ന്യൂഡല്‍ഹി: സഞ്ജു സാംസണിനെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ക്രിസ് ശ്രീകാന്ത്. സഞ്ജുവിനെ തഴഞ്ഞത് അന്യായമാണെന്നും ആദ്യ അവസരം ലഭിക്കേണ്ടിയിരുന്ന താരമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. കാരണങ്ങള്‍ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. ധ്രുവ് ജുറേല്‍ എങ്ങനെയാണ് പെട്ടെന്ന് ടീമിലെത്തിയതെന്നും അദ്ദേഹം ചോദിച്ചു.
'വീണ്ടും അന്യായം. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയത് പരിഗണിച്ച്, സഞ്ജു ടീമില്‍ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഓരോ താരത്തിന്റെയും കാരണങ്ങള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. ഒരുദിവസം അഞ്ചാമതായി ബാറ്റിങ്ങിനിറക്കും. അടുത്തദിവസം ഓപ്പണറായി ഇറക്കും. ചിലപ്പോള്‍ അത് ഏഴാമതോ എട്ടാമതോ ആയി നീളും. ധ്രുവ് ജുറേല്‍ എങ്ങനെയാണ് പെട്ടെന്ന് ടീമിലെത്തിയത്? 11 പേരില്‍ സഞ്ജു ഉണ്ടാകാം, ഇല്ലാതിരിക്കാം. പക്ഷേ, ആദ്യ പരിഗണന അവന് നല്‍കണം' -ശ്രീകാന്ത് പറഞ്ഞു.
ബാറ്റിങ് സ്ഥാനങ്ങള്‍ പറഞ്ഞാണ് സഞ്ജുവിനെ തഴഞ്ഞത്. സഞ്ജുവിനെ ഒഴിവാക്കിയതു സംബന്ധിച്ച ചോദ്യത്തിന്, ബാറ്റിങ് സ്ഥാനങ്ങളാണ് ജുറേലിന് അനുകൂലമായതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ അറിയിച്ചിരുന്നു. സഞ്ജു മുന്‍നിരയിലാണ് ബാറ്റുചെയ്യുന്നത്. എന്നാല്‍ ജുറേല്‍ സാധാരണമായി താഴ്ന്ന ക്രമത്തിലാണ് ബാറ്റ് ചെയ്യുന്നത്. ടി20 ക്രിക്കറ്റില്‍ സഞ്ജു അവിടെ ബാറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണെന്നും അഗാര്‍ക്കര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഏഷ്യാകപ്പില്‍ മധ്യനിരയില്‍ കളിച്ചാണ് സഞ്ജു ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത്. മൂന്നാംനമ്പര്‍ മുതല്‍ എട്ടാംനമ്പര്‍ വരെയുള്ള സ്ഥാനങ്ങളില്‍ അദ്ദേഹം മാറിമാറി ബാറ്റു ചെയ്തപ്പോഴും മികച്ച പ്രകടനം നടത്തി. 16 ഏകദിനങ്ങളില്‍നിന്ന് 56.66 ശരാശരിയുള്ള സഞ്ജു, കൂടുതലും ബാറ്റുചെയ്തത് താഴ്ന്ന ക്രമത്തിലാണ്. നാലിനും ആറിനും ഇടയിലുള്ള സ്ഥാനങ്ങളില്‍ 11 ഇന്നിങ്‌സുകളില്‍നിന്ന് 57.83 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറികളോടെ 347 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം ധ്രുവ് ജുറേലിന് വരാനിരിക്കുന്ന പരമ്പര, ഏകദിന ടീമിലേക്കുള്ള കന്നി അവസരമാണ്.
Content Highlights: Kris Srikkanth Questions Sanju Samson's Snub
Published: 05 Oct 2025, 12:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented