ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് ഫൈനൽ. സെമിയിൽ ശ്രീലങ്കയെ എട്ടുവിക്കറ്റിന് ഇന്ത്യ കീഴടക്കിയപ്പോൾ ബംഗ്ലാദേശിനെ പാകിസ്താനും എട്ടുവിക്കറ്റിന് കീഴടക്കി. മഴ മൂലം 20 ഓവറാക്കിയ ചുരുക്കിയ ആദ്യ സെമിയിൽ ഇന്ത്യക്കെതിരേ ലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണെടുത്തത്. ഇന്ത്യ 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർധസെഞ്ചുറിയോടെ മലയാളിയായ ആരോൺ ജോർജും വിഹാൻ മൽഹോത്രയുമാണ് ഇന്ത്യക്കായി തിളങ്ങിയത്. മഴ മൂലം അഞ്ചുമണിക്കൂർ വൈകിയാണ് കളി ആരംഭിച്ചത്. രാവിലെ 10.30ക്ക് ആരംഭിക്കേണ്ട മത്സരം വൈകുന്നേരം 3.30 നാണ് തുടങ്ങിയത്.

To advertise here,

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. നായകൻ ആയുഷ് മാത്രെ വെറും ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നീട് ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ വൈഭവ് സൂര്യവംശിയിലായിരുന്നു. എന്നാൽ വൈഭവും വേഗം കൂടാരം കയറുന്നതാണ് മൈതാനത്ത് കണ്ടത്. ഒൻപത് റൺസ് മാത്രമെടുത്ത് താരം പുറത്തായി. അതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലായി.

എന്നാൽ മൂന്നാം വിക്കറ്റിൽ ആരോൺ ജോർജും വിഹാൻ മൽഹോത്രയും ഒന്നിച്ചതോടെയാണ് ഇന്ത്യ കരകയറിയത്. ഇരുവരും ശ്രദ്ധയോടെ ലങ്കൻ ബൗളർമാരെ നേരിട്ടു. അതോടെ ഇന്ത്യൻ ഇന്നിങ്‌സ് ട്രോക്കിലായി. എട്ടോവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലായിരുന്നു ടീം. പിന്നീട് വിഹാൻ മൽഹോത്ര വെടിക്കെട്ട് നടത്തിയതോടെ ടീം 13 ഓവറിൽ നൂറുകടന്നു. പിന്നാലെ താരം അർധസെഞ്ചുറിയും തികച്ചു. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇരുവരും ഇന്നിങ്സ് മുന്നോട്ടേക്ക് കൊണ്ടുപോയി. അതോടെ മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമുയർന്നു. ആരോൺ ജോർജും അർധസെഞ്ചുറി തികച്ചതിന് പിന്നാലെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. വിഹാൻ മൽഹോത്ര 61 റൺസും ആരോൺ ജോർജ് 58 റൺസുമെടുത്ത് പുറത്താവാതെ നിന്നു.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 138 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക തുടക്കത്തിൽ തന്നെ പതറി. 28 റൺസിനിടെ ടീമിന് മൂന്നുവിക്കറ്റുകൾ നഷ്ടമായി. ദുൽനിത് സിഗേര(1), വിരാൻ ചാമുദിത(19), കാവിജ ഗാമേജ്(2) എന്നിവർ വേഗം മടങ്ങി. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ വിമത് ദിൻസാരയും ചാമികയും ചേർന്നാണ് ടീമിനെ അമ്പത് കടത്തിയത്. സ്‌കോർ 73 ൽ നിൽക്കേ ദിൻസാര പുറത്തായി. 29 പന്തിൽ നിന്ന് 32 റൺസെടുത്താണ് താരം മടങ്ങിയത്.

കിത്മ വിതനപതിരണ(7), ആദം ഹിൽമി(1) എന്നിവരെയും പുറത്താക്കി ഇന്ത്യ ലങ്കയെ പ്രതിരോധത്തിലാക്കി. അതോടെ ടീം 84-6 എന്ന നിലയിലേക്ക് വീണു. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ ചാമിക ടീമിനെ നൂറുകടത്തി. ഏഴാം വിക്കറ്റിൽ സെത്മിക സെനവിരത്‌നെയുമായി ചേർന്ന് ചാമിക നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. അതോടെ ലങ്കൻ സ്കോർ 130- കടന്നു. ചാമിക 42 റൺസെടുത്തും സെനവിരത്നെ 30 റൺസെടുത്തും പുറത്തായി. ലങ്കൻ ഇന്നിങ്സ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 138 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും രണ്ട് വീതം വിക്കറ്റെടുത്തു.