ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയതോടെ ഇന്ത്യയുടെ പുതിയ ബാറ്റിങ് കരുത്തായി മാറിയിരിക്കുകയാണ് തിലക് വര്‍മ. സെഞ്ചൂറിയനിലും ജൊഹാനസ്ബര്‍ഗിലും നടന്ന മത്സരത്തിലാണ് തിലക് സെഞ്ചുറി കുറിച്ചത്. അവസാന മത്സരത്തില്‍ സഞ്ജു സാംസണും തിലക് വര്‍മയും നേടിയ സെഞ്ചുറികളുടെ ബലത്തിലായിരുന്നു ഇന്ത്യന്‍ വിജയം. അതുവഴി പരമ്പരയും നേടി.
ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സെഞ്ചുറി നേടി സ്ഥിരതയുടെ പ്രതിരൂപമായി മാറിയിരിക്കുകയാണ് തിലക് വര്‍മ. മത്സരത്തില്‍ ഹൈദരാബാദിന്റെ നായകനായ തിലക്, മേഘാലയക്കെതിരേ 151 റണ്‍സ് നേടി. ഇതോടെ തുടര്‍ച്ചയായി മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായി തിലക് മാറി. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന ടി20 വ്യക്തിഗത സ്കോറും തിലക് തന്റെ പേരില്‍ കുറിച്ചു.
67 പന്തുകളില്‍ പത്ത് സിക്സും 14 ഫോറും ഉള്‍പ്പെടെയാണ് തിലകിന്റെ 151 റണ്‍സ്. ഇന്നിങ്സിലെ അവസാന പന്തില്‍ ക്യാച്ചായി പുറത്തായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ഇതുവരെ ശ്രേയസ് അയ്യരുടെ പേരിലായിരുന്നു - 147. ടി20-യില്‍ നൂറ്റി അന്‍പതോ അതില്‍ക്കൂടുതലോ നേടുന്ന ഒരേയൊരു ഇന്ത്യക്കാരനായി ഇതോടെ തിലക് മാറി.
തിലകിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഹൈദരാബാദ് നാലുവിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. മൂന്നാമനായാണ് തിലക് ബാറ്റിങ്ങിനിറങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയ 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 എന്ന നിലയിലാണ്. അടുത്തിടെയാണ് തിലക് ടി20 ലോക റാങ്കിങ്ങില്‍ മൂന്നാംസ്ഥാനത്തെത്തിയത്.
Content Highlights: tilak varma became the first to hit three consecutive t20 centuries
Published: 23 Nov 2024, 01:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented