പുണെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഹരിയാനയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടർന്ന് മുംബൈ. ഹരിയാന ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചുറിയും സര്‍ഫറാസ് ഖാന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമാണ് മുംബൈക്ക് കരുത്തായത്.

To advertise here,

ഹരിയാന ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ മുംബൈക്കായി ജയ്‌സ്വാളും അജിന്‍ക്യ രഹാനെയും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ടീം മൂന്നോവറില്‍ തന്നെ അമ്പതിലെത്തി. 10 പന്തില്‍ 21 റണ്‍സെടുത്ത് രഹാനെ പുറത്തായെങ്കിലും പിന്നീട് സര്‍ഫറാസ് ഖാനും ജയ്‌സ്വാളും സ്‌കോറുയര്‍ത്തി. സര്‍ഫറാസ് ഖാന്‍ ഹരിയാന ബൗളര്‍മാരെ നിലംതൊടീച്ചില്ല. സിക്‌സറുകള്‍ പറപറന്നതോടെ ടീം ആറോവറില്‍ നൂറുകടന്നു. ഏഴാം ഓവറില്‍ സര്‍ഫറാസ് അര്‍ധസെഞ്ചുറിയും തികച്ചു. 18 പന്തിലാണ് സര്‍ഫറാസിന്റെ ഫിഫ്റ്റി. പിന്നാലെ ട്രാക്ക് മാറ്റിയ ജയ്‌സ്വാളും വെടിക്കെട്ട് നടത്തി. 23 പന്തില്‍ താരം അര്‍ധസെഞ്ചുറി തികച്ചു.

പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഹരിയാന തിരിച്ചടിക്കുന്നതാണ് മൈതാനത്ത് കണ്ടത്. 25 പന്തില്‍ നിന്ന് 64 റണ്‍സെടുത്്ത സര്‍ഫറാസ് മടങ്ങി. ഒന്‍പത് ഫോറും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ആംഗ്രിഷ് രഘുവംശി (7), സൂര്യാന്‍ഷ് ഷെഡ്‌ജെ (13), ശാര്‍ദുല്‍ ഠാക്കൂര്‍ (2) എന്നിവര്‍ നിരാശപ്പെടുത്തി.

എന്നാല്‍, ക്രിസീല്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ജയ്‌സ്വാളാണ് സ്‌കോര്‍ 200 കടത്തിയത്. 17-ാം ഓവറില്‍ താരം സെഞ്ചുറിയും തികച്ചു. 18-ാം ഓവറില്‍ പുറത്തായെങ്കിലും ടീം ജയത്തിനടുത്തെത്തിയിരുന്നു. 17.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. ജയ്‌സ്വാള്‍ 50 പന്തില്‍ നിന്ന് 101 റണ്‍സെടുത്തു. നേരത്തേ അങ്കിത് കുമാര്‍(89), നിഷാന്ത് സിന്ധു(63) എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഹരിയാന 234 റണ്‍സെടുത്തത്.