ഗോവ: അണ്ടർ-19 ഏഷ്യാകപ്പിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐപിഎൽ താരലേലത്തിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യയുടെ കൗമാരതാരങ്ങൾ. ഏഷ്യാകപ്പിലെ പ്ലയർ ഓഫ് ദ ടൂർണമെന്റായ ആര്യവീർ സെവാഗും ഫൈനലിലെ ഹീറോ മോഹിത് ഉൽവയും ലേലത്തിൽ രജിസ്റ്റർ ചെയ്തു. 30 ലക്ഷം രൂപയാണ് താരങ്ങളുടെ അടിസ്ഥാന വില. ഡിസംബർ 16 ന് ഗോവയിൽ വെച്ചാണ് ലേലം നടക്കുന്നത്.

To advertise here,

അണ്ടർ-19 ഏഷ്യാകപ്പിൽ ഉടനീളം മികച്ച ബാറ്റിങ് പുറത്തെടുത്ത ആര്യവീർ ടൂർണമെൻിന്റെ താരമായിരുന്നു. അഞ്ച് ഇന്നിങ്‌സിൽ നിന്ന് 361 റൺസ് അടിച്ചെടുത്താണ് സെവാഗിന്റെ മകൻ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയത്. ഒരു സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറികളും യുവതാരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇതിൽ പാകിസ്താനെതിരായ ഫൈനലിൽ 61 പന്തിൽ നേടിയ 58 റൺസും ഉൾപ്പെടുന്നു.

ആര്യവീറിനൊപ്പം മോഹിത് ഉൽവയും കാവ്യ പട്ടേലും ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ അവിശ്വസനീയ ബാറ്റിങ് കാഴ്ചവെച്ച മോഹിത് ഉൽവയാണ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്. അതേസമയം ടീമിന്റെ ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്ത അണ്ടർ-19 കളിക്കാർ എല്ലാവരും അവരുടെ അടിസ്ഥാന വില 30 ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.

1,220 കളിക്കാരാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. ഈ പട്ടികയിൽ 14 ക്യാപ്ഡ് ഇന്ത്യൻ കളിക്കാരും 170 ക്യാപ്ഡ് വിദേശ കളിക്കാരും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള 42 കളിക്കാരും 798 അൺക്യാപ്ഡ് ഇന്ത്യൻ കളിക്കാരും ഉൾപ്പെടുന്നു. മുൻ ഐപിഎൽ സീസണുകളുടെ ഭാഗമായിരുന്ന 127 അൺക്യാപ്ഡ് ഇന്ത്യൻ കളിക്കാരും 69 അൺക്യാപ്ഡ് അന്താരാഷ്ട്ര താരങ്ങളും ഇതിലുണ്ട്.