ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിന്റെ ഫൈനല്‍ ആവേശകരമായ പര്യവസാനത്തിലേക്ക്.  നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് വിജയിക്കാന്‍ 280-റണ്‍സ് കൂടി വേണം. അവസാനദിനം ഇന്ത്യ അത് അടിച്ചെടുക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഓസീസിന് ജേതാക്കളാകാം. രണ്ടും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയിലാകും. 

To advertise here,

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവരേയും ചേതേശ്വര്‍ പൂജാരയേയും നഷ്ടമായി.  44 റണ്‍സെടുത്ത വിരാട് കോലിയും 20 റണ്‍സെടുത്ത അജിന്‍ക്യ രഹാനേയുമാണ് ക്രീസില്‍. നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സെന്ന നിലയില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 296 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സെടുത്ത ഓസ്‌ട്രേലിയ 296 റണ്‍സിന് മുന്നിലായിരുന്നു.

നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 124-ല്‍ നില്‍ക്കേ മാര്‍നസ് ലബുഷെയിനെ ഓസീസിന് നഷ്ടമായി. 41 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവാണ് പുറത്താക്കിയത്. നാലാം ദിനം ഒരു റണ്‍സ് പോലും നേടാനാകാതെയാണ് ലബുഷെയിന്‍ മടങ്ങിയത്. 

പിന്നീടിറങ്ങിയ അലക്‌സ് കാരി കാമറൂണ്‍ ഗ്രീനുമൊത്ത് ഓസ്‌ട്രേലിയയുടെ ലീഡ് വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. ഈ കൂട്ടുകെട്ട് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 150-കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 167-ല്‍ നില്‍ക്കേ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കി രവീന്ദ്ര ജഡേജ തിരിച്ചടിച്ചു. 25 റണ്‍സെടുത്താണ് ഗ്രീന്‍ പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കും കാരിയും പിന്നീട് കരുതലോടെ ബാറ്റേന്തി. ഓസ്‌ട്രേലിയയുടെ ലീഡ് 350 കടത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ടീം സ്‌കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലായിരുന്നു. 

ഉച്ചഭക്ഷണത്തിന് ശേഷം അലക്‌സ് കാരി-മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടുകെട്ട് ശക്തിയോടെ നിലയുറപ്പിക്കുന്നതാണ് ഓവലില്‍ കണ്ടത്. പിന്നാലെ അലക്‌സ് കാരി അര്‍ധസെഞ്ചുറിയും തികച്ചു. സ്റ്റാര്‍ക്കും സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കിത്തുടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഓസീസ് ലീഡ് വൈകാതെ 400-റണ്‍സ് കടന്നു. 

ടീം സ്‌കോര്‍ 260-ല്‍ നില്‍ക്കേ മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കി മുഹമ്മദ് ഷമി കൂട്ടുകെട്ട് പൊളിച്ചു. 41 റണ്‍സാണ് സ്റ്റാര്‍ക്കിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ കമ്മിന്‍സും വേഗത്തില്‍ കൂടാരം കയറിയതോടെ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സിനാണ് ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 66-റണ്‍സെടുത്ത അലക്‌സ് കാരി പുറത്താവാതെ നിന്നു. അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 444 ആയി മാറി. 

ഓസ്‌ട്രേലിയ ഉയര്‍ത്തിയ റണ്‍മല താണ്ടാന്‍ കരുതലോടെയാണ് ഇന്ത്യ ബാറ്റേന്തിയത്. നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം നല്‍കി. ടീം സ്‌കോര്‍ 41-ല്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. സ്‌കോട്ട് ബോളണ്ടാണ് ഗില്ലിനെ പുറത്താക്കിയത്. 18 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നീടിറങ്ങിയ ചേതേശ്വര്‍ പൂജാരയുമൊത്ത് രോഹിത് ഇന്ത്യന്‍ സ്‌കോറുയര്‍ത്തി.  

എന്നാല്‍ രോഹിത്തിനേയും പൂജാരയേയും പുറത്താക്കി ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് കടുത്ത തിരിച്ചടി സമ്മാനിച്ചു. 43 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നേതന്‍ ലയണാണ് പുറത്താക്കിയത്. പിന്നാലെ ടീം സ്‌കോര്‍ 93-ല്‍ നില്‍ക്കേ പൂജാരയും കൂടാരം കയറി. കമ്മിന്‍സിന്റെ പന്ത് ഷോട്ടിന് ശ്രമിച്ച പൂജാരയ്ക്ക് പിഴച്ചു. ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി കൈപ്പിടിയിലൊതുക്കി. അതോടെ ഇന്ത്യ പ്രതിരോധത്തിലായി.  

പിന്നീട് വിരാട് കോലിയും അജിന്‍ക്യ രഹാനേയും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഇന്ത്യയ്ക്ക് വീണ്ടും വിജയപ്രതീക്ഷകള്‍ വന്നു. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ് ഇന്ത്യയുള്ളത്. 44 റണ്‍സെടുത്ത വിരാട് കോലിയും 20 റണ്‍സെടുത്ത അജിന്‍ക്യ രഹാനേയുമാണ് ക്രീസില്‍. 280 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാകാം. ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ ഓസ്‌ട്രേലിയ കിരീടമുയര്‍ത്തും. മത്സരത്തിന്റെ അവസാനദിനമായ ഞായറാഴ്ച പോരാട്ടം തീപാറുമെന്നുറപ്പാണ്.