ന്യൂഡൽഹി: അണ്ടർ-19 ഏഷ്യാകപ്പിൽ പാകിസ്താനോടേറ്റ തോൽവിക്ക് പിന്നാലെ കടുത്ത  നടപടികളുമായി ബിസിസിഐ. സാധാരണഗതിയിൽ നടക്കുന്ന അവലോകന ചർച്ചകൾക്ക് പുറമേ ടീം മാനേജ്മെന്റിനോട് വിശദീകരണം തേടാനാണ് ബിസിസിഐ തീരുമാനം. മുഖ്യ പരിശീലകൻ, ക്യാപ്റ്റൻ എന്നിവരുമായി പ്രത്യേകം ചർച്ചകളും നടത്തിയേക്കും. ഫൈനലിൽ 191 റൺസിന്റെ വൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

To advertise here,

ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം ടൂർണമെന്റിലെ ഇന്ത്യയുടെ പ്രകടനം പ്രത്യേകമായി വിലയിരുത്താനാണ് ബിസിസിഐയുടെ തീരുമാനം. സാധാരണ ഗതിയിൽ ഉണ്ടാകാറുള്ള റിവ്യൂ മീറ്റിങ്ങിന് പുറമേയാണിത്. മാത്രമല്ല ടീം മാനേജ്‌മെന്റിനോട് വിശദീകരണം നേടാനും തീരുമാനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച  വൈകിട്ട് നടന്ന ഓൺലൈൻ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. അംഗങ്ങൾ ടൂർണമെന്റിലെ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം ചർച്ച ചെയ്തു. ടീം മാനേജ്‌മെന്റിൽ നിന്ന് വിശദീകരണം തേടേണ്ട ആവശ്യമുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

സാധാരണയായി ടൂർണമെന്റുകൾക്ക് ശേഷം ടീം മാനേജർ എപ്പോഴും ബിസിസിഐക്ക് റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ ബിസിസിഐ അതിനപ്പുറമുള്ള അസാധാരണ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് വിവരം. മുഖ്യ പരിശീലകൻ ഋഷികേശ് കനിത്കർ, ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരുമായി ചർച്ചകൾ നടത്താനും സാധ്യതയുണ്ട്. അതേസമയം പാക് താരങ്ങളുമായി മാത്രെയും വൈഭവ് സൂര്യവംശിയും വാഗ്വാദത്തിൽ ഏർപ്പെട്ടത് ചർച്ചയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടക്കാനിരിക്കുന്ന അണ്ടർ-19 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീം.

ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും ഫൈനലിൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പാക് ടീം ഉയർത്തിയ 348 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ പോരാട്ടം 26.2 ഓവറിൽ 156 റൺസിന് അവസാനിച്ചു. 191 റൺസിന്റെ വമ്പൻ ജയത്തോടെ പാക് യുവനിര ഏഷ്യാ കപ്പ് കിരീടമണിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിരുന്നു.