ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ ഭൂതമുണ്ടായിരുന്നെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. അവരില്‍ കളിക്കാരും കളിയെഴുത്തുകാരുമുണ്ട്. മുന്‍താരങ്ങള്‍ മുന്‍പില്‍ തന്നെയുണ്ട്. ടെസ്റ്റിലെ പരാജയത്തുടര്‍ച്ചകളില്‍ രോഷാകുലനായ കോച്ച് ഗൗതം ഗംഭീർ കുഴപ്പം പിച്ചിന്‍റെയല്ല, കളിക്കാരുടെ സമീപനത്തിന്‍റെയാണെന്ന് തുറന്നടിച്ചിട്ടുണ്ട്. ഗംഭീര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നാണ് ഇതിഹാസതാരം സുനില്‍ ഗാവസ്കറും പറയുന്നത്.

To advertise here,

അങ്ങനെയല്ലെന്നും പിച്ചിലെ ഭൂതം കളിക്കാരെ പേടിപ്പിച്ചെന്നും തന്നെയാണ് മുന്‍താരങ്ങളായ അനിൽ കുംബ്ലെ, ആര്‍. അശ്വിന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ സംശയലേശമെന്യേ പ്രസ്താവിച്ചത്. ചില പന്തുകള്‍ രണ്ടടി വരെ തിരിഞ്ഞു ബാറ്റര്‍മാരെ വട്ടം കറക്കിയെന്നാണ് സ്റ്റെയ്ന്‍ പറഞ്ഞത്.

പക്ഷേ, ഗാവസ്കര്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ അലസ സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ‘ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാരെ നന്നായി കളിക്കണമെങ്കില്‍ മുന്‍നിര താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ്, രഞ്ജി ട്രോഫി മല്‍സരങ്ങള്‍, കളിക്കുക തന്നെ വേണം. പക്ഷേ, അവര്‍ ഫോം നഷ്ടപ്പെട്ട് ടീമിലെ സ്ഥാനം നഷ്ടപ്പെടും എന്ന അവസ്ഥയില്‍ മാത്രമേ രഞ്ജി ട്രോഫി കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ. അല്ലാത്ത അവസരത്തില്‍ അവര്‍ ‘ജോലിഭാര’ത്തെക്കുറിച്ച് പറഞ്ഞ് അതില്‍ നിന്ന് മാറിനില്‍ക്കും,’ ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിങ് നിര കടലാസില്‍ അതിശക്തമായിരുന്നു. പ്രതിഭയുടെ ധാരാളിത്തം കാരണം പല മികച്ച കളിക്കാര്‍ക്കും ടീമില്‍ സ്ഥാനം കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥ. പക്ഷേ, പന്ത് കുത്തിത്തിരിയുകയും കുതിച്ചു ചാടുകയും പമ്പരം പോലെ കറങ്ങുകയും ചെയ്തപ്പോള്‍ പ്രതിഭാശാലികള്‍ വട്ടം കറങ്ങി. പേരിനൊത്ത പെരുമ കളത്തില്‍ കാണിക്കാനാവാതെ കുഴങ്ങി. അമിതമായ ആത്മവിശ്വാസവും അതിവേഗ ക്രിക്കറ്റിന്‍റെ മാഞ്ഞുപോകാത്ത ലഹരിയും വിനയായി. ടെസ്റ്റ് ക്രിക്കറ്റിനാവശ്യം ക്ഷമയും നിശ്ചയദാര്‍ഢ്യവുമാണെന്ന പ്രാഥമിക പാഠങ്ങള്‍ മറന്നുപോയി.

ഇതിലും കുഴപ്പം പിടിച്ച പിച്ചുകളില്‍ ദക്ഷിണാഫ്രിക്കയുടേതിനെക്കാള്‍ മികച്ച ബൗളിങ് ആക്രമണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്ത് നേടിയ ധീരമായ ഇന്നിങ്സുകള്‍ ഒരാളുടെയും ഓര്‍മയില്‍ പോലും എത്തിയുമില്ല. ചതിക്കുഴികള്‍ നിറഞ്ഞ  ബെംഗളൂരുവിലെ വിക്കറ്റില്‍ പാക്കിസ്ഥാനെതിരെ തന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ഇന്നിങ്സ് കളിച്ച സുനില്‍ ഗാവസ്കറിന്‍റെയും ‘മൈന്‍ഫീല്‍ഡ് ’ എന്നു വിശേഷിപ്പിക്കപ്പെട്ട കട്ടക്കിലെ പിച്ചില്‍ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ് ശ്രീലങ്കയ്ക്കെതിരെ കളിച്ച ദിലീപ് വെങ്സാര്‍ക്കറിന്‍റെയും ഇന്നിങ്സുകള്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയങ്ങളായ അധ്യായങ്ങളാണ്.

സുനില്‍ ഗാവസ്കര്‍ (96) - പാക്കിസ്ഥാനെതിരെ ബെംഗളൂരുവില്‍ - 1987 മാര്‍ച്ച് 13-17

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ ടെസ്റ്റ് ആയിരുന്നു ബെംഗളൂരുവില്‍ നടന്നത്. ആദ്യത്തെ നാലു ടെസ്റ്റുകളും സമനിലയില്‍ കലാശിച്ചതിനാല്‍ അവസാനത്തെ ടെസ്റ്റ് നിര്‍ണായകമായിരുന്നു. താരസമ്പന്നമായിരുന്നു രണ്ടു ടീമുകളും. ഇന്ത്യയ്ക്കായി ഗാവസ്കര്‍, കപില്‍ദേവ്, അമര്‍നാഥ്, വെങ്സാര്‍ക്കര്‍, രവി ശാസ്ത്രി, അസ്ഹറുദ്ദീന്‍ എന്നിവര്‍ ഇറങ്ങിയപ്പോള്‍ ഇമ്രാന്‍ ഖാന്‍, ജാവേദ് മിയാന്‍ദാദ്, സലിം മാലിക്, വാസിം അക്രം എന്നിവര്‍ പാക്കിസ്ഥാനു വേണ്ടിയും അണി നിരന്നു.  

ആദ്യ ദിവസം മുതല്‍ തന്നെ പന്ത് കുത്തിത്തിരിയാന്‍ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യയുടെ യുവതാരം ഇടംകൈ സ്പിന്നര്‍ മനീന്ദര്‍ സിങ് വെള്ളം കുടിപ്പിച്ചു. മനീന്ദര്‍ 27 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്തപ്പോള്‍ പാക്കിസ്ഥാന്‍റെ ഒന്നാം ഇന്നിങ്സ് 116 റണ്‍സില്‍ അവസാനിച്ചു. പരമ്പര വിജയം ഉറപ്പിച്ച് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ 10 വിക്കറ്റുകള്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍മാരായ തൗസീഫ് അഹമ്മദും ഇഖ്ബാല്‍ കാസിമും പങ്കിട്ടെടുത്തു. രണ്ടു പേരും അഞ്ചു വിക്കറ്റുകള്‍ വീതം വീഴ്ത്തി ഇന്ത്യയെ ചെറിയ സ്കോറിനു പുറത്താക്കിയെങ്കിലും 29 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാന്‍ ഇന്ത്യയ്ക്കായി. രണ്ടാം ഇന്നിങ്സില്‍ പാക്കിസ്ഥാന്‍ കുറച്ചുകൂടി കരുതലോടെയാണ് കളിച്ചത്. മോശമായി തുടങ്ങിയ പിച്ചില്‍ അവര്‍ 249 റണ്‍സ് നേടി ഇന്ത്യയ്ക്ക് 221 റണ്‍സെന്ന വിജയലക്ഷ്യം നല്‍കി.

തുടര്‍ന്ന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് ധീരമായ ഒരു പോരാട്ടത്തിനായിരുന്നു. ഒരു ദാക്ഷിണ്യവുമില്ലാതെ ഇടം വലം കുത്തിത്തിരിഞ്ഞുകൊണ്ടിരുന്ന പന്തുകള്‍ക്കു മുന്നില്‍ സുനില്‍ ഗാവസ്കറെന്ന ബാറ്റര്‍ ഒരു മതിലായി മാറി. തല താഴ്ത്തി, ബാറ്റും പാഡുമെല്ലാം സമര്‍ത്ഥമായി ഉപയോഗിച്ച്, കളിച്ചും കളിക്കാതെയും പന്തുകളെ കൈകാര്യം ചെയ്ത് ഗാവസ്കര്‍ തന്‍റെ ടെസ്റ്റ് ജീവിതത്തിലെ അവസാന ഇന്നിങ്സിനെ അവിസ്മരണീയമാക്കി. പാക്കിസ്ഥാനും വിജയത്തിനും ഇടയില്‍, കറങ്ങുന്ന പന്തുകളെ ഉറച്ച പ്രതിരോധം കൊണ്ട് റദ്ദാക്കി ‘സണ്ണി’ ടെസ്റ്റ് ക്രിക്കറ്റിന്‍റെ സുന്ദരഭാവങ്ങളെ ആവിഷ്കരിക്കുകയായിരുന്നു. തന്‍റെ 35ാം സെഞ്ചുറിക്ക് നാല് റണ്‍സകലെ ഇഖ്ബാല്‍ കാസിമിന്‍റെ പന്തില്‍ റിസ് വാന്‍ ഉസ്സമാന് ക്യാച്ച് നല്‍കി എട്ടാമനായി ഗാവസ്കര്‍ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ പാക്കിസ്ഥാന്‍ വിജയം ഉറപ്പിച്ചിരുന്നു. 264 പന്തുകള്‍ നേരിട്ട് 96 റണ്‍സ് നേടിയ ഗാവസ്കര്‍ 8 ബൗണ്ടറികളും അടിച്ചു. 204 റണ്‍സിന് പുറത്തായ ഇന്ത്യ 16 റണ്‍സിന്‍റെ തോല്‍വി വഴങ്ങി പരമ്പര കൈവിട്ടു. ഈ ടെസ്റ്റ് ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത് ഉന്നത നിലവാരമുള്ള സ്പിന്‍ ബൗളിങ്ങിനെതിരായ ഗാവസ്കറുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനത്തിന്‍റെ പേരിലാണ്. തന്‍റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ആയി ഗാവസ്കറും വിലയിരുത്തുന്നത് ഈ പ്രകടനം തന്നെയാണ്. ഈ ടെസ്റ്റിന്‍റെ നാലാം ഇന്നിങ്സില്‍ ഇമ്രാന്‍ ഖാന്‍ ഒരു പന്തു പോലും എറിഞ്ഞില്ലെന്നത് പിച്ചിന്‍റെ സ്പിന്‍ സ്വഭാവത്തെ വ്യക്തമാക്കുന്നു.

ദിലീപ് വെങ്സാര്‍ക്കര്‍ (166) - കട്ടക്കില്‍ ശ്രീലങ്കയ്ക്കെതിരെ - 1987 - ജനുവരി 4-7

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റിനായി ഒരുക്കിയിരുന്ന പിച്ച് ‘മൈന്‍ഫീല്‍ഡ് ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ദിലീപ് വെങ്സാര്‍ക്കര്‍ തന്‍റെ ടെസ്റ്റ് ജീവിതത്തിലെ സ്വപ്ന സമാനമായ ഒരു കാലയളവിലൂടെ കടന്നുപോകുന്ന സമയം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് വൈകാതെ തന്നെ പിച്ചിന്‍റെ പ്രവചനാതീതമായ സ്വഭാവം അനുഭവിച്ചറിയാന്‍ കഴിഞ്ഞു. രവി രത്നായകെയുടെ ഒരു ഷോര്‍ട്ട് പിച്ച് പന്ത് പുള്‍ ചെയ്യാന്‍ ഒരുങ്ങിയ ഗാവസ്കര്‍ പന്ത് മുട്ടിനു താഴെ വന്നിടിച്ചത് അവിശ്വസനീയതയോടെ നോക്കിനിന്നു പോയി. രണ്ടാം ഓപ്പണറായ ശ്രീകാന്ത് ഒരു ഷൂട്ടറില്‍ കുറ്റി തെറിക്കുന്നത് നിസ്സഹായനായി കണ്ടു നിന്നു. പക്ഷേ, വെങ്സാര്‍ക്കര്‍ അപാര ഫോമിലായിരുന്നു. കണ്ണടച്ചടിച്ചാലും ബാറ്റിന്‍റെ മധ്യഭാഗത്തു കൊള്ളുന്ന തരത്തില്‍ അപാരമായ ആത്മവിശ്വാസം. മറ്റുള്ള ബാറ്റര്‍മാര്‍ ബാറ്റിന്‍റെ അരികും മൂലയും കൊണ്ട് കളിച്ചപ്പോള്‍ വെങ്സാര്‍ക്കര്‍ പിച്ചിനെ അവഗണിച്ച് അനായാസമായി, സ്വപ്നത്തിലെന്ന പോലെ, ബാറ്റ് ചെയ്തുകൊണ്ടിരുന്നു. ഇന്ത്യന്‍ സ്കോര്‍ 385 റണ്‍സിലെത്തി നില്‍ക്കെ, 166 റണ്‍സുമായി രവി രത്നായകെയുടെ പന്തില്‍ എല്‍ബിഡബ്ള്യു ആയി പുറത്താവുമ്പോള്‍, തന്‍റെ ടെസ്റ്റ് ജീവിതത്തിലെ ഏറ്റവും മികച്ച സ്കോര്‍ കുറിച്ചിട്ടാണ് ‘കേണല്‍ ’ പവലിയനിലേക്ക് മടങ്ങിയത്.

ശ്രീലങ്കയെ ആദ്യ ഇന്നിങ്സില്‍ 191 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 142 റണ്‍സിനും എറിഞ്ഞിട്ട ഇന്ത്യ ഇന്നിങ്സിനും 67 റണ്‍സിനും അനായാസ ജയം നേടി. മറ്റെല്ലാ ബാറ്റര്‍മാരും പതറിയ കട്ടക്ക് പിച്ചില്‍ അനായാസം ബാറ്റ് ചെയ്ത വെങ്സാര്‍ക്കറുടെ ഇന്നിങ്സിനെ സമാനകളില്ലാത്ത ഒന്നായാണ് വിലയിരുത്തുന്നത്.

ഈ ടെസ്റ്റ് പരമ്പരയിലെ മികച്ച താരമായി വെങ്സാര്‍ക്കറെ തിരഞ്ഞെടുത്തെങ്കിലും അവസാന ടെസ്റ്റായ കട്ടക്കില്‍ മാന്‍ ഓഫ് ദ് മാച്ച് ആയി തന്നെ തിരഞ്ഞെടുക്കാത്തതില്‍ പ്രതിഷേധിച്ച് വെങ്സാര്‍ക്കര്‍ ട്രോഫി വാങ്ങാന്‍ കൂട്ടാക്കിയില്ല. അവസാന ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച് ആയ കപില്‍ദേവ് ആ ട്രോഫിക്കര്‍ഹന്‍ വെങ്സാര്‍ക്കര്‍ തന്നെയാണെന്നു പറഞ്ഞെങ്കിലും ‘കേണല്‍’ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അത്രയും മുകളിലായിരുന്നു അദ്ദേഹം തന്‍റെ കട്ടക്ക് ഇന്നിങ്സിനെ വിലയിരുത്തിയിരുന്നത്.