സില്‍ഹത്ത്: 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ പാകിസ്താനെ ഒരു റണ്ണിന് കീഴടക്കിയാണ് ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചത്. ഒക്ടോബര്‍ 15 നാണ് ഫൈനല്‍.

To advertise here,

ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച പാകിസ്താന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ശ്രീലങ്കയ്ക്ക് സാധിച്ചു. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. 35 റണ്‍സെടുത്ത ഹര്‍ഷിത സമരവിക്രമയും 26 റണ്‍സ് നേടിയ അനുഷ്‌ക സഞ്ജീവനിയുമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പാകിസ്താന് വേണ്ടി നഷ്‌റ സന്ധു 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനുവേണ്ടി 42 റണ്‍സെടുത്ത ബിസ്മ മറൂഫും 26 റണ്‍സ് നേടിയ നിദ ദാറും നന്നായി ബാറ്റുചെയ്‌തെങ്കിലും വിജയം നേടിയെടുക്കാനായില്ല. അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ അഞ്ചുവിക്കറ്റ് ശേഷിക്കേ ഒന്‍പത് റണ്‍സ് മതിയായിരുന്നു. എന്നാല്‍ അവസാന ഓവര്‍ ചെയ്ത അചിനി കുലസൂര്യ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ പാകിസ്താന്‍ പടിക്കല്‍ കലമുടച്ചു. അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നു വിജയലക്ഷ്യം. എന്നാല്‍ ഈ പന്തില്‍ നിന്ന് വെറും ഒരു റണ്‍ മാത്രമാണ് പാകിസ്താന് നേടാനായത്. ഇതോടെ ശ്രീലങ്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 

ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക രണവീര രണ്ട് വിക്കറ്റെടുത്തപ്പോള്‍ കവിഷ ദില്‍ഹാരി, സുഗന്ധിക കുമാരി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്ക ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോള്‍ 41 റണ്‍സിന്റെ പരാജയമേറ്റുവാങ്ങിയിരുന്നു.