ഇന്ത്യയ്ക്കായി വനിതാ ലോകകപ്പ് കിരീടം  നേടിയ ടീമിലെ അംഗമായ താരം വോട്ടർപട്ടികയിൽനിന്ന് പുറത്തായി. പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നുള്ള റിച്ച ഘോഷാണ് പട്ടികയിൽനിന്ന് പുറത്തായത്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) പിന്നാലെയാണ് സംഭവം. വിവരങ്ങൾ പുനഃപരിശോധിക്കുകയാണ് (Under Adjudication) എന്നാണ് റിച്ചയുടെ സ്ഥിതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. റിച്ചയുടെ സഹോദരി ശ്രീഷാ ഘോഷിന്റെ പേരും വോട്ടർ പട്ടികയിലില്ല. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറും ബാറ്ററുമാണ് റിച്ച.

To advertise here,

റിച്ച ഘോഷ് വോട്ടർപട്ടികയിൽ നിന്ന് പുറത്തായത് ഇതിനകം വലിയ വിവാദത്തിന് വഴിതുറന്നു.  ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിന്റെ പൗരത്വം പരിശോധിക്കപ്പെടുന്ന സാഹചര്യം എന്താണെന്നാണ് പലരും ചോദിക്കുന്നത്. സിലിഗുരിയിലെ 19-ാം വാർഡിലാണ് റിച്ചയും സഹോദരിയും ജനിച്ചതും വളർന്നതും. 

ഹിയറിങ്ങാനായി ഹാജരാകണമെന്ന് കാണിച്ച് തങ്ങൾക്ക് നേരത്തേ നോട്ടീസ് ലഭിച്ചിരുന്നതായി റിച്ചയുടെ പിതാവ് പറഞ്ഞു. ഈ സമയത്ത് റിച്ച സ്ഥലത്തില്ലായിരുന്നതിനാൽ ആവശ്യമായ രേഖകൾ അധികൃതർക്ക് സമർപ്പിച്ചിരുന്നു. ഇതിന് ശേഷം മക്കൾ രണ്ടുപേരും വോട്ടർപട്ടികയിൽ ഉൾപ്പെടാതിരുന്നത് അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ വിഷയം ഉന്നയിക്കുമെന്നും വ്യക്തത തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ സിലിഗുരി മേയർ ഗൗതം ദേബ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തെത്തി. ഒരു രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.