ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ പാകിസ്താൻ എയ്ക്കെതിരേ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമയ്ക്ക് വിമർശനം. കൂറ്റനടികൾക്ക് ശ്രമിക്കാതെ തിലക് പതിയെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയതാണ് തോൽവിക്ക് പ്രധാനകാരണമെന്ന് മുൻ താരങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. തിലകിന്റെ ബാറ്റിങ്ങിനെ വിമർശിച്ച് മുൻ താരവും കോച്ചുമായ സഞ്ജയ് ബംഗാർ രംഗത്തെത്തി. അതേസമയം ഷഹ്ബാസ് അഹമ്മദ് രണ്ടോവർ കൂടി ക്രീസിൽ നിലയുറപ്പിച്ചിരുന്നെങ്കിൽ താൻ മത്സരം ജയിപ്പിക്കുമായിരുന്നുവെന്നാണ് മത്സരശേഷം തിലക് പറഞ്ഞത്. വിക്കറ്റുകൾ നഷ്ടമായതാണ് ടീമിന് തിരിച്ചടിയായതെന്നും ഇന്ത്യ എ ക്യാപ്റ്റൻ വിലയിരുത്തി.
"ആദ്യത്തെ 25 പന്തുകളിൽ നിന്ന് തിലക് വർമ്മ 3 റൺസ് മാത്രമാണ് നേടിയത്. തുടർന്ന് അടുത്ത 25 പന്തുകളിൽ അദ്ദേഹം 12-13 റൺസ് നേടി. അങ്ങനെ 50 പന്തുകൾ കളിച്ച ശേഷം നിങ്ങൾ 18-21 റൺസിൽ എത്തിയാൽ, അത് മറുവശത്ത് നിൽക്കുന്ന ബാറ്ററെ എങ്ങനെയായിരിക്കും ബാധിക്കുക? അവസാനം റൺസ് നേടാനാകുമെന്ന ആത്മവിശ്വാസം തിലകിന് ഉണ്ടായിരുന്നു. എന്നാൽ അത് അപ്പുറത്തുള്ള ബാറ്ററെ എങ്ങനെ ബാധിക്കും? അദ്ദേഹം റിസ്ക് എടുക്കുമോ, അങ്ങനെ നിർബന്ധിതനായാൽ അത് വിക്കറ്റ് വീഴ്ത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുക." - സഞ്ജയ് ബംഗാർ പറഞ്ഞു.
"ഇന്ത്യയ്ക്ക് സംഭവിച്ച മറ്റൊരു പ്രധാന പിഴവ്, ഹസൻ നവാസിനെ അദ്ദേഹത്തിന്റെ പത്ത് ഓവറുകളും പൂർത്തിയാക്കാൻ അനുവദിച്ചു എന്നതാണ്. പന്ത് നന്നായി തിരിയുന്ന പിച്ചിൽ, മികച്ച രീതിയിൽ സ്ട്രൈക്ക് റൊട്ടേഷൻ സാധ്യമാക്കുന്ന വലത്-ഇടത് കോമ്പിനേഷൻ ഉപയോഗിക്കാൻ തീർച്ചയായും ശ്രമിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ പാകിസ്താന് നവാസിനെക്കൊണ്ട് മുഴുവൻ ഓവറും എറിയിക്കാൻ അവസരം ലഭിക്കില്ലായിരുന്നു. - സഞ്ജയ് ബംഗാർ കൂട്ടിച്ചേർത്തു.
ഇന്ത്യ എയെ 48 റൺസിനാണ് പാകിസ്താൻ എ തോൽപ്പിച്ചത്. 314 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്കായി ക്യാപ്റ്റൻ തിലക് വർമ സെഞ്ചുറി നേടിയെങ്കിലും വിജയതീരം തൊട്ടില്ല. ഇന്ത്യ എയ്ക്ക് 49.1 ഓവറിൽ 265 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 149 പന്തിൽ 100 റൺസെടുത്ത തിലക് വർമ കൂടി പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.
അഭിഷേക് ശർമയും ക്യാപ്റ്റൻ തിലക് വർമയും ചേർന്ന് മൂന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടുകെട്ടുണ്ടാക്കി മുന്നേറിയെങ്കിലും പിന്നീട് വിക്കറ്റുകൾ വീണത് തിരിച്ചടിയായി. 42 പന്തിൽ ആറ് വീതം ഫോറും സിക്സും അടിച്ച് 70 റൺസെടുത്ത അഭിഷേക് ശർമയെ ഹസൻ നവാസ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു.പിന്നാലെ ഇന്ത്യക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. കുമാർ കുശാഗ്ര, റിങ്കു സിങ്ങ്, സൂര്യാൻഷ് ഷെഡ്ഗെ എന്നിവരെല്ലാം രണ്ടക്കം കാണും മുമ്പ് ക്രീസ് വിട്ടു. ഇതോടെ ഇന്ത്യ എ ആറ് വിക്കറ്റിന് 129 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഈ സമയത്താണ് ഒരറ്റത്ത് നിലയുറപ്പിച്ച തിലക് വർമയ്ക്കൊപ്പം ഷഹബാസ് അഹമ്മദ് ചേരുന്നത്. ഇരുവരും ഏഴാം വിക്കറ്റിൽ 112 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 49 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 56 റൺസെടുത്ത ഷഹബാസിനെ പുറത്താക്കി അലി റാസ പാകിസ്താനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
Content Highlights: Tilak Varma scored a century for India A against Pakistan A but faced criticism for his slow strike rate
Published: 23 Nov 2026, 02:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented