ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പുതിയ ഫോര്‍മാറ്റ് നിര്‍ദേശിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയായിട്ട് നടത്തുന്നതാകും നല്ലതെന്ന നിര്‍ദേശമാണ് രോഹിത് മുന്നോട്ടുവെച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്റെ പ്രതികരണം.
'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയായി കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ നന്നായി പരിശ്രമിച്ചു, പൊരുതി. പക്ഷേ ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. ഇനി വരാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയായിരിക്കും ഉചിതം' - രോഹിത് ശര്‍മ്മ പറഞ്ഞു.
'കടുത്ത മത്സരമായിരുന്നു. ടോസ് വിജയിച്ച് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ച തുടക്കം മികച്ചതായിരുന്നു. ആദ്യ സെഷനില്‍ നന്നായി പന്തെറിയുകയും ചെയ്തു. എന്നാല്‍ ട്രാവിസ് ഹെഡുള്‍പ്പടെയുള്ള ഓസീസ് ബാറ്റര്‍മാര്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഞങ്ങള്‍ നന്നായി പൊരുതി, ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങള്‍' - രോഹിത് അഭിപ്രായപ്പെട്ടു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ പരാജയപ്പെടുന്നത്. ഓവലില്‍ 209 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ഓസീസ് ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 234 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 2021-ലെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
അതേ സമയം വിജയത്തോടെ ഓസ്‌ട്രേലിയ പുതിയ റെക്കോഡും സ്വന്തമാക്കി. എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് ഓസീസ് കരസ്ഥമാക്കിയത്. ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിവയാണ് നേരത്തേ ഓസ്‌ട്രേലിയ വിജയിച്ച ഐസിസി ടൂര്‍ണമെന്റുകള്‍.
Content Highlights: Three Match Series For WTC Final Rohit Sharmas Ideal Idea For ICC Tournament
Published: 11 Jun 2023, 08:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented