സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിൽ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ലെന്ന് ഓസ്ട്രേലിയയുടെ മുൻതാരം ഷെയ്ൻ വാട്സൺ. കൂടുതൽ സമയം ക്രീസിൽ നിന്ന് ബാറ്റു ചെയ്യാനുള്ള മാനസിക കരുത്ത് തനിക്കില്ലെന്നും അതുകൊണ്ടാണ് പ്രകടനം മോശമായതെന്നും വാട്സൺ പറയുന്നു. 'ലേണിങ് ലെസ്സൺസ് വിത്ത് ദ ഗ്രേറ്റ്സ്' എന്ന തന്റെ പോഡ്കാസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു വാട്സൺ.

To advertise here,

'ഞാൻ എന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിട്ടില്ല. മാനസികമായ പ്രശ്നമായിരുന്നു അത്. എല്ലാ ടെസ്റ്റിലും നന്നായി കളിക്കണമെന്നു തന്നെയായിരുന്നു എന്റെ ആഗ്രഹം. പക്ഷേ മണിക്കൂറുകളോളം ക്രീസിൽ തുടരാനുള്ള മനക്കരുത്ത് എനിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ എപ്പോഴും എന്തെങ്കിലും അബദ്ധം കാണിക്കും.' വാട്സൺ പറയുന്നു.

ഏകദിന, ട്വന്റി-20യിൽ ഒരു ലക്ഷ്യമുണ്ടാകും. അതുകൊണ്ടുതന്നെ എങ്ങനെ ബാറ്റിങ് മുന്നോട്ടുകൊണ്ടുപോകണമെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ ടെസ്റ്റിൽ ഒരൊറ്റ ദിവസത്തിൽ മത്സരഫലമാകില്ലല്ലോ. വാട്സൺ കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയക്കായി 59 ടെസ്റ്റുകളിൽ നിന്ന് 35.19 ശരാശരിയിൽ 3731 റൺസാണ് വാട്സൺ നേടിയത്. 75 വിക്കറ്റും വീഴ്ത്തി. 33 റൺസിന് ആറു വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 2015 ആഷസ് പരമ്പരയിലാണ് വാട്സൺ അവസാന ടെസ്റ്റ് കളിച്ചത്.

content highlights: Shane Watson Unsatisfied With Test Career