ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരേ ആഞ്ഞടിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമിനേക്കാള്‍ വലിയ പ്രാധാന്യത്തോടെ ചില വ്യക്തികളെ കണക്കാക്കുന്നുണ്ടെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ എന്ന രാജ്യം ടീമിനെ ആശ്രയിച്ചുള്ളതല്ലെന്നും മറിച്ച് വ്യക്തികളെ ആശ്രയിച്ചുള്ളതാണെന്നും ഗംഭീര്‍ തുറന്നടിച്ചു. പലരും പറയാന്‍ മടിക്കുന്ന കാര്യമാണിതെന്നും ഈ യാഥാര്‍ഥ്യം ലോകത്തിന് മുന്നില്‍ വരണമെന്നുമുള്ള ആമുഖത്തോടെയായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ അഭിപ്രായപ്രകടനം.

To advertise here,

'പല ആളുകളും ഇത് പറയില്ല, എനിക്ക് ഇത് പറയണം കാരണം ഇതാണ് യാഥാര്‍ഥ്യമെന്നാണ് തോന്നുന്നത്. ഇത് ലോകത്തിന് മുമ്പില്‍ വരണം. ഇന്ത്യ എന്നത് ടീമിനെ ആശ്രയിച്ചുള്ള രാജ്യമല്ല, വ്യക്തികളെ ആശ്രയിച്ചുള്ളതാണ്. ടീമുകളേക്കാള്‍ മുന്‍ഗണന ചില വ്യക്തികള്‍ക്ക് നല്‍കുന്നു.'- ഗംഭീര്‍ പറഞ്ഞു.

'ഇംഗ്ലണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാം ടീമാണ്. അവിടെ വ്യക്തികള്‍ ടീമിന്റെ ഭാഗം മാത്രമാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ബ്രോഡ്കാസ്റ്റര്‍ മുതല്‍ മാധ്യമങ്ങള്‍ വെറും പിആര്‍ ഏജന്‍സികള്‍ മാത്രമാണ്. ദിവസം മുഴുവന്‍ അവര്‍ മൂന്നുപേരെ മാത്രം കാണിച്ചുകൊണ്ടിരിക്കും'- ഗംഭീര്‍ പ്രതികരിച്ചു.

ചില താരങ്ങള്‍ തരംതാഴ്ത്തപ്പെട്ടതായി മുദ്രകുത്തപ്പെടുത്തുണ്ടെന്നും അതിന് കാരണക്കാര്‍ ബ്രോഡ്കാസ്റ്റര്‍, സമൂഹമാധ്യമങ്ങള്‍, ക്രിക്കറ്റ് വിദഗ്ധര്‍ തുടങ്ങിയ എല്ലാവരുമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ പരാജയപ്പെടുന്നത്. ഓവലില്‍ 209 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ഓസീസ് ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 234 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 2021-ലെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 

അതേ സമയം വിജയത്തോടെ ഓസ്‌ട്രേലിയ പുതിയ റെക്കോഡും സ്വന്തമാക്കി. എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് ഓസീസ് കരസ്ഥമാക്കിയത്. ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിവയാണ് നേരത്തേ ഓസ്‌ട്രേലിയ വിജയിച്ച ഐസിസി ടൂര്‍ണമെന്റുകള്‍.