെറിഞ്ഞത് പിഴച്ചില്ല. ഇതോടെ 101-ല്‍ എട്ട്. പത്തൊന്‍പതാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ യഥാക്രമം അരുന്ധതി റെഡ്ഢിയെയും (10) തനിയ ഭാട്യയെയും (പൂജ്യം) ശ്രേയങ്ക പാട്ടീലും മടക്കി. ശിഖ പാണ്ഡി വിക്കറ്റ് പോവാതെ അഞ്ചുറണ്‍സ് നേടി. 

എലിസ് പെറിക്കാണ് ടോപ്പ് സ്‌കോററുടെ ഓറഞ്ച് ക്യാപ്പ്. 13 പേരെ മടക്കിയ ശ്രേയങ്ക പാട്ടീലാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്‍. മലയാളി താരം ആശ ശോഭനയ്ക്കും സോഫി മൊളീനക്‌സിനും 12 വീതം വിക്കറ്റുകള്‍. ആദ്യ മൂന്നുപേരും ബാംഗ്ലൂര്‍ താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഡല്‍ഹിക്ക് ഇത് രണ്ടാം ഫൈനലാണ്. ആദ്യ സീസണില്‍ മുംബൈ കിരീടം നേടിയപ്പോള്‍ ഡല്‍ഹിയായിരുന്നു എതിരാളികള്‍. ബാംഗ്ലൂരിന് ആദ്യ ഫൈനലാണ്.