കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയുടെ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ നിർണായകമായി സർഫഖാസ് ഖാന്റെ സാന്നിധ്യം. പരിക്കേറ്റ ഋഷഭ് പന്തിന് പകരം ഫീൽഡിങ്ങിനിറങ്ങിയ സർഫറാസ് മത്സരത്തിന്റെ ഗതി മാറ്റുന്ന താരമായി മാറി. എന്നാൽ അത് പന്തുകൊണ്ടും ബാറ്റു കൊണ്ടുമായിരുന്നില്ല. നിരന്തരമായ സ്ലഡ്ജിങ്ങിലൂടെ ലങ്കൻ ബാറ്റർമാരുടെ ആത്മവിശ്വാസം തകർക്കുകയായിരുന്നു. ഇത് ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയുടേയും ഡിക്ക്‌വെല്ലയുടെയും വിക്കറ്റുകൾ വീഴ്ത്തുന്നതിന് കാരണമായി. സർഫറാസിന്റെ തന്ത്രത്തിന് ആദ്യം ഇരയായത് ധനഞ്ജയയാണ്. തൊട്ടുപിന്നാലെ ചൊവ്വാഴ്ച വിക്കറ്റ് കീപ്പർ-ബാറ്റർ ഡിക്ക്വെല്ലയും പവലിയനിലേക്ക് മടങ്ങി.

To advertise here,

മാനവ് സുതാർ പന്തെറിയാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ശ്രീലങ്കൻ ക്യാപ്റ്റനുമായി ബന്ധപ്പെട്ട ഈ സംഭവം നടന്നത്. സ്‌ക്രീനിന് അവിടെ എന്തോ പ്രശ്‌നമുണ്ടെന്നും ഏകാഗ്രത കിട്ടുന്നില്ലെന്നും ധനഞ്ജയ് പറഞ്ഞു. ഈ സമയത്ത് ഷോട്ട് ലെഗിൽ നിന്നിരുന്ന സർഫറാസ് ശ്രീലങ്കൻ ക്യാപ്റ്റനെ പ്രകോപിപ്പിക്കാൻ തുടങ്ങി. സമയം പാഴാക്കരുതെന്നും കളി തുടരാനും സർഫറാസ് ധനഞ്ജയയോട് ആവശ്യപ്പെട്ടു. സ്‌ക്രീനിന് പിന്നിലെ അനക്കങ്ങളെക്കുറിച്ച് ആകുലപ്പെടാതെ നേരെ കളിക്കാൻ അദ്ദേഹം വലംകൈയ്യൻ ബാറ്റർക്ക് ഉപദേശവും നൽകി.

'അവിടെയൊന്നും ഒന്നുമില്ല, ബ്രോ. നിങ്ങൾ അങ്ങോട്ടാണ് നോക്കുന്നത്. നിങ്ങൾ വെറുതെ സമയം കളയുകയാണ്, ബ്രോ. പേടിക്കേണ്ടതില്ല. നിങ്ങളാണ് ക്യാപ്റ്റൻ. വരൂ, ബ്രോ,'- സ്റ്റമ്പ് മൈക്കിൽ സർഫറാസിന്റെ ശബ്ദം പതിഞ്ഞു. 'എന്തിനാണ് നിങ്ങൾ ആ ഭാഗത്തെക്കുറിച്ച് ആകുലപ്പെടുന്നത്? നേരെ നോക്കൂ,' എന്നും സർഫറാസ് പറയുന്നുണ്ട്.

ചില പന്തുകൾക്ക് ശേഷം, ആ തന്ത്രം ഫലം കണ്ടു. 35-ാം ഓവറിലെ അഞ്ചാം പന്തിൽ സുതാർ ധനഞ്ജയുടെ വിക്കറ്റെടുത്തു. അദ്ദേഹത്തിന്റെ ബാറ്റിൽ തട്ടി പന്ത് വിക്കറ്റ് കീപ്പർ ജുറലിന്റെ ഗ്ലൗസിൽ തട്ടി സ്ലിപ്പിൽ നിന്ന ഫീൽഡറുടെ അടുത്തേക്ക് പറന്നു. കെഎൽ രാഹുൽ രണ്ട് തവണ ശ്രമിച്ച ശേഷമാണ് പന്ത് സുരക്ഷിതമായി പിടികൂടിയത്. ഇതോടെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് ലഭിച്ചു. 14 പന്തിൽ നിന്ന് 8 റൺസ് എടുത്ത ശേഷം ധനഞ്ജയ പവലിയനിലേക്ക് മടങ്ങി.

ധനഞ്ജയയും പസിന്ദു സൂര്യബണ്ഡാരയും പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഡിക്ക്വെല്ലയ്ക്കെതിരെ മുഹമ്മദ് സിറാജ് ഉടൻ തന്നെ ഷോട്ട്-ബോൾ തന്ത്രം പയറ്റി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇതേ തന്ത്രം ഫലം കണ്ടിരുന്നു. സർഫറാസ് ഡിക്ക്​വെല്ലയോടും സംസാരിക്കാൻ തുടങ്ങി. ഇരു കളിക്കാരും പുഞ്ചിരിച്ചെങ്കിലും ഒടുവിൽ വിജയം സർഫറാസിനൊപ്പമായിരുന്നു. ഡിക്ക്​വെല്ലയുടെ ഗ്ലൗസിൽ തട്ടി ഉയർന്ന പന്ത് വിക്കറ്റ് കീപ്പർ ധ്രുവ് ജുറൽ പിടികൂടിയതോടെ ലങ്കയുടെ അടുത്ത വിക്കറ്റും വീണു.