മുല്ലൻപുർ: ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്. 47 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19.2 ഓവറിൽ 196 റൺസിന് ഓൾഔട്ടായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്താണ് രാജസ്ഥാന്റെ വിജയം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

To advertise here,

244 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിന് രണ്ടാം പന്തിൽ തന്നെ ഓപ്പൺ അഭിഷേക് ശർമയെ നഷ്ടമായി. എന്നാൽ ഇഷാൻ കിഷനും ട്രാവിസ് ഹെഡും ചേർന്ന് വെറും 15 പന്തിൽ 51 റൺസ് ചേർത്തതോടെ അവർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മൂന്നാം ഓവറിൽ ഇഷാനെ മടക്കി ആർച്ചർ ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. 11 പന്തിൽ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 33 റൺസെടുത്താണ് ഇഷാൻ മടങ്ങിയത്. നാലാം ഓവറിൽ സമാരൻ രവിചന്ദ്രനും (1), അഞ്ചാം ഓവറിൽ ട്രാവിസ് ഹെഡും (8 പന്തിൽ 17), ഏഴാം ഓവറിൽ ഹെൻ റിച്ച് ക്ലാസനും (10 പന്തിൽ 18) പുറത്തായതോടെ ഹൈദരാബാദ് 6.5 ഓവറിൽ അഞ്ചിന് 81 റൺസെന്ന നിലയിലായി.

പ്രതീക്ഷ നഷ്ടപ്പെട്ട ഹൈദരാബാദിന് ആറാം വിക്കറ്റിൽ ഒന്നിച്ച സലിൽ അറോറ - നിതീഷ് കുമാർ റെഡ്ഡി സഖ്യം നേരിയ പ്രതീക്ഷ സമ്മാനിച്ചു. ഇരുവരും 24 പന്തിൽ 56 റൺസടിച്ചുകൂട്ടി. പക്ഷേ 11-ാം ഓവറിൽ നിതീഷിനെ വീഴ്ത്തി രവീന്ദ്ര ജഡേജ ഹൈദരാബാദിനെ ഞെട്ടിച്ചു. 15-ാം ഓവറിൽ സലിൽ അറോറയേയും പുറത്താക്കിയ ജഡേജ ഹൈദരാബാദിന്റെ പതനം പൂർത്തിയാക്കി. നിതീഷ് 20 പന്തിൽ 38 റൺസും അറോറ 21 പന്തിൽ 35 റൺസും നേടി. ശിവാംഗ് കുമാർ 27 റൺസ് നേടി.

രാജസ്ഥാനായി ആർച്ചർ മൂന്നും നാന്ദ്രേ ബർഗറും രവീന്ദ്ര ജഡേജയും സുഷാന്ത് മിശ്രയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തേ മഹാരാജ യാദവിന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിന്റെ ആകാശത്തെ വൈഭവ് സൂര്യവംശിയെന്ന 15-കാരൻ പയ്യൻ സിക്സറുകളാൽ നിറച്ചപ്പോൾ രാജസ്ഥാൻ പടുത്തുയർത്തിയത് കൂറ്റൻ സ്‌കോറായിരുന്നു. വൈഭവിനൊപ്പം ധ്രുവ് ജുറെലും തിളങ്ങിയപ്പോൾ 20 ഓവറിൽ രാജസ്ഥാൻ അടിച്ചുകൂട്ടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 243 റൺസ്.

29 പന്തുകൾ നേരിട്ട വൈഭവ് 12 സിക്സറുകളാണ് പറത്തിയത്. അഞ്ച് ബൗണ്ടറികളും ബാറ്റിൽനിന്ന് പിറന്നു. സെഞ്ചുറിയിലേക്കെത്തുമെന്ന് കരുതിയിരിക്കെ 97 റൺസിൽ നിൽക്കെ എട്ടാം ഓവറിലെ അവസാന പന്തിൽ പ്രഫുൽ ഹിംഗെയുടെ പന്തിൽ താരം പുറത്താകുകയായിരുന്നു.

രാജസ്ഥാൻ ഇന്നിങ്സിന്റെ തുടക്കം മുതൽ വൈഭവ് നിറഞ്ഞാടുകയായിരുന്നു. ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് എറിഞ്ഞ മൂന്നാം ഓവറിൽ 25 റൺസടിച്ചാണ് വൈഭവ് താളം കണ്ടെത്തുന്നത്. വെറും 16 പന്തിൽ അർധ സെഞ്ചുറി തികച്ച വൈഭവ് അതിനോടകംതന്നെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോഡും സ്വന്തം പേരിലാക്കി. 2012 സീസണിൽ ക്രിസ് ഗെയ്ൽ കുറിച്ച 59 സിക്സറുകളെന്ന നേട്ടമാണ് കുട്ടിത്താരം മറികടന്നത്. സീസണിൽ വൈഭവിന്റെ പേരിൽ 65 സിക്സറുകളാണ്. ഗെയ്ൽ ഈ റെക്കോഡിടുമ്പോൾ വെറും ഒരുവയസ്സ് മാത്രമാണ് വൈഭവിന്റെ പ്രായം. ഐപിഎൽ നോക്കൗട്ടിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയെന്ന റെക്കോഡും വൈഭവ് സ്വന്തം പേരിലെഴുതിച്ചേർത്തു. ഇത് അഞ്ചാം തവണയാണ് താരം 20 പന്തിനുള്ളിൽ 50 തികയ്ക്കുന്നത്.

യശസ്വി ജയ്സ്വാളിനൊപ്പം വെറും 48 പന്തിൽനിന്ന് 125 റൺസിന്റെ കൂട്ടികെട്ടുണ്ടാക്കിയ ശേഷമാണ് വൈഭവ് മടങ്ങിയത്. വൈകാതെ 29 പന്തിൽ 29 റൺസുമായി ജയ്സ്വാൾ പുറത്തായി. എന്നാൽ, പിന്നാലെയെത്തിയ ധ്രുവ് ജുറെൽ തകർത്തടിച്ചതോടെ രാജസ്ഥാന്റെ സ്‌കോർ പിന്നെയും കുതിച്ചു. വെറും 21 പന്തുകൾ നേരിട്ട ജുറെൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്താണ് പുറത്തായത്. ക്യാപ്റ്റൻ റിയാൻ പരാഗ് 12 പന്തിൽ 26 റൺസ് നേടി. എന്നാൽ, ഇരുവരും പുറത്തായതോടെ രാജസ്ഥാന്റെ സ്‌കോറിങ് റേറ്റ് താഴ്ന്നു. ഒരുഘട്ടത്തിൽ 270 കടക്കുമെന്ന് കരുതിയ രാജസ്ഥാന് ലോവർ മിഡിൽ ഓർഡറിന്റെ മോശം പ്രകടനമാണ് തിരിച്ചടിയായത്.

ഡോണോവൻ ഫെരെയ്ര (12), ദസുൻ ഷനക (5), ജോഫ്ര ആർച്ചർ (4), രവീന്ദ്ര ജഡേജ (12*) എന്നിവർക്കൊന്നുംതന്നെ അവസാന ഓവറുകളിൽ സ്‌കോർ ഉയർത്താനായില്ല. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി.