വെല്ലിങ്ടൺ: കിവീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലായതിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഇന്ത്യ അഞ്ചാം ദിനം മുഴുവൻ സമയവും കളിക്കണമായിരുന്നുവെന്നും ഒരു മണിക്കൂർ മുൻപ് തന്നെ കൈകൊടുത്ത് സമനിലയിൽ പിരിഞ്ഞത് ശരിയായില്ലെന്നും അശ്വിൻ പറഞ്ഞു. കോലിയിൽ ഇതാണ് കണ്ട് പഠിക്കേണ്ടതെന്നും അശ്വിൻ കൂട്ടിച്ചേർത്തു. അഞ്ചാംദിനം മൂന്നാം സെഷനിലും കിവീസ് നിലയുറപ്പിച്ചതോടെ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടാമിന്നിങ്സിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിലായിരുന്നു ആതിഥേയർ.

To advertise here,

‘വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന ഒരു കാര്യം ഇതാണ്. മത്സരം സമനിലയിലായേക്കാം. മറ്റൊരു ബൗളറോ മറ്റൊരു ക്യാപ്റ്റനോ ആയിരുന്നെങ്കിൽ പോലും മത്സരം ജയിക്കുമായിരുന്നുവെന്ന് പറയാനാവില്ല. എന്നാൽ ഇത്തരം നിർണായകഘട്ടങ്ങളിൽ നടത്തുന്ന ഇടപെടലുകൾ സഹായിക്കും.’- അശ്വിൻ ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞു.

‘നോക്കൂ, ഡാരിൽ മിച്ചൽ ബാറ്റ് ചെയ്യുന്ന ഘട്ടത്തിൽ സംഭവിച്ചത്. അദ്ദേഹം ക്യാപ്റ്റന്റെ അടുത്തുപോവുകയും ഞങ്ങളുടെ കളിക്കാരുമായി സംസാരിക്കുകയും ചെയ്യുന്നു. ചിരിച്ചുകൊണ്ട് സംസാരിക്കുന്നു. ഞങ്ങളുടെ ടീമിൽ അങ്ങനെയൊന്നും ഉണ്ടാകാറില്ല. ഞങ്ങൾ മുന്നിലായിരിക്കുമ്പോൾ അതുണ്ടാകാറുണ്ട്. എന്നാൽ ഒരു ലക്ഷ്യത്തിനുവേണ്ടി ഞങ്ങൾ പൊരുതുമ്പോൾ ഞങ്ങൾ പോരാടാൻ തയ്യാറാണ്, കാരണം അല്ലെങ്കിൽ ബാറ്റർമാർ കംഫർട്ട് സോണിലേക്ക് പോകും.’- അശ്വിൻ കൂട്ടിച്ചേർത്തു.

ശേഷിക്കുന്ന 15 ഓവർ ഇന്ത്യ ഫീൽഡ് ചെയ്യുന്നത് കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും അശ്വിൻ പറഞ്ഞു. സ്പിന്നർമാരെ വെച്ചാണെങ്കിൽ പോലും തുടർന്നും കളിക്കണമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ബൗളർമാർ ക്ഷീണിതരാകില്ലേ എന്ന ചോദ്യത്തിന് ടെസ്റ്റ് ക്രിക്കറ്റ് ആവശ്യപ്പെടുന്ന ഒരു കാര്യമാണിതെന്നായിരുന്നു മുൻ താരത്തിന്റെ മറുപടി.

‘ടെസ്റ്റ് കളിക്കാർ ഇതിന് തയ്യാറായിരിക്കണം. ബുംറ ദീർഘനേരം പന്തെറിഞ്ഞു. ബുംറ ഇനി പന്തെറിയേണ്ടതില്ലെന്ന് തോന്നുന്നുവെങ്കിൽ സ്പിന്നർമാരെ എറിയിക്കൂ. കാണികളെ ആവേശം കൊള്ളിക്കൂ. ഞങ്ങൾ ഈ ടെസ്റ്റ് മത്സരത്തിൽ ആധിപത്യം പുലർത്തി. പക്ഷേ അവരെ പൂർണമായും കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. ടെസ്റ്റ് മത്സരത്തിൽ ആധിപത്യം പുലർത്തിയതിന് ആരും പോയന്റ് തരില്ല. ജയിക്കുമ്പോഴാണ് പോയന്റുകൾ ലഭിക്കുക. നിങ്ങൾ വളരെ നല്ലൊരു ടെസ്റ്റ് മത്സരം കളിച്ചു, പക്ഷേ 20 വിക്കറ്റുകൾ വീഴ്ത്തിയില്ല എന്ന് ആളുകൾ പറയും. നല്ല ക്രിക്കറ്റ് കളിച്ചതിന് ഞങ്ങൾക്ക് പോയിന്റുകൾ ലഭിക്കില്ല.’ - അശ്വിൻ കൂട്ടിച്ചേർത്തു.

ന്യൂസീലൻഡ് രണ്ട് വിക്കറ്റിന് 119 റൺസ് എന്ന നിലയിലാണ് അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ആദ്യ രണ്ട് സെഷനുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞെങ്കിലും ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്‌സും ചേർന്ന് പ്രതിരോധം തീർത്തതോടെ സന്ദർശകർക്ക് പിന്നീട് കാര്യമായ മുന്നേറ്റം നടത്താനായില്ല. മിച്ചൽ 186 പന്തിൽ 49 റൺസോടെയും ഫിലിപ്‌സ് 126 പന്തിൽ 26 റൺസോടെയും പുറത്താകാതെ നിന്നു. അവസാന സെഷനിലുടനീളം ഈ സഖ്യം ഇന്ത്യൻ ബൗളർമാരെ നിരാശപ്പെടുത്തി.