പുണെ: നായകൻ ഇഷാൻ കിഷൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ സയ്യിദ് മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ഝാർഖണ്ഡ്. 69 റൺസിനാണ് ടീമിന്റെ ജയം. ഝാർഖണ്ഡ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹരിയാണ 193 റൺസിന് ഓൾഔട്ടായി. 49 പന്തിൽ നിന്ന് 101 റൺസെടുത്ത ഝാർഖണ്ഡ് നായകൻ ഇഷാൻ കിഷനാണ് ടീമിന്റെ വിജയശിൽപ്പി.
ഝാർഖണ്ഡ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹരിയാണ തുടക്കത്തിൽ തന്നെ പതറി. ഒരു റണ്ണിനിടെ ടീമിന് രണ്ടുവിക്കറ്റ് നഷ്ടമായി. അൻകിത് കുമാറും ആശിഷ് സിവാച്ചും ഡക്കായി. ആർഷ് രംഗ 17 റൺസെടുത്ത് പുറത്തായി. യശ്‌വർധൻ ദലാൽ അർധസെഞ്ചുറിയോടെ ക്രീസിൽ നിലയുറപ്പിച്ചതാണ് ടീമിന് അൽപ്പമെങ്കിലും ആശ്വാസമായത്. താരം 22 പന്തിൽ നിന്ന് 53 റൺസെടുത്തു. നിഷാന്ത് സിന്ധു 15 പന്തിൽ 31 റൺസും സാമന്ത് ജാഖർ 17 പന്തിൽ നിന്ന് 38 റൺസുമെടുത്തു. പിന്നീട് വന്നവർക്കാർക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. അതോടെ ടീം 193 റൺസിന് പുറത്തായി.
ആദ്യം ബാറ്റുചെയ്ത ഝാർഖണ്ഡ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 262 റൺസാണെടുത്തത്. റെക്കോഡ് സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ ഇഷാൻ കിഷനാണ് ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഓപ്പണർ വിരാട് സിങ് രണ്ട് റൺസെടുത്ത് പുറത്തായെങ്കിലും ഇഷാൻ കിഷനും കുമാർ കുശാഗ്രയും തകർത്തടിച്ചു. ഇഷാൻ കിഷനായിരുന്നു വെടിക്കെട്ടിന് തിരികൊളുത്തിയത്. 24 പന്തിൽ കിഷൻ അർധസെഞ്ചുറി തികച്ചു.
പത്തോവറിൽ 113 റൺസിലെത്തിയ ഝാർഖണ്ഡ് 14 ഓവറിൽ 180 റൺസ് അടിച്ചെടുത്തു. പിന്നാലെ സെഞ്ചുറിയുമായി ഇഷാൻ കിഷൻ കളംനിറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഇഷാൻ. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും കുമാർ കുശാഗ്രയും 177 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കിഷൻ 49 പന്തിൽ നിന്ന് 101 റൺസെടുത്ത് പുറത്തായി. ആറുഫോറുകളും 10 സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. കുശാഗ്ര 38 പന്തിൽ നിന്ന് 81 റൺസെടുത്തു.
ഇരുവരും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അനുകുൽ റോയ്‌യും റോബിൻ മിൻസും വെടിക്കെട്ടോടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. റോയ് 20 പന്തിൽ നിന്ന് 40 റൺസും റോബിൻ 14 പന്തിൽ നിന്ന് 31 റൺസുമെടുത്തു. അതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെന്ന നിലയിൽ ഝാർഖണ്ഡ് ഇന്നിങ്‌സ് അവസാനിച്ചു.
Content Highlights: Haryana vs Jharkhand, Syed Mushtaq Ali Trophy Elite 2025
Published: 18 Dec 2025, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented