നാഗ്പുർ: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനവുമായി നാഗ്പുരിലെ 13-കാരൻ യാഷ് ചൗഡേ. മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച അണ്ടർ 14 ഇന്റർ സ്‌കൂൾ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ മത്സരത്തിലാണ് പുറത്താകാതെ 508 റൺസ് അടിച്ചുകൂട്ടി സരസ്വതി സ്‌കൂൾ താരമായ യാഷ് ചൗഡേ താരമായത്. സിദ്ധേശ്വർ വിദ്യാലയത്തിനെതിരായ മത്സരത്തിലാണ്‌ കൗമാരതാരത്തിന്റെ പ്രകടനം.

To advertise here,

യാഷ് ചൗഡേയുടെ മികവിൽ നാഗ്‌പുർ സരസ്വതി സ്‌കൂൾ 40 ഓവർ മത്സരത്തിൽ വിക്കറ്റ് പോകാതെ 714 റൺസെടുത്തു. ഓപ്പണറായി ഇറങ്ങിയ യാഷ് 178 പന്തിൽ 81 ഫോറും 18 സിക്‌സും ഉൾപ്പെടെയാണ് 508 റൺസെടുത്തത്. ഈ വിഭാഗത്തിലെ ഇന്റർ സ്‌കൂൾ ക്രിക്കറ്റ് മത്സരത്തിൽ കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും ഇതോടെ സ്വന്തമായി.

മത്സരത്തിൽ യാഷിന്റെ കൂടെയിറങ്ങിയ തിലക് വക്കോഡ് സെഞ്ചുറി (127) നേടി. കൂറ്റൻ സ്‌കോർ പിന്തുടർന്ന സിദ്ധേശ്വർ സ്‌കൂൾ അഞ്ച് ഓവറിൽ ഒമ്പതുറൺസിന് പുറത്തായി. 705 റൺസിന്റെ ഗംഭീരവിജയത്തോടെയാണ് സരസ്വതി വിദ്യാലയം ജയിച്ചുകയറിയത്. ഒട്ടേറെ ക്രിക്കറ്റ് പ്രതിഭകളെ സംഭാവനചെയ്ത സ്കൂളാണ് സരസ്വതി വിദ്യാലയം. വിദർഭയുടെ ഇപ്പോഴത്തെ ക്യാപ്റ്റൻ ഫൈസ് ഫസൽ സരസ്വതി സ്‌കൂൾ വിദ്യാർഥിയായിരുന്നു. സ്‌കൂളിനുവേണ്ടി കളിക്കുന്ന സമയത്ത് അദ്ദേഹം 280 റൺസ് നേടിയിരുന്നു.