തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വന്തം ലോക്കൽ ബോയ് സഞ്ജു സാംസൺ ‘നാഷണൽ ഹീറോ’യായി ആണ് ജന്മനാട്ടിൽ തിരിച്ചെത്തിയത്. രാജ്യത്തിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച് തിരിച്ചെത്തിയ സഞ്ജുവിന് ആവേശകരമായ സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. മുൻകൂട്ടി അറിയിക്കാതെ എത്തിയെങ്കിലും തിങ്കളാഴ്ച വൈകീട്ട് സർക്കാർ പ്രതിനിധികളും വിവരമറിഞ്ഞെത്തിയ ആരാധകരും ആർപ്പുവിളികളോടെയാണ് സഞ്ജുവിനെയും ഭാര്യ ചാരുലതയെയും വരവേറ്റത്. തന്റെ നാട്ടുകാരുടെ പിന്തുണയ്ക്കു നന്ദിപറഞ്ഞാണ് സഞ്ജു വിമാനത്താവളത്തിൽവെച്ച്‌ മാധ്യമപ്രവർത്തകരോടു സംസാരിച്ചത്.

To advertise here,

അമ്മയ്ക്കുകിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ലോകകപ്പ് ജയമെന്ന് സഞ്ജുവിൻ്റെ അമ്മ ലിജി പറഞ്ഞു.'ഇന്ത്യയുടെ വിജയത്തിൽ മറ്റുള്ളവർക്കൊപ്പം അമ്മയും സന്തോഷിക്കുന്നു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയുമുണ്ട്. അതാണ് ക്രിക്കറ്റിൽ സഞ്ജുവിനുണ്ടായത്. ആരാധകർക്കും രാജ്യത്തിനുമൊപ്പമാണ് ഞാനും. അമ്മയ്ക്കുതന്ന ഏറ്റവും വലിയ സമ്മാനമാണ് ലോകകപ്പ് വിജയം', സഞ്ജുവിൻ്റെ അമ്മ പറഞ്ഞു. അസുഖം കാരണം കുറച്ചുനാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലിജി ആശുപത്രിയിലെ മുറിയിലിരുന്നാണ് ഫൈനൽ കണ്ടത്. മത്സരശേഷം രാത്രി വീട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും തിങ്കളാഴ്ച വൈകീട്ട് വീണ്ടും ആശുപത്രിയിലെത്തി.

ലോകകപ്പിൽ സഞ്ജു രാജ്യത്തിനുവേണ്ടി കരുതിയാണ് കളിച്ചതെന്ന് പിതാവ് സാംസൺ വിശ്വനാഥും പറഞ്ഞു. സെഞ്ചുറിയല്ല ടീം ജയിക്കുകയാണ് പ്രധാനം. അവനെ കരുതിയല്ല ടീമിനെ കരുതിയാണ് സഞ്ജു കളിക്കുന്നത്. ഇനി അഞ്ചാറുവർഷത്തേക്ക് സഞ്ജു ഇതേരീതിയിൽത്തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോകകപ്പ് വിജയത്തോടെ മുൻപത്തെ പരാജയങ്ങളെല്ലാം മറന്നു. നേരിട്ട അവഗണനകളെല്ലാം മറക്കാം. ലോകകപ്പിൽ സഞ്ജു തിളങ്ങിയ അവസാനത്തെ മൂന്ന് മത്സരങ്ങളും നിർണായകമായിരുന്നു. 2024-ൽ ടീമിലെത്തിയെങ്കിലും ചില മാറ്റങ്ങൾ സഞ്ജുവിന്റെ ഫോം നഷ്ടപ്പെടുത്തി. എന്നാൽ, ഇപ്പോഴത്തെ തിരിച്ചുവരവ് പ്രതീക്ഷിച്ചതല്ല. ന്യൂസീലൻഡുമായുള്ള പരമ്പരയിൽ അഞ്ച് കളിയിലും സഞ്ജു പരാജയപ്പെട്ടു. ഒരിക്കലും ഇങ്ങനെ ഒരു സംഭവം സഞ്ജുവിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അതോടെ സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാവുമെന്ന തന്റെ പ്രതീക്ഷകളും നഷ്ടപ്പെട്ടതാണെന്നും സാംസൺ പറഞ്ഞു.

ഭാഗ്യം അവനോടൊപ്പമായിരുന്നു. അവസരം കിട്ടിയപ്പോൾ സഞ്ജു അവന്റെ സ്വാഭാവികമായ കളി പുറത്തെടുത്തു. ടൂർണമെന്റിൽനിന്ന് പുറത്താകുമെന്ന അവസ്ഥയിലാണ് നിർണായകമായ ഇന്നിങ്ങിസ് കളിച്ചത്. അതോടെ ജീവിതത്തിലും ക്രിക്കറ്റിലും തിരിച്ചുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമ്പോൾ തിരുവനന്തപുരവും അഭിമാനത്തിന്റെ നെറുകയിലായിരുന്നു. സ്വന്തം ലോക്കൽ ബോയ് സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് ടീം ഇന്ത്യയുടെ കിരീടവിജയം എന്നതും ക്രിക്കറ്റ് പ്രേമികൾ ആഘോഷമാക്കി. സഞ്ജു സാംസന്റെ ഓരോ ഷോട്ടും ആരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ആർപ്പുവിളികളും ആവേശവും നിറഞ്ഞ നിമിഷങ്ങളുമായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിൽ ഉടനീളം കാണികൾ പ്രദർശിപ്പിച്ചത്.

ആദ്യഘട്ടത്തിൽ അഭിഷേക് ശർമയാണ് വമ്പനടികൾക്ക് തുടക്കമിട്ടത്. എന്നാൽ, പിന്നീട് സഞ്ജു കത്തിക്കയറിയതോടെ എല്ലായിടത്തും പൂത്തിരി കത്തിച്ചാണ് ആരാധകർ പിന്തുണയറിയിച്ചത്. ഓരോ സിക്സറിനും പടക്കം പൊട്ടിച്ചും ആഘോഷമുണ്ടായിരുന്നു. ഇന്ത്യൻ സ്കോറിൽ ഓരോ ബൗണ്ടറികൾ പിറക്കുമ്പോഴും ആവേശം കൂടിക്കൂടിവന്നു. എന്നാൽ, സെഞ്ചുറിക്കടുത്തുവെച്ച് തുടർച്ചയായ മൂന്നാംമത്സരത്തിലും സഞ്ജു പുറത്തായത് കാണികളിൽ നിരാശയുണ്ടാക്കി. എന്നാൽ, ടീമിന്റെ വിജയത്തോടെ എല്ലാ നിരാശയും മറന്നു.