ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫിയിലേക്ക് വിരാട് കോലിയുടേയും രോഹിത് ശർമയുടേയും തിരിച്ചുവരവ് ആഭ്യന്തര മത്സരങ്ങൾക്ക് പുതിയ ഊർജം നൽകിയിട്ടുണ്ട്. ഇരുവരുടേയും സാന്നിധ്യം കാരണം കൂടുതൽ ആളുകൾ ടൂർണമെന്റ് ശ്രദ്ധിക്കാൻ തുടങ്ങി. കോടിക്കിലുക്കമുള്ള രണ്ട് സൂപ്പർ താരങ്ങൾക്ക് വിജയ് ഹസാരെ ട്രോഫി കളിക്കുന്നതിലൂടെ ലഭിക്കുന്ന സമ്പാദ്യമെത്രയായിരിക്കും? ഐപിഎൽ, അന്താരാഷ്ട്ര മത്സരങ്ങൾ, പരസ്യവരുമാനങ്ങൾ വഴിയൊക്കെ കോടികൾ സമ്പാദിക്കുന്ന താരങ്ങൾക്ക്, വിജയ് ഹസാരെ ട്രോഫിയിൽനിന്ന് ലഭിക്കുക തുച്ഛവരുമാനമാണ്.
കളിക്കാരുടെ മൂല്യം നിശ്ചയിക്കുന്ന ഐപിഎൽ പോലെയല്ല വിജയ് ഹസാരെ ട്രോഫിയിലെ ശമ്പളം. ലിസ്റ്റ് എ മത്സരങ്ങൾ (ആഭ്യന്തര ഏകദിന മത്സരങ്ങൾ) എത്രയെണ്ണം കളിച്ചു എന്നത് അടിസ്ഥാനമാക്കിയാണ് ഇവിടെ പ്രതിഫലം നിശ്ചയിക്കുക. സീനിയർ, മധ്യതലം, ജൂനിയർ എന്നിങ്ങനെ വിഭാഗങ്ങളാക്കി തിരിച്ചാണ് ഓരോരുത്തരുടേയും പ്രതിഫലം നിശ്ചയിക്കുക. നാൽപ്പതിലധികം ലിസ്റ്റ് എ മത്സരങ്ങൾ കളിച്ച ഒരു താരം ഇലവനിൽ ഉൾപ്പെട്ടാൽ ഒരു കളിക്ക് 60,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. റിസർവ് താരത്തിന് 30,000 രൂപയും. 21 മുതൽ 40 വരെ മത്സരങ്ങൾ കളിച്ചവർക്ക് 50,000 രൂപയും റിസർവ് താരത്തിന് 25,000 രൂപയും. 20 മത്സരങ്ങൾ വരെ കളിച്ചവർക്ക് 40,000. റിസർവ് താരങ്ങൾക്ക് 20,000 രൂപ.
ഡൽഹി താരം കോലി, മുംബൈ താരം രോഹിത് എന്നിവർ 40 മത്സരങ്ങളുടെ പരിധി കടന്നതിനാൽ ഇരുവർക്കും ഒരേ പ്രതിഫലമായിരിക്കും. മറ്റ് അലവൻസുകൾ, യാത്ര, ഭക്ഷണം, താമസ ചെലവുകൾ, മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തുക തുടങ്ങിയവ വേറെയും ലഭിക്കും. നോക്കൗട്ട്, ഫൈനൽ യോഗ്യത നേടുന്ന ടീമുകൾക്ക് ലഭിക്കുന്ന പ്രതിഫലത്തിൽനിന്ന് ഇവർക്ക് നിശ്ചിത പങ്കുമുണ്ടാകും. അതേസമയം, ഏകദിന മത്സരങ്ങൾക്ക് ഈ താരങ്ങൾക്ക് ബിസിസിഐ നൽകുന്ന തുക ആറുലക്ഷമാണ്.
Published: 27 Dec 2025, 08:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented