തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കൊല്ലം സെയ്‌ലേഴ്‌സ് നായകൻ വത്സൽ ഗോവിന്ദിന് അർധസെഞ്ചുറി. ഈ സീസണിലെ തന്റെ രണ്ടാം അർധശതകം കുറിച്ച വത്സലിന്റെ മികവിലാണ് കൊല്ലം ടീം സ്കോർ 158 ലെത്തിയത്. 28 പന്തുകളിൽ നിന്ന് തൻ്റെ രണ്ടാം ഫിഫ്റ്റി സ്വന്തമാക്കിയ താരം 46 പന്തുകളിൽ നിന്ന് 77 റൺസ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. മൂന്ന് സിക്സും എട്ടു ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.
മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണർ അഭിഷേക് ജെ. നായർക്കൊപ്പം ഇന്നിങ്സ് ആരംഭിച്ച വത്സൽ തുടക്കം മുതൽ ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെയാണ് ബാറ്റ് വീശിയത്. മനു കൃഷ്ണനെ ബൗണ്ടറി പായിച്ച് ആക്രമണത്തിന് തുടക്കമിട്ട വത്സൽ കൊച്ചി നായകൻ സാലി എറിഞ്ഞ ഓവറിൽ തന്റെ ആദ്യ സിക്സറും പറത്തി. അതേ ഓവറിലെ അവസാന പന്തിൽ താരം ബൗണ്ടറിയും കണ്ടെത്തി. ജെറിനെതിരെ രണ്ട് തവണ പന്ത് അതിർത്തി കടത്തിയ വത്സലിന് മുന്നിൽ കൊച്ചിയുടെ പേസ് കുന്തമുനയായ ബേസിൽ തമ്പിക്കും അടിതെറ്റി. ബേസിൽ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറികൾ നേടിയ അദ്ദേഹം, പത്താം ഓവറിൽ ബേസിലിനെ സിക്സർ പറത്തി കൊല്ലത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തി.
ഒന്നാം വിക്കറ്റിൽ അഭിഷേകിനൊപ്പം ചേർന്ന് 60 പന്തിൽ 99 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് വത്സൽ പടുത്തുയർത്തിയത്. ഈ ഓപ്പണിങ് കരുത്തിലാണ് കൊല്ലം സെയ്‌ലേഴ്‌സ് 158 റൺസ് എന്ന സ്കോറിലേക്ക് എത്തിയത്. ആറു മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ചുറികളടക്കം 267 റൺസ് അടിച്ചുകൂട്ടിയ വത്സൽ, ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
Content Highlights: Kollam Sailors captain Vatsal Govind scored 77 runs off 46 balls against Kochi Blue Tigers., His knock included 3 sixes and 8 boundaries
Published: 27 Aug 2026, 05:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented