ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ പ്രതികരണത്തിന് മറുപടിയുമായി ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍. ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഷമി സെലക്ടര്‍മാരെ വിമര്‍ശിച്ചിരുന്നു. ഫിറ്റായി ഇരിക്കുന്നതു കൊണ്ടാണ് ബംഗാളിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കുന്നതെന്നും ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങള്‍ സെലക്ടര്‍മാരെ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നുമായിരുന്നു ഷമി തുറന്നടിച്ചത്. രഞ്ജി ട്രോഫിയിലെ ദിവസങ്ങള്‍ നീണ്ട മത്സരങ്ങള്‍ കളിക്കാനാകുമെങ്കില്‍ തനിക്ക് ഏകദിനത്തിലും കളിക്കാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞിരുന്നു.
വെളളിയാഴ്ച എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുമ്പോഴാണ് അജിത്ത് അഗാര്‍ക്കര്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്. ഫിറ്റായിരുന്നെങ്കില്‍ ഷമി ടീമിലുണ്ടാകുമായിരുന്നു എന്നായിരുന്നു അഗാര്‍ക്കറിന്റെ മറുപടി. ഷമി അത് തന്നോടായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ മറുപടി നല്‍കുമായിരുന്നു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത് എന്താണെന്ന് അറിയില്ല. ഫിറ്റാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ടീമില്‍ ഉണ്ടാകുമായിരുന്നുവെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.
''അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി അവിശ്വസനീയ പ്രകടനം നടത്തിയ താരമാണ്. ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പുതന്നെ അദ്ദേഹം ഫിറ്റായിരുന്നെങ്കില്‍ ആ വിമാനത്തില്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഫിറ്റായിരുന്നില്ല. ആഭ്യന്തര സീസണ്‍ ആരംഭിച്ചതേയുള്ളൂ, അതിനാല്‍ അദ്ദേഹം വേണ്ടത്ര ഫിറ്റാണോ എന്ന് നമുക്ക് നോക്കാം. രഞ്ജി മത്സരങ്ങളുടെ ആദ്യ റൗണ്ടാണിത്. കുറച്ച് കൂടി മത്സരങ്ങള്‍ കഴിഞ്ഞാല്‍ നമുക്ക് മനസിലാകും. അദ്ദേഹം നന്നായി ബൗള്‍ ചെയ്യുന്നുണ്ടെങ്കില്‍, എന്തുകൊണ്ട് ഞങ്ങള്‍ ഷമിയെ പോലെ ഒരാളെ വേണ്ടെന്നുവെയ്ക്കും. എന്നാല്‍ കഴിഞ്ഞ ആറ് - എട്ട് മാസം മുതല്‍ ഒരു വര്‍ഷം വരെ, ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ പോലും, ഞങ്ങള്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഫിറ്റ്നസ് നിലനിര്‍ത്തിയാല്‍, കഥ വ്യത്യസ്തമായിരിക്കാം. എന്നാല്‍ ഇപ്പോള്‍, എനിക്കറിയാവുന്നിടത്തോളം, ആ ഇംഗ്ലണ്ട് പര്യടനത്തിന് അദ്ദേഹം മതിയായ ഫിറ്റ്‌നസ് കൈവരിച്ചിട്ടുണ്ടായിരുന്നില്ല.'' - അഗാര്‍ക്കര്‍ വ്യക്തമാക്കി.
2023 ഏകദിന ലോകകപ്പിനുശേഷം പരിക്കേറ്റ ഷമി, ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലാണ് താരം ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ടൂര്‍ണമെന്റില്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരവും ഷമിയായിരുന്നു.
Content Highlights: Chief Selector Ajit Agarkar responds to Mohammed Shami`s comments on being dropped, emphasizing fitness as the key factor for selection. What does it mean for Shami`s future?
Published: 17 Oct 2025, 08:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented