ദോഹ: ഇന്ത്യ-പാക് മത്സരങ്ങൾക്കിടെ ഇരുടീമിലെയും താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തെ വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. അടുത്തിടെ ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിനിടെ ഒട്ടേറെ തവണ താരങ്ങൾ വാക്കേറ്റത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ഹർഭജന്റെ പ്രതികരണം. വിഷയത്തിൽ ഐസിസി ഇടപെടണമെന്നും ഇത് നാണക്കേടാണെന്നും ഹർഭജൻ പറഞ്ഞു.

To advertise here,

‘ഇക്കാര്യത്തിൽ ഐസിസിയും അതത് ബോർഡുകളും ഇടപെടേണ്ടതുണ്ട്. മത്സരം വിജയിച്ചതിന് ശേഷമുള്ള ഇന്ത്യ-പാക് കളിക്കാരുടെ പ്രതികരണങ്ങളും അവിടെ ഉണ്ടായ സംഭവങ്ങളും ശരിയല്ല. അത് നാണക്കേടും അടുത്ത തലമുറയ്ക്ക് മോശം മാതൃകയുമാണ്.’ - ഹർഭജൻ പറഞ്ഞു.

രണ്ട് ഇന്നിങ്‌സിലും ഇന്ത്യൻ പേസർ ഹർഷിത് റാണയും പാക് താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഹർഷിത് റാണയും പാക് ബാറ്റർ മുഹമ്മദ് ഇമ്രാൻ രൺദാവയും തമ്മിൽ പാക് ഇന്നിങ്സിന്റെ ഘട്ടത്തിൽ വാക്കേറ്റമുണ്ടായി. പാകിസ്താൻ ഇന്നിങ്‌സിന്റെ 40-ാം ഓവറിലാണ് സംഭവം. ഹർഷിത് എറിഞ്ഞ നോ ബോളിൽ രൺദാവ ഒരു റൺസെടുത്തു. നോൺസ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് ഓടുന്നതിനിടയിൽ രൺദാവ ഹർഷിതുമായി കൂട്ടിയിടിക്കുകയും തുടർന്ന് വാക്കേറ്റമുണ്ടാകുകയുമായിരുന്നു. പാകിസ്താൻ എ ഓപ്പണർ ഷാമിൽ ഹുസൈൻ ഔട്ടായപ്പോഴും ഹർഷിത് രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു. ഷാമിലിനെ ക്യാച്ച് ചെയ്ത ശേഷം 'ഡ്രസ്സിങ് റൂമിലേക്ക് വിട്ടോ' എന്ന രീതിയിൽ ഹർഷിത് ആംഗ്യം കാണിക്കുകയായിരുന്നു. പാകിസ്താന്റെ മറ്റൊരു ഓപ്പണറായ സദാഖതുമായും താരം വാഗ്വാദത്തിൽ ഏർപ്പെട്ടു.

ഇന്ത്യൻ ഇന്നിങ്സിൽ ഹർഷിത് റാണ പുറത്തായതിന് ശേഷവും പാക് താരങ്ങൾ റാണയെ വിട്ടില്ല. രണ്ട് പന്ത് നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല. ഇതിന് പിന്നാലെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു റാണ. ഈ സമയം പാക് താരങ്ങൾ റാണയ്ക്കുനേരെ തിരിയുകയായിരുന്നു. റാണയോട് പാക് താരം രോഷത്തോടെ സംസാരിക്കുകയും പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഒന്നും മിണ്ടാതെ പേസർ നടന്നുനീങ്ങി. ഫീൽഡ് അമ്പയർമാർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

മത്സരത്തിൽ ഇന്ത്യ എയെ 48 റൺസിനാണ് പാകിസ്താൻ എ തോൽപ്പിച്ചത്. 314 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്കായി ക്യാപ്റ്റൻ തിലക് വർമ സെഞ്ചുറി നേടിയെങ്കിലും വിജയതീരം തൊട്ടില്ല. ഇന്ത്യ എയ്ക്ക് 49.1 ഓവറിൽ 265 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 149 പന്തിൽ 100 റൺസെടുത്ത തിലക് വർമ കൂടി പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു.