
2024 ടി20 ലോകകപ്പ് കിരീടവുമായി ഇന്ത്യൻ താരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു | Photo - AFP
ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പുരുഷ ടി20 ലോകകപ്പില്‍ ആദ്യത്തെയും അവസാനത്തെയും മത്സരത്തിന് വേദിയാവുക അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം, അഹമ്മദാബാദിലായിരിക്കും ഉദ്ഘാടന മത്സരവും ഫൈനലും നടക്കുക. സെമി ഫൈനലുകളിലൊന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയം വേദിയാകും. ഐസിസി വനിതാ ലോകകപ്പിന് വേദിയായ സ്റ്റേഡിയങ്ങളൊന്നും ടി20 ലോകകപ്പിന് പരിഗണിക്കില്ല. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ടി20 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.
2026 ഫെബ്രുവരി ഏഴിന് ടൂര്‍ണമെന്റ് ആരംഭിക്കാനാണ് സാധ്യത. ഫൈനല്‍ മാര്‍ച്ച് എട്ടിന് നടക്കും. ഇന്ത്യയും പാകിസ്താനുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നതെങ്കില്‍ ആ മത്സരം കൊളംബോയിലായിരിക്കും നടക്കുക. ശേഷിച്ച സെമി ഫൈനല്‍ വാംഖഡെയിലും നടക്കും. പാകിസ്താന് ഫൈനലില്‍ പ്രവേശിച്ചാല്‍ നിഷ്പക്ഷ വേദിയിലായിരിക്കും മത്സരം നടക്കുക. ശ്രീലങ്ക സെമി ഫൈനലിന് യോഗ്യത നേടിയാല്‍ മത്സരം കൊളംബോയിലായിരിക്കുമെന്ന് ബിസിസിഐയെ ഐസിസി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലും ശ്രീലങ്കയിലുമായി എട്ട് വേദികളിലാണ് ടൂര്‍ണമെന്റ് നടക്കുക. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് വേദികളില്‍ മത്സരങ്ങള്‍ നടന്നേക്കും. ഓരോ ഇന്ത്യന്‍ വേദിയിലും കുറഞ്ഞത് ആറ് മത്സരങ്ങളെങ്കിലും ഉണ്ടായേക്കും. സുരക്ഷാകാരണങ്ങളാല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്ക്കുന്നു. ആര്‍സിബിയുടെ വിജയാഘോഷച്ചടങ്ങിനിടെയുണ്ടായ ദാരുണ സംഭവങ്ങള്‍ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സുരക്ഷാ ആശങ്ക. ശ്രീലങ്കയില്‍ പ്രേമദാസ സ്റ്റേഡിയം, പല്ലേക്കലെ, ദാംബുള്ള/ഹമ്പന്തോട്ട എന്നീ മൂന്ന് വേദികളാണുണ്ടാവുക.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകാന്‍ ഇന്ത്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബിസിസിഐയും പിസിബിയും തമ്മില്‍ നേരത്തെ ഒരു ധാരണയിലെത്തിയിരുന്നു. ഈ ധാരണപ്രകാരം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങള്‍ നിഷ്പക്ഷ വേദികളിലായിരിക്കും നടക്കുക. ടൂര്‍ണമെന്റിന്റെ മത്സരക്രമം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഐസിസി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: T20 World Cup 2026 Venues: Ahmedabad to Host Final, Mumbai Gears Up for Semi-Final
Published: 09 Nov 2025, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented