ദുബായ്: ദോഹയിൽ നടന്ന എസിസി റൈസിങ് സ്റ്റാഴ്‌സ് ഏഷ്യാ കപ്പ് ടൂർണമെന്റിൽ യുഎഇക്കെതിരേ റെക്കോഡ് ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തെ ചോദ്യം ചെയ്ത് മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ തൻവീർ അഹമ്മദ്. മത്സരത്തിൽ 15-കാരനായ വൈഭവ് 53 പന്തുകളിൽ നിന്ന് 28 സിക്‌സറുകളും ഏഴ് ഫോറുകളും അടക്കം 204 റൺസ് നേടിയിരുന്നു. യുഎഇ ഉയർത്തിയ 250 റൺസ് ലക്ഷ്യം വെറും 14.2 ഓവറിൽ ഇന്ത്യ എ മറികടക്കുകയും ചെയ്തു.

To advertise here,

ഇതോടെയാണ് തൻവീർ അഹമ്മദിന്റെ സംശയം. വൈഭവിന്റെ അസാധാരണമായ പവർ ഹിറ്റിങ്ങാണ് പ്രായത്തെക്കുറിച്ച് സംശയം ഉന്നയിക്കാൻ തൻവീർ അഹമ്മദിനെ പ്രേരിപ്പിച്ചത്. വൈഭവിന് 15 വയസല്ലെന്നും കുറഞ്ഞത് 20-21 വയസെങ്കിലും കാണുമെന്നും അദ്ദേഹം വാദിച്ചു. 15 വയസുള്ള ഒരു കുട്ടിയുടെ തോളുകൾക്കോ ശരീരത്തിനോ ഇത്രയും കരുത്തുണ്ടാകില്ലെന്നും 28 സിക്‌സറുകൾ അടിക്കാൻ കഴിയില്ലെന്നും തൻവീർ പറഞ്ഞു. വൈഭവിന്റെ പ്രായപരിശോധന നടത്തണമെന്ന് യൂട്യൂബ് ചർച്ചയ്ക്കിടെ ഉയർന്നു വന്ന നിർദേശത്തെ തൻവീർ പിന്തുണയ്ക്കുകയും ചെയ്തു. വൈഭവിന്റെ പ്രായം പരിശോധിക്കണമെന്നും തൻവീർ അഹമ്മദ് ആവശ്യപ്പെട്ടു.

2010-നും 2013-നും ഇടയിൽ പാകിസ്താനെ പ്രതിനിധീകരിച്ച ബൗളറാണ് തൻവീർ അഹമ്മദ്. അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ഒരു ടി20യും കളിച്ചിട്ടുള്ള അദ്ദേഹം ടെസ്റ്റിൽ 17 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2010 നവംബറിൽ അബുദാബിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.