അഹമ്മദാബാദ്: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വൈഭവ് സൂര്യവംശി. ഫൈനലിൽ ഗുജറാത്ത് താരങ്ങളായ ശുഭ്മാൻ ഗില്ലും സായ് സുദർശനും പുറത്തായതോടെയാണ് ഓറഞ്ച് ക്യാപ് വൈഭവ് ഉറപ്പിച്ചത്. മത്സരം കഴിയുന്നതോടെ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറും.
16 മത്സരങ്ങളിൽ നിന്ന് 776 റൺസാണ് വൈഭവിന്റെ സമ്പാദ്യം. 237.31 ആണ് സ്‌ട്രൈക്ക് റേറ്റ്. വൈഭവിന്റെ രാജസ്ഥാൻ റോയൽസിന് ഫൈനൽ ടിക്കറ്റെടുക്കാൻ കഴിയാതെ വന്നതോടെയാണ് ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടം കടുത്തത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടായിരുന്നത് ഗുജറാത്ത് താരങ്ങളായ ശുഭ്മാൻ ഗില്ലും സായ് സുദർശനുമായിരുന്നു. ഇവർക്ക് ഫൈനലിൽ വൈഭവിനെ മറികടക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ ഫൈനലിൽ ഇരുവരും വേഗം പുറത്തായതോടെ വൈഭവ് റൺവേട്ടക്കാരിൽ തലപ്പത്ത് നിലയുറപ്പിച്ചു.
കലാശപ്പോരിൽ ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനായി ഓപ്പണർമാരായ ഗില്ലും സായ് സുദർശനും നിരാശപ്പെടുത്തി. ഗിൽ എട്ടുപന്തിൽ നിന്ന് 10 റൺസെടുത്തും സായ് സുദർശൻ 12 പന്തിൽ നിന്ന് 12 റൺസെടുത്തും പുറത്തായി. വൈഭവിന് താഴെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലിന് 16 മത്സരങ്ങളിൽ നിന്ന് 732 റൺസാണുള്ളത്. മൂന്നാമതുള്ള സായ് സുദർശന്റെ സമ്പാദ്യം 17 മത്സരങ്ങളിൽ നിന്ന് 722 റൺസാണ്.
ഐപിഎല്ലിൽ ഒട്ടേറെ റെക്കോഡുകൾ കുറിച്ചാണ് വൈഭവ് സീസൺ പൂർത്തിയാക്കിയത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി വൈഭവ് മാറി. 72 സിക്സറുകളാണ് ഇക്കുറി വൈഭവ് അടിച്ചെടുത്തത്. 2012ൽ 59 സിക്‌സറുകൾ നേടിയ ക്രിസ് ഗെയ്ലിനെയാണ് മറികടന്നത്. 2019ൽ 52 സിക്‌സറുകൾ നേടിയ മുൻ കൊൽക്കത്ത താരം ആന്ദ്ര റസ്സലാണ് പട്ടികയിൽ മൂന്നാമത്.
ഐ.പി.എൽ. ക്രിക്കറ്റിൽ പന്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ 1000 റൺസ് നേടുന്ന താരമായി കഴിഞ്ഞദിവസമാണ് 15-കാരൻ സൂര്യവംശി മാറിയത്. 440 പന്തിൽനിന്നാണ് ഇത്രയും റൺസിലെത്തിയത്. ഇതോടെ, ആന്ദ്രെ റസൽ 545 പന്ത് നേരിട്ട് 1000 തികച്ചതിന്റെ റെക്കോഡ് തകർന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമ 528 പന്തിലാണ് ആയിരം റൺസെടുത്ത് റെക്കോഡിട്ടിട്ടുള്ളത്. ഇന്നിങ്സിന്റെ അടിസ്ഥാനത്തിലും ഇന്ത്യൻ താരം ഐ.പി.എൽ. റെക്കോഡ് സ്വന്തമാക്കി. 23 ഇന്നിങ്സുകളിൽനിന്നാണ് വൈഭവ് 1000 റൺസിലെത്തിയത്. 21 ഇന്നിങ്സിൽനിന്ന് ആയിരം കടന്ന ഷോൺ മാർഷിന്റെ പേരിലാണ് ഐ.പി.എൽ. റെക്കോഡ്.
Content Highlights: Vaibhav Suryavanshi becomes the youngest player to win the IPL Orange Cap., Finished the season with 776 runs at a strike rate of 237.31., Set a new record for most sixes in an IPL season with 72 sixes., Broke Andre Russell's record for the fastest 1000 runs in terms of balls faced (440 balls)., Outperformed Shubman Gill and Sai Sudharsan in the final run tally.
Published: 31 May 2026, 08:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented