മുംബൈ: മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് പരിശീലകനുമായ യോഗ്‌രാജ് സിങ് തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രിക്കറ്റ് താരം പൃഥ്വി ഷാ. തന്റെ ഭൂതകാലം എല്ലാവർക്കും അറിയാവുന്നതാണെന്നും അതിന്റെ പേരിൽ പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പൃഥ്വി ഷാ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. തന്റെ പേരുപയോഗിച്ച് ചിലർ പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണെന്നും പൃഥ്വി ഷാ കുറിച്ചു.
തന്റെ സ്വകാര്യ ജീവിതത്തെ ലക്ഷ്യംവെച്ച് സംസാരിക്കാൻ ആരേയും അനുവദിക്കില്ലെന്നും തന്റെ മൗനത്തെ ദൗർബല്യമായി കാണരുതെന്നും പൃഥ്വി ഷാ അവസാന മുന്നറിയിപ്പ് നൽകി. 'എന്റെ ഭൂതകാലം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്, ഒളിച്ചുവെക്കാനോ ലജ്ജിക്കാനോ എനിക്ക് യാതൊന്നുമില്ല. എന്നിരുന്നാലും, നെഗറ്റീവിറ്റി പരത്താനും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനും എന്റെ പ്രശസ്തി തകർക്കാനും അല്ലെങ്കിൽ എന്റെ ചെലവിൽ പ്രശസ്തി നേടാനും ആരെങ്കിലും ബോധപൂർവ്വം എന്റെ പേരോ വ്യക്തിജീവിതമോ ഉപയോഗിക്കുന്നത് ഞാൻ സഹിക്കില്ല. അഭിപ്രായം പറയുന്നതും തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ഒരാളെ ബോധപൂർവ്വം ലക്ഷ്യമിടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതൊരു വ്യക്തമായ അന്തിമ മുന്നറിയിപ്പായി കണക്കാക്കുക. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിക്കും പ്ലാറ്റ്‌ഫോമിനും എതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കും.'-പൃഥ്വി ഷാ വ്യക്തമാക്കി.
യോഗ്‌രാജ് സിങ്ങിന്റെ പേര് പരാമർശിക്കാതെയാണ് പൃഥ്വി ഷായുടെ പ്രതികരണം. അടുത്തിടെ 'സ്‌പോർട്‌സ് ലോഞ്ച്പാഡ്' എന്ന പരിപാടിയിൽ സംസാരിക്കവെ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ ജീവിതശൈലിയുമായി പൃഥ്വി ഷായുടെ ജീവിതത്തെ യോഗ്‌രാജ് താരതമ്യം ചെയ്തിരുന്നു. ഈ ജീവിതശൈലി പൃഥ്വി ഷായുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുകയും ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകാനുള്ള കാരണം അതാണെന്നും യോഗ്‌രാജ് പറഞ്ഞിരുന്നു.
'എന്തുകൊണ്ടാണ് പൃഥ്വി ഷായുടെ കരിയർ തകർന്നത്? ഇതിനുമുമ്പ് വിനോദ് കാംബ്ലിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചിട്ടുണ്ട്. പാർട്ടികൾ, സ്ത്രീകളുടെ പിന്നാലെയുള്ള നടപ്പ്, സിഗരറ്റ്, മദ്യപാനം എന്നിവയാണ് ഇതിന് കാരണം. ഞാൻ ഒരിക്കൽ കാംബ്ലിയോട് ചോദിച്ചു, 'നിനക്ക് ഇത്രയധികം കഴിവുണ്ട്. എന്നിട്ടും നീ രാത്രി രണ്ടരയ്ക്കാണ് മുറിയിലേക്ക് വരുന്നത്?' 'നിങ്ങളുടെ കാലം കഴിഞ്ഞു, ഞങ്ങൾ ഇപ്പോൾ മറ്റൊരുതരം ക്രിക്കറ്റാണ് കളിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അടുത്ത ദിവസം രാവിലെ കോർട്ണി വാൽഷ് അദ്ദേഹത്തെ ബോൾ ചെയ്തു പുറത്താക്കി, ഇന്ത്യ ആ കളി തോൽക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പെൺകുട്ടി അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി, ആരും അദ്ദേഹത്തിന് സിഗരറ്റും മദ്യവും നൽകിയില്ല. പൃഥി ഷായുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. നിങ്ങൾ പാർട്ടികൾക്കും മദ്യപാനത്തിനും മോശം കൂട്ടുകെട്ടുകൾക്കും പിറകെ പോയാൽ, അവർക്ക് സംഭവിച്ചതുതന്നെ നിങ്ങൾക്കും സംഭവിക്കും'-യോഗ്‌രാജ് പറഞ്ഞു.
Content Highlights: Prithvi Shaw threatened legal action over derogatory remarks regarding his past lifestyle., Yograj Singh compared Shaw's career decline to former India batter Vinod Kambli during an interview., Shaw issued a final warning on Instagram, stating he will not tolerate targeted negativity or reputation damage.
Published: 25 Nov 2026, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented