സില്‍ഹെത്(ബംഗ്ലാദേശ്): വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താന്‍. സില്‍ഹെത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ 13 റണ്‍സിനാണ് പാകിസ്താന്റെ വിജയം. ഇന്ത്യയ്‌ക്കെതിരേയുളള പാകിസ്താന്റെ മൂന്നാം ടി-20 വിജയം കൂടിയാണിത്. ഇതിന് മുമ്പ് 2016-മാര്‍ച്ചിലാണ് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്റെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യ ആറ് ഓവറിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചാം ഓവറില്‍ ഓപ്പണര്‍ അമീനെ പൂജ വസ്ത്രാക്കര്‍ പുറത്താക്കി. 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അടുത്ത ഓവറില്‍ മുനീബ അലി, ഓമൈമ സൊഹൈല്‍ എന്നിവരെ ദീപ്തി ശര്‍മ മടക്കി.
പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച മറൂഫ്-നിദ ദര്‍ കൂട്ട്‌കെട്ടാണ് പാകിസ്താനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 32 റണ്ണെടുത്ത മറൂഫിനെ രേണുക സിങ് പുറത്താക്കി. അപ്പോഴേക്കും ടീം സ്‌കോര്‍ നൂറ് കടന്നിരുന്നു. പിന്നീട് വന്നവര്‍ വേഗം കൂടാരം കയറിയതോടെ പാകിസ്താന്‍ ഇന്നിങ്‌സ് 135-ല്‍ അവസാനിച്ചു. 35 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത നിദ ദര്‍ പുറത്താവാതെ നിന്നു. അഞ്ച് ബൗണ്ടറികളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ അര്‍ധസെഞ്ച്വറി പ്രകടനം. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും പൂജ വസ്ത്രാക്കര്‍ രണ്ട് വിക്കറ്റും രേണുക സിങ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ സാബ്ബിനേനി മേഘ്‌നയും സ്മൃതി മന്ദാനയും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 15 റണ്ണെടുത്ത മേഘ്‌ന നാലാം ഓവറില്‍ പുറത്തായി. പിന്നീടിറങ്ങിയ ജെമീമ റോഡ്രിഗസിന് കാര്യമായൊന്നും ചെയ്യാനായില്ല. സ്മൃതി മന്ദാന-ഹേമലത കൂട്ട്‌കെട്ട് ടീം സ്‌കോര്‍ 50-ലെത്തിച്ചു. 17 റണ്ണെടുത്ത മന്ദാനയെ നശ്ര സന്ധു പുറത്താക്കി. കൃത്യമായ ഇടവേളകളില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ വീണതോടെ ടീം പ്രതിസന്ധിയിലായി. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. 19.4 ഓവറില്‍ 124-റണ്‍സിന് ഇന്ത്യയുടെ എല്ലാവരും പുറത്തായി. പാകിസ്താന് വേണ്ടി നശ്ര സന്ധു മൂന്ന് വിക്കറ്റ് വീഴ്ത്തി. നിദ ഡാര്‍, സാദിയ ഇക്ബാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ നിദ ദര്‍ ആണ് കളിയിലെ താരം. അര്‍ധസെഞ്ചുറി നേടിയ താരം രണ്ട് വിക്കറ്റുകളും നേടി. വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരേ ഒരു പാകിസ്താന്‍ ബാറ്ററുടെ ഉയര്‍ന്ന ടി-20 സ്‌കോര്‍ കൂടിയാണ് താരത്തിന്റേത്.
Content Highlights: Women's Asia Cup: Pakistan stun India, clinch first win over arch-rivals in T20Is in 6 years
Published: 07 Oct 2022, 08:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented