ദോഹ: കൗമാരതാരം വൈഭവ് സൂര്യവംശിയുടെ റെക്കോഡ് പ്രകടനത്തിനാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ യുഎഇയ്‌ക്കെതിരേ 53 പന്തിൽ 204 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. മത്സരത്തിൽ പന്തെറിഞ്ഞ ബൗളർമാരെല്ലാം വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് ഇബ്രാർ അഹമ്മദായിരുന്നു. അഭിഷേക് ശർമയുടെ വിക്കറ്റെടുത്ത ഇബ്രാർ താരവുമായി കോർക്കുന്നതും മത്സരത്തിൽ കണ്ടു.
ഇന്നിങ്‌സിലെ രണ്ടാം ഓവർ എറിയാനെത്തിയ ഇബ്രാറിനെ വൈഭവ് തുടക്കത്തിൽ തന്നെ പ്രഹരിച്ചു. രണ്ട് സിക്‌സറടക്കം 20 റൺസാണ് ആ ഓവറിൽ പിറന്നത്. എന്നാൽ നാലാം ഓവറിൽ ഇബ്രാർ വീണ്ടും പന്തെറിയാനെത്തി. ആ ഓവറിൽ അഭിഷേകായിരുന്നു ഇബ്രാറിന് കണക്കിന് കൊടുത്തത്. ആദ്യ പന്തിൽ ഫോറും രണ്ടാം പന്തിൽ സിക്‌സറുമടിച്ചു. എന്നാൽ മൂന്നാം പന്തിൽ എൽബിഡബ്ല്യുവിൽ കുരുങ്ങിയതോടെ അഭിഷേക് പുറത്തായി. ഔട്ടല്ലെന്ന് വാദിച്ച് ഉടൻ തന്നെ അഭിഷേക് എതിർപ്പ് പ്രകടിപ്പിച്ചു. പിന്നാലെ യുഎഇ ബൗളർ അഭിഷേകിനോട് കോർത്തു. മൈതാനം വിടാനും നിർദേശിച്ചു. അതോടെ ഇരുതാരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. സഹതാരങ്ങളും അമ്പയറും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
അഭിഷേക് പുറത്തായെങ്കിലും യുഎഇ ടീമിന് ആശ്വസിക്കാൻ വകയുണ്ടായിരുന്നില്ല. ഇബ്രാറാകട്ടെ പിന്നീട് നന്നായി തല്ലുവാങ്ങി. ആ ഓവറിലെ തന്നെ അഞ്ചാം പന്തിൽ സിക്‌സറും അവസാനപന്തിൽ ഫോറുമടിച്ച് വൈഭവ് മറുപടി കൊടുത്തു. പിന്നീട് ഏഴാം ഓവറിലാണ് ഇബ്രാർ അടുത്ത ഓവർ എറിഞ്ഞത്. ആ ഓവറിൽ വൈഭവിന്റെ താണ്ഡവമായിരുന്നു. മൂന്ന് വീതം സിക്സ്‌റും ഫോറും അടിച്ചെടുത്ത വൈഭവ് സെഞ്ചുറിയും തികച്ചു. ഓവറിൽ പിറന്നതാകട്ടെ 30 റൺസ്. പിന്നീട് ഇബ്രാർ പന്തെറിഞ്ഞില്ല. മൂന്നോവറിൽ താരം വഴങ്ങിയത് 71 റൺസ്.
വെടിക്കെട്ട് തുടർന്ന വൈഭവ് റെക്കോഡുകൾ ഓരോന്നും തകർത്തെറിഞ്ഞു. 16 പന്തിൽ നിന്ന് അർധ സെഞ്ചുറി, 28 പന്തുകളിൽ നിന്ന് സെഞ്ചുറി, 40 പന്തുകളിൽ 150, 52 പന്തുകളിൽ നിന്ന് ഇരട്ട സെഞ്ചുറി. അങ്ങനെ ലിസ്റ്റ് എ ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകൾ ഓരോന്നായി വൈഭവ് സ്വന്തം പേരിലാക്കി. ഡബിൾ സെഞ്ചുറി നേടിയതിനു പിന്നാലെ 53 പന്തിൽ നിന്ന് 204 റൺസെടുത്ത് വൈഭവ് പുറത്താകുകയായിരുന്നു.
28 സിക്‌സറുകളാണ് താരം മത്സരത്തിൽ ഗാലറിയിലെത്തിച്ചത്. പ്രൊഫഷണൽ ക്രിക്കറ്റ് ചരിത്രത്തിൽ ഏതൊരു ഫോർമാറ്റിലെയും മത്സരത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും കൂടുതൽ സിക്‌സറുകളുടെ ലോക റെക്കോഡാണിത്. 2018-ൽ ക്വീൻസ്‌ലൻഡിനെതിരേ വെസ്റ്റേൺ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓസ്‌ട്രേലിയൻ താരം ഡാർസി ഷോർട്ട് നേടിയ 23 സിക്‌സറുകളുടെ റെക്കോഡാണ് വൈഭവ് മറികടന്നത്. ഇതിനുമുമ്പ് ഒരു ഇന്ത്യൻ താരവും മത്സര ക്രിക്കറ്റിൽ 20-ൽ കൂടുതൽ സിക്‌സറുകൾ നേടിയിട്ടില്ല.
Content Highlights: Heated altercation with UAE bowler Ibrar Ahmad after Abhishek Sharma's dismissal.
Published: 25 Nov 2026, 09:55 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented