ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി-20കളില്‍ പേസ് ബൗളര്‍ അര്‍ഷദീപ് സിങ്ങിന് വിശ്രമം നല്‍കിയതിന്റെ കാരണം വിശദീകരിച്ച് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് വ്യത്യസ്ത ബൗളിങ് ഓപ്ഷനുകള്‍ പരീക്ഷിക്കുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'അര്‍ഷ്ദീപ് പരിചയസമ്പന്നനാണ്. ഞങ്ങള്‍ക്ക് വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്ന ഒരു വലിയ ലക്ഷ്യമുണ്ടെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം ഒരു ലോകോത്തര ബൗളറാണ്. പവര്‍പ്ലേയില്‍ ഞങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് അര്‍ഷദീപാണ്. അതുകൊണ്ട് ടീമിന് എത്രത്തോളം വിലപ്പെട്ടവനാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ പര്യടനത്തില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം മറ്റ് കോമ്പിനേഷനുകള്‍ പരീക്ഷിക്കുക എന്നതും പ്രധാനമാണ്. അവനത് മനസ്സിലാക്കുന്നുണ്ട്.'-മോണി മാര്‍ക്കല്‍ വ്യക്തമാക്കി.
സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ഓരോ കളിക്കാരനും എങ്ങനെ പ്രകടനം നടത്തുന്നുവെന്ന് കാണാന്‍ മാനേജ്മെന്റ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഇത് എളുപ്പമല്ല. കളിക്കാരേയും സെലക്ഷനേയും സംബന്ധിച്ച് എപ്പോഴും നിരാശയുണ്ടാകും. എന്നാല്‍ അത് ചില സമയങ്ങളില്‍ ഒരു കളിക്കാരന് നിയന്ത്രിക്കാനാവാത്ത ഒന്നാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് കഠിനാധ്വാനം ചെയ്യാനും പരമാവധി ശ്രമിക്കാനും അവസരം ലഭിക്കുമ്പോള്‍ തയ്യാറായിരിക്കാനും ഞങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. ട്വന്റി-20 ലോകകപ്പിലേക്ക് അധികം മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍, സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ കളിക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിര്‍ണായകമാണ്. അല്ലെങ്കില്‍ അവരുടെ കഴിവുകളെക്കുറിച്ച് ഞങ്ങള്‍ക്ക് ഉറപ്പുണ്ടാകില്ല. അത്തരം മത്സരങ്ങള്‍ കളിക്കുകയും അതോടൊപ്പം മത്സരം വേഗത്തില്‍ ജയിക്കാനുള്ള മാനസികാവസ്ഥ നിലനിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്'-മോണി മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ രണ്ട് ട്വന്റി-20കള്‍ നഷ്ടമായതിന് ശേഷം മൂന്നാം ട്വന്റി-20യില്‍ അര്‍ഷ്ദീപ് മികച്ച പ്രകടനത്തോടെ ടീമില്‍ തിരിച്ചെത്തിയിരുന്നു. തന്റെ നാലോവര്‍ സ്‌പെല്ലില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. മൂന്ന് വിക്കറ്റുകളില്‍ രണ്ടെണ്ണം പവര്‍പ്ലേയിലും ഒരെണ്ണം ഡെത്ത് ഓവറുകളിലുമായിരുന്നു. മത്സരത്തിലെ താരമായി അര്‍ഷദീപിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
നവംബര്‍ 6 വ്യാഴാഴ്ച ക്വീന്‍സ്ലാന്‍ഡിലെ കരാര ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ട്വന്റി-20 മത്സരം. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്.
Content Highlights: why drop arshdeep singh india coach morne morkel gives intriguing reply in press conference
Published: 05 Nov 2025, 11:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented