ചെന്നൈ: ഐ.പി.എലിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഗുജറാത്തി താരം ഉർവിൽ പട്ടേൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ വെറും 13 പന്തുകളിൽനിന്നാണ് ചെന്നൈ സൂപ്പർ കിങ്സ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി എന്ന യശസ്വി ജയ്സ്വാളിന്റെ (13 പന്ത്) റെക്കോർഡിനൊപ്പം ഉർവിൽ ഇടംപിടിച്ചു.

To advertise here,

സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഉർവിൽ, നേരിട്ട ആദ്യ എട്ട് പന്തുകളിൽനിന്നുതന്നെ ആറ് സിക്‌സറുകൾ പറത്തി 41 റൺസ് അടിച്ചുകൂട്ടി. ആദ്യ പത്തു പന്തുകളിൽ 42 റൺസ് നേടിയ മറ്റൊരു ഐ.പി.എൽ. താരമില്ല. 2015-ൽ എ.ബി. ഡിവില്ലിയേഴ്‌സ് നേടിയ 10 പന്തിൽ 41 റൺസും 2023-ൽ യശസ്വി ജയ്‌സ്വാൾ നേടിയ 10 പന്തിൽ 41 റൺസുമാണ് ഇതിന് മുൻപത്തെ റെക്കോഡ്.

മത്സരത്തിലുടനീളം ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു ഉർവിൽ. ലഖ്നൗ ബൗളർമാരായ ആവേശ് ഖാൻ, ദിഗ്വേഷ് സിങ് റാഠി എന്നിവർക്കെതിരെ തുടർച്ചയായ സിക്‌സറുകൾ പായിച്ച താരം ലഖ്നൗ നിരയെ സമ്മർദത്തിലാക്കി. അഞ്ച്, ആറ് ഓവറുകളിൽ 25 റൺസ് വീതമാണ് ഉർവിലും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ചേർന്ന് അടിച്ചെടുത്തത്. ഷഹബാസ് അഹമ്മദും മുഹമ്മദ് ഷമിയുമെല്ലാം ഉർവിന്റെ ബാറ്റിങ് ചൂടറിഞ്ഞു. നേരിട്ട ആദ്യ 11 പന്തിൽ ഏഴ് സിക്‌സറുകൾ എന്ന അപൂർവ നേട്ടവും ഈ ഇന്നിങ്‌സിലൂടെ താരം സ്വന്തമാക്കി.

തന്റെ ഈ അവിശ്വസനീയമായ നേട്ടം ഉർവിൽ പിതാവിനാണ് സമർപ്പിച്ചത്. അർധസെഞ്ചുറി തികച്ച നിമിഷം കൈകൾ കൂപ്പി പ്രാർഥിച്ച താരം, പോക്കറ്റിൽനിന്ന് ഒരു കടലാസ് കഷണം പുറത്തെടുത്തു. 'ഇത് നിങ്ങൾക്ക് വേണ്ടിയാണ് പപ്പാ' എന്ന് ആ കടലാസിൽ എഴുതിയിരുന്നു. കൂടാതെ തന്റെ മാതൃഭാഷയായ ഗുജറാത്തിയിലും ഏതാനും വരികൾ അദ്ദേഹം അതിൽ കുറിച്ചിട്ടുണ്ടായിരുന്നു. വൈകാരികമായ ഈ നിമിഷം സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു.