ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് 14-കാരൻ വൈഭവ് സൂര്യവംശിയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ എന്ന് ഇതിനോടകം തന്നെ പേരെടുത്തു കഴിഞ്ഞു വൈഭവ്. യൂത്ത് ഏകദിനത്തിൽ ഇതിനോടകം തന്നെ മൂന്ന് സെഞ്ചുറികൾ കുറിച്ച് റെക്കോഡിട്ടുകഴിഞ്ഞു താരം. 15 വയസിനു മുമ്പ് യൂത്ത് ഏകദിനത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ മറ്റാരുമില്ല ലോക ക്രിക്കറ്റിൽ. ഇപ്പോൾ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകളുമായി കളിക്കുകയാണ് താരം.

To advertise here,

ചെറുപ്രായത്തിൽ തന്നെ അസാധാരണമായ ഹിറ്റിങ് മികവാണ് താരം പ്രകടിപ്പിക്കുന്നത്. വമ്പൻ ഷോട്ടുകൾ തന്നെയാണ് വൈഭവിന്റെ ബാറ്റിൽ നിന്ന് പിറക്കാറ്. മാത്രമല്ല താരത്തിന്റെ ഫിറ്റ്‌നസും ആരെയും അസൂയപ്പെടുത്തുന്നതാണ്. വൈഭവിന്റെ ഫിറ്റ്‌നസിനെക്കുറിച്ചും ഡയറ്റിനെക്കുറിച്ചും താരത്തിന്റെ പരിശീലകൻ മനീഷ് ഓജ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

തീവ്രമായ ഭാര പരിശീലനവും വിവിധ കാർഡിയോ വ്യായാമങ്ങളും ശുദ്ധമായ കാർബോഹൈഡ്രേറ്റുകളും ഉയർന്ന നിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണക്രമവുമാണ് വൈഭവിന്റെ മികവിനു പിന്നിലെ കാരണം. ഇവയിൽ ശ്രദ്ധിച്ചുകൊണ്ട് നന്നേ ചെറുപ്പത്തിൽ തന്നെ വൈഭവ് ഫിറ്റ്‌നസ് പരിശീലനം ആരംഭിച്ചിരുന്നു.

വൈഭവിന് കാർഡിയോ വെറുമൊരു വാം-അപ്പ് മാത്രമല്ല അദ്ദേഹത്തിന്റെ വ്യായാമത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എല്ലുകളുടെ ബലവും സാന്ദ്രതയും വർധിപ്പിക്കുന്നത് മുതൽ ചടുലതയും വഴക്കവും വർധിപ്പിക്കുന്നതിനും താരം കാർഡിയോ വ്യായാമങ്ങൾ ദിനചര്യകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിശീലകൻ മനീഷ് ഓജ പറയുന്നതനുസരിച്ച് വിവിധ തരം നട്ട്‌സുകളും വിത്തുകളും കൈവശം വെച്ചാണ് വൈഭവ് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നത്. ഇത് കൃത്യമായ ഊർജം നിലനിർത്താൻ താരത്തെ സഹായിക്കുന്നു. ജങ്ക് ഫുഡിനോടുള്ള ആസക്തിയെ താരം മറികടക്കുന്നതും ഇങ്ങനെയാണ്.

പിസ കഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന വൈഭവ് ഇപ്പോൾ അത് തൊടാറേയില്ല. മട്ടൺ കഴിക്കുന്നതിൽ നിന്നും താരത്തിന് വിലക്കുണ്ട്.