ലണ്ടൻ: ഇന്ത്യ അണ്ടർ 19 ടീമിനായി തകർപ്പൻ പ്രകടനം തുടരുകയാണ് വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി നേടിയ താരം ഒട്ടേറെ റെക്കോഡുകളും സ്വന്തമാക്കി. പിന്നാലെ യൂത്ത് ടെസ്റ്റ് പരമ്പരയിലും തിളങ്ങുകയാണ് ഇന്ത്യയുടെ ലിറ്റിൽ സൂപ്പർസ്റ്റാർ. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിലും ബാറ്റുകൊണ്ടു മാത്രമല്ല പന്തുകൊണ്ടും വൈഭവ് മിന്നി.

To advertise here,

ആദ്യ യൂത്ത് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിൽ 14 റൺസ് മാത്രമാണ് വൈഭവിന് നേടാനായത്. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ അർധസെഞ്ചുറി തികച്ചാണ് താരം തിരിച്ചുവന്നത്. 44 പന്തിൽ നിന്ന് വൈഭവ് 56 റൺസെടുത്തു. ഒന്നാമിന്നിങ്‌സിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും ബൗളിങ്ങിൽ തിളങ്ങിയ കൗമാരക്കാരനെയാണ് കണ്ടത്. താരം രണ്ടു വിക്കറ്റെടുത്താണ് ഞെട്ടിച്ചത്. 

യൂത്ത് ടെസ്റ്റിൽ അർധസെഞ്ചുറിയും വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമന്നെ നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ മെഹ്ദി ഹസ്സന്റെ റെക്കോഡാണ് താരം തകർത്തത്. 2013-ൽ ഈ നേട്ടം സ്വന്തമാക്കുമ്പോൾ ഹസ്സന് 15 വർഷവും 167 ദിവസവുമായിരുന്നു പ്രായം. അതേസമയം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്.