ഒരു ഇന്നിങ്‌സിലെ എതിർടീമിന്റെ പത്ത് വിക്കറ്റുകളും എടുക്കുകയെന്നതാണ് ടെസ്റ്റ് ജയിക്കാൻ കളത്തിലിറങ്ങുന്ന ഏത് ടീമിന്റെയും ലക്ഷ്യം. എതിർ ടീമിനെ ഓൾഔട്ടാക്കാതെ കളി ജയിക്കാനാവില്ലെന്ന ഘട്ടമെത്തിയാൽ മറ്റ് വഴികളില്ല. ആ സമ്മർദത്തെ അതിജീവിക്കാതെ മുന്നോട്ടുപോകാനാവില്ല. അവിടെയാണ് വെല്ലിങ്ടണിലെ ബാസിൻ റിസർവിൽ ഇന്ത്യ പരാജയപ്പെട്ടത്. ഒരു ദിവസം മുഴുവനുണ്ടായിട്ടും എട്ടുവിക്കറ്റുകൾ വീഴ്ത്താനായില്ലെന്ന് മാത്രമല്ല, കൂട്ടുകെട്ട് പൊളിക്കാനാവില്ലെന്ന് കണ്ട് ഒരുമണിക്കൂർ മുൻപേ കളിയും നിർത്തി. അതിനാൽതന്നെ ഇന്ത്യൻ പേസ് നിരയുടെ ശക്തി ചോദ്യംചെയ്യപ്പെട്ട് തുടങ്ങുകയാണ്.

To advertise here,

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ് കിവീസ് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യക്ക് മുന്നിൽ മൂന്ന് സെഷനുകൾ നീണ്ടുനിവർന്നു കിടപ്പുണ്ടായിരുന്നു. വേണ്ടതാകട്ടെ എട്ടുവിക്കറ്റുകൾ. തുടക്കം ഗംഭീരമാക്കിയെങ്കിലും പിന്നീട് കളിയിൽ തിരിച്ചെത്താനാവാത്ത ഇന്ത്യൻ സംഘത്തെയാണ് കണ്ടത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി ക്രീസിൽ നിലയുറപ്പിച്ചിരുന്ന ഡെവോൺ കോൺവേയെയും രചിൻ രവീന്ദ്രയെയും ആദ്യംതന്നെ മടക്കി. കോൺവേയെ വാഷിങ്ടൺ സുന്ദർ പുറത്താക്കിയപ്പോൾ രചിനെ പ്രസിദ്ധ് കൃഷ്ണയും പുറത്താക്കി. അതോടെ കിവീസ് 139-4 എന്ന നിലയിലേക്ക് വീണു. കോൺവേ 65 റൺസെടുത്തപ്പോൾ 37 റൺസാണ് രചിന്റെ സമ്പാദ്യം.

തുടക്കത്തിൽതന്നെ പ്രതിരോധത്തിലായ കിവീസിനെ പിന്നീട് ഡാരിൽ മിച്ചലും ടോ ബ്ലൻഡലുമാണ് മുന്നോട്ടു നയിച്ചത്. ഇരുവരും ചേർന്ന്  170 കടത്തി. എന്നാൽ, അധികനേരം ഈ കൂട്ടുകെട്ടിനെ മുന്നോട്ടുപോകാൻ ഇന്ത്യ അനുവദിച്ചില്ല. ബ്ലൻഡലിനെ മടക്കി അൻഷുൽ കാംബോജ് ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ, ആറാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്‌സും ഇന്ത്യയെ പ്രതിരോധത്തിലാക്കി.

അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 176 റൺസെന്ന നിലയിൽനിന്നാണ് ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്‌സും ക്രീസിൽ ഒന്നിക്കുന്നത്. പിന്നീട് ഒരുവിക്കറ്റും ഇന്ത്യക്ക് വീഴ്ത്താനായില്ല. അഞ്ചാം ദിനം ഇരുവരും 312 പന്തുകളാണ് നേരിട്ടത്. 186 പന്തുകൾ നേരിട്ട മിച്ചൽ 49 റൺസെടുത്തപ്പോൾ 126 പന്തുകളിൽനിന്ന് ഫിലിപ്‌സ് 26 റൺസെടുത്തു. മാറിമാറിയെറിഞ്ഞിട്ടും ഇന്ത്യയുടെ പേസ് നിരയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിക്കാനായില്ല. പേസ് ബൗളർമാർക്ക് പുറമേ യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറെലും വരെ പന്തെറിഞ്ഞു. എന്നിട്ടും ഫലമുണ്ടായില്ല. കൂട്ടുകെട്ട് പൊളിക്കാനാവാതെ വന്നതോടെ മൂന്നാം സെഷൻ തീരുംമുൻപേ  കളിയവസാനിപ്പിച്ചു. അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിലായിരുന്നു കിവീസ്.

ആദ്യ ഇലവനെ പ്രഖ്യാപിച്ചതുമുതൽതന്നെ പേസ് ബൗളർമാരുടെ തിരഞ്ഞെടുപ്പിനെ പലരും വിമർശിച്ചിരുന്നു. മുഹമ്മദ് സിറാജിനെ ടീമിലെടുക്കാത്തത് വൻവിവാദങ്ങൾക്കും ഇടനൽകിയിരുന്നു. ജസ്പ്രീത് ബുംറയെ ഒഴിച്ചുനിർത്തിയാൽ നിർണായകഘട്ടങ്ങളിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ബൗളർമാർ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ആകാശ് ദീപ്, അൻഷുൽ കാംബോജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. അതിൽ പ്രസിദ്ധ് കൃഷ്ണയുടെ തിരഞ്ഞെടുപ്പാണ് ഏറ്റവും വിമർശനവിധേയമാകുന്നത്. ആദ്യ ഇന്നിങ്‌സിൽ 100 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റ് മാത്രമാണെടുത്തത്. വിദേശ പിച്ചുകളിൽ ഈ പേസർമാർക്ക് എത്രത്തോളം സംഭാവനകൾ നൽകാനാകുമെന്ന ചോദ്യവും ഉയരുന്നു.

അഞ്ചോ പത്തോ ഓവറുകൾ കൂടി കൂടുതൽ ലഭിച്ചാലും കാര്യമില്ലെന്ന് വിലയിരുത്തിയാണ് ഇന്ത്യ സമനിലയ്ക്ക് കൈകൊടുത്തത്. ഗിൽതന്നെ മത്സരശേഷം ഇക്കാര്യം വ്യക്തമാക്കി. പേസ് ബൗളർമാർ ക്ഷീണിതരായിരുന്നു. എല്ലാവരും മത്സരത്തിൽ ഏകദേശം 50 ഓവറുകൾ എറിഞ്ഞു കഴിഞ്ഞിരുന്നു. മാത്രമല്ല, വെറും മൂന്ന് ദിവസത്തിനകം അടുത്ത മത്സരം വരുന്നത് കൂടി കണക്കിലെടുത്തെന്നും ശേഷിക്കുന്ന പത്തോവറിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നും ഗിൽ പറഞ്ഞു. അതേസമയം, മത്സരത്തിലെ ഇന്ത്യൻ നായകന്റെ തീരുമാനവും സമനിലയ്ക്കുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. കുറച്ചുമുൻപ് തന്നെ ഇന്ത്യ ഡിക്ലയർ ചെയ്യണമെന്നായിരുന്നു ഉയരുന്ന മറ്റൊരു വാദം. ഒന്നാമിന്നിങ്സിൽ ഇന്ത്യ 720 റൺസാണ് അടിച്ചെടുത്തത്. കുറച്ചുമുൻപ് ഡിക്ലയർ ചെയ്തിരുന്നെങ്കിൽ ഇന്ത്യക്ക് കിവീസിനെ ഓൾഔട്ടാക്കാൻ സാധിച്ചേനെയെന്ന് വിശ്വസിക്കുന്നവരുണ്ട്.

ഏതായാലും ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം അത്യുജ്ജ്വലമായിരുന്നു. റെക്കോഡുകൾ തകർത്തെറിഞ്ഞാണ് ഇന്ത്യ ബാറ്റേന്തിയത്. ആദ്യ അഞ്ച് ബാറ്റർമാരിൽനിന്ന് ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറികളും പിറന്നു. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറികളും യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ, ധ്രുവ് ജുറെൽ എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ന്യൂസീലൻഡിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ആദ്യ ഏഴ് വിക്കറ്റിലും അമ്പതിലധികം റൺസ് കൂട്ടുകെട്ട് നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി.

കെ.എൽ രാഹുലിന്റെയും പന്തിന്റെയും പ്രകടനമാണ് ടെസ്റ്റിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഘടകം. ഓപ്പണറായി ക്ഷമയോടെ ബാറ്റേന്തുന്ന രാഹുൽ റെഡ്ബോൾ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സെന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങൾക്കെതിരെ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന നേട്ടവും മത്സരത്തിൽ രാഹുൽ സ്വന്തമാക്കി. ഒപ്പം ജയ്സ്വാളും കൂടി ചേരുമ്പോൾ ഓപ്പണിങ് സഖ്യത്തിൽ ആശങ്കകളില്ല. മൂന്നാം നമ്പറിൽ ദേവദത്ത് പടിക്കൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. തുടർച്ചയായി വൺഡൗൺ പൊസിഷനിൽ ഇന്ത്യയെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പടിക്കൽ മരുമരുന്നൊരുക്കുന്നുണ്ട്. മധ്യനിരയിൽ പന്തിന്റെ ബാറ്റിങ് ചെലുത്തുന്ന സ്വാധീനമാണ് മറ്റൊരു ഘടകം. സ്കോറിങ്ങിന് വേഗത കൂട്ടികൊണ്ട് മികച്ച ടോട്ടൽ പടുത്തുയർത്താൻ പന്തിന്റെ ബാറ്റിങ് ഇന്ത്യയെ സഹായിക്കുന്നു.

ബാറ്റിങ് ശക്തമാണെങ്കിലും ബൗളിങ്ങിൽ മാറ്റം വരുത്തിയായിരിക്കും ഒരു പക്ഷേ ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യതകൾക്ക് തിരിച്ചടിയേറ്റെങ്കിലും രണ്ടാം ടെസ്റ്റിലും ജയിക്കാനായില്ലെങ്കിൽ കാര്യങ്ങൾ കടുപ്പമാകും. ടെസ്റ്റ് സമനിലയിലായതോടെ പോയന്റ് ശതമാനത്തിൽ ഇടിവുണ്ടായി. നിലവിലെ പോയന്റ് ശതമാനം 50 ആണ്. പട്ടികയിൽ നാലാമതുതന്നെ തുടരുകയാണ് ഇന്ത്യ. 12 മത്സരങ്ങളിൽ അഞ്ചുജയവും നാല് തോൽവിയും മൂന്ന് സമനിലയുമാണ് ടീമിനുള്ളത്. നവംബർ 27 ന് ക്രൈസ്റ്റ് ചർച്ചിലാണ് മത്സരം.