സിഡ്‌നി: 2018-ലെ കേപ് ടൗൺ ടെസ്റ്റിനിടയിലെ 'സാൻഡ്‌പേപ്പർഗേറ്റ്' പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ തന്റെ ആത്മകഥയിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ തള്ളി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഖവാജയുടെ അവകാശവാദങ്ങൾ '100 ശതമാനം തെറ്റാണെന്നും' 'പൂർണമായും അസംബന്ധമാണെന്നും' സിഡ്‌നിയിൽ വാർത്താസമ്മേളനത്തിൽ കമ്മിൻസ് വ്യക്തമാക്കി. ഖവാജയുടെ ആരോപണങ്ങൾ ആളുകളുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ലഘുവായി കാണുന്നതാണെന്നും, പൂർണമായും വസ്തുതാവിരുദ്ധമാണെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു.

To advertise here,

ടെസ്റ്റിനിടെ മൈതാനത്തേക്ക് സാൻഡ്‌പേപ്പർ കൊണ്ടുപോകുന്ന കാര്യം ബൗളർമാർ ഉൾപ്പെടെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന ഖവാജയുടെ ആരോപണം 100 ശതമാനവും തെറ്റാണെന്ന് കമ്മിൻസ് പറഞ്ഞു. ബൗളിങ് നിരയാണ് ഈ പദ്ധതിയുടെ ആസൂത്രകർ എന്ന ആരോപണം തികച്ചും അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ടു വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു ആരോപണം ഉന്നയിച്ച് ഖവാജ തങ്ങളുടെ ജീവിതത്തെയും മാനത്തെയും ഓസ്ട്രേലിയൻ ക്രിക്കറ്റിനെയും നിസ്സാരമായി കാണുകയാണ് ചെയ്തതെന്ന് കമ്മിൻസ് കുറ്റപ്പെടുത്തി.

പന്ത് ചുരണ്ടുന്നതിനിടയിൽ കാമറൂൺ ബാൻക്രോഫ്റ്റിനോട് 'ശ്രദ്ധിക്കണം' എന്ന് ഖവാജ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വെളിപ്പെടുത്തൽ തന്നെ ഞെട്ടിച്ചതായി കമ്മിൻസ് വ്യക്തമാക്കി. അത്തരമൊരു കാര്യം അറിയാമായിരുന്നെങ്കിൽ ഖവാജ അത് അവിടെവച്ചുതന്നെ തടയണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2018-ലെ അന്വേഷണ സമയത്ത് പറയാതിരുന്ന കാര്യങ്ങൾ വെളിപ്പെടുത്താൻ ഖവാജ എന്തുകൊണ്ടാണ് എട്ടു വർഷം കാത്തിരുന്നതെന്നും കമ്മിൻസ് ചോദിച്ചു. കൂടാതെ പുസ്തകം എഴുതുന്നതിന് മുൻപ് തന്നോടോ മറ്റു സഹതാരങ്ങളോടോ അവരുടെ ഭാഗം എന്താണെന്ന് ഖവാജ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2021-ൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ താനും ബൗളർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നേഥൻ ലയൺ എന്നിവരും ഈ പദ്ധതിയെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് പരസ്യമായി വ്യക്തമാക്കിയതാണെന്ന് കമ്മിൻസ് ഓർമിപ്പിച്ചു. മിച്ചൽ സ്റ്റാർക്ക് ഈ ആഴ്ചയും കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്ന നിലപാട് ആവർത്തിച്ചപ്പോൾ, ലയണും ഹേസൽവുഡും പ്രതികരിച്ചിട്ടില്ല. അതേസമയം ഡേവിഡ് വാർണർ ഖവാജയുടെ ആരോപണങ്ങളെ പിന്തുണച്ചപ്പോൾ, അന്നത്തെ ഹെഡ് കോച്ച് ഡാരൻ ലെമാനും ബാറ്റിങ് കോച്ച് ഗ്രെയിം ഹിക്കും ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് മാത്രമേ ഇതിൽ പങ്കുണ്ടായിരുന്നുള്ളൂ എന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്നത്തെ അന്വേഷണ കണ്ടെത്തൽ.

കേപ് ടൗൺ ടെസ്റ്റിന് ശേഷം ഡ്രസ്സിങ് റൂമിൽ ടീം ഒന്നടങ്കം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന ഖവാജയുടെ വാദത്തെക്കുറിച്ച് തനിക്ക് യാതൊരു ഓർമയുമില്ലെന്നും അദ്ദേഹം പറഞ്ഞു. 2018-ൽ ടീമിന് ജയം മാത്രം ലക്ഷ്യമിടുന്ന ഒരു മോശം മാനസികാവസ്ഥയും അഹങ്കാരവും ഉണ്ടായിരുന്നതായി സമ്മതിച്ച കമ്മിൻസ്, താൻ നായകനായ ശേഷം ആ സംസ്‌കാരം മാറ്റിയെടുക്കാൻ ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഈ വിഷയത്തിൽ വീണ്ടും അന്വേഷണം നടത്തില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മണിക്കൂറിലധികം നീണ്ട വാർത്താസമ്മേളനത്തിൽ തന്റെ നിലപാടുകൾ വ്യക്തമാക്കിയ കമ്മിൻസ്, ഇനി ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വിവാദങ്ങൾക്ക് വിരാമമിട്ടു.