മുംബൈ: വൈഭവ് സൂര്യവംശിയെന്ന യുവ ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ ക്രിക്കറ്റ് ലോകത്ത് ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി. 14-ാം വയസിൽ രഞ്ജി അരങ്ങേറ്റം കുറിച്ച താരം ശ്രദ്ധിക്കപ്പെടുന്നത് കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് വൈഭവിനെ ടീമിലെത്തിക്കുന്നതോടെയാണ്. പിന്നാലെ വൈഭവിന്റെ ബാറ്റിങ് വിസ്‌ഫോടനങ്ങൾ ക്രിക്കറ്റ് ലോകം കണ്ടു. ഇതിനിടെ ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഐപിഎൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി, അണ്ടർ 19 ലോകകപ്പ് വിജയം, ടൂർണമെന്റിലെ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിലെ താരം, ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 80 പന്തിൽ 175 റൺസെടുത്ത പ്രകടനത്തോടെ ഫൈനലിലെയും താരം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളർമാരെ തച്ചുതകർത്ത് നേടിയ 29 പന്തിലെ 97 റൺസ്. ക്രിസ് ഗെയ്‌ലിന്റെ അതിവേഗ ഐപിഎൽ സെഞ്ചുറിയെന്ന റെക്കോഡിന് തൊട്ടടുത്തെത്തിയ ശേഷമായിരുന്നു വൈഭവിന്റെ പുറത്താകൽ.

To advertise here,

ഒരു വശത്ത് വൈഭവിന്റെ ബാറ്റിങ് പ്രകടനം ചർച്ചയാകുമ്പോൾ മറ്റൊരു വശത്ത് ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ സാമ്പത്തിക സ്ഥിതിയാണ്. ഹൗസിവിറ്റി.കോമിന്റെ കണക്കനുസരിച്ച് വൈഭവിന്റെ നിലവിലെ ആസ്തി ഏകദേശം 10 കോടി രൂപയ്ക്ക് മുകളിലാണ്. താരത്തിന്റെ ഐപിഎൽ വരുമാനം, വസ്തുവകകൾ, പണമായി ലഭിച്ച സമ്മാനങ്ങൾ എന്നിവ തന്നെ ഏകദേശം ഏഴു കോടിയോളം രൂപ വരും. ഇതോടൊപ്പം ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌പോൺസർഷിപ്പ് കരാറുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് 10 കോടി രൂപ കടക്കും.

2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ ടീമിലെടുത്തത്. ഇത് താരത്തിന്റെ രണ്ടാം ഐപിഎൽ സീസണാണ്. പ്രതിവർഷം 1.1 കോടി രൂപ വീതം അദ്ദേഹം സമ്പാദിക്കുന്നു. ഇതോടൊപ്പം ഓരോ ഐപിഎൽ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം അദ്ദേഹത്തിന് മാച്ച് ഫീസായി ലഭിക്കുന്നു. ഇതുവരെ കളിച്ച 22 മത്സരങ്ങളിൽ നിന്നായി ഏകദേശം 1.65 കോടി രൂപ ഈ ഇനത്തിൽ തന്നെ താരം നേടിയിട്ടുണ്ട്.

ഇതോടൊപ്പം താരത്തിന് മുംബൈയിൽ ഏകദേശം 2.5 കോടി മുതൽ 3 കോടി രൂപ വരെ വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമായുണ്ട്. ബിഹാറിലെ സമസ്തിപുർ ജില്ലയിലെ താജ്പുരിലുള്ള അദ്ദേഹത്തിന്റെ തറവാട് വീടിന് ഏകദേശം 40 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ മൂല്യമുണ്ട്.

2026 ഫെബ്രുവരിയിൽ, അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ മികച്ച പ്രകടനത്തെ തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, വൈഭവിന് 50 ലക്ഷം രൂപ പാരിതോഷികമായി നൽകിയിരുന്നു. 2025 ഐപിഎല്ലിൽ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കിയതിന് ഏകദേശം 17 ലക്ഷം രൂപ വിലയുള്ള ടാറ്റ കർവ്വ് ഇവി കാറും വൈഭവിന് ലഭിച്ചിരുന്നു. കൂടാതെ, ബിസിനസുകാരനായ രഞ്ജിത് ബർതാക്കൂർ സമ്മാനിച്ച ഒരു മെഴ്‌സിഡസ് ബെൻസ് കാറും വൈഭവിനുണ്ട്.