രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ് പ്രത്യേക ബാറ്റിങ് പരിശീലനം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ പേസിനും ബൗണ്‍സിനും മുന്നില്‍ സഞ്ജു പതറിയിരുന്നു. രണ്ട് മത്സരങ്ങളിലും ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് ബോളിലാണ് താരം പുറത്തായത്. ഇതോടെയാണ് ആര്‍ച്ചറെ നേരിടാന്‍ സഞ്ജുവിന് പ്രത്യേക പരിശീലനമൊരുക്കിയത്. ആദ്യ മത്സരത്തില്‍ 26 റണ്‍സെടുത്ത സഞ്ജുവിന് രണ്ടാം മത്സരത്തില്‍ അഞ്ചു റണ്‍സാണ് നേടാനായത്.

To advertise here,

പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയായ രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ സഞ്ജു ഒരു പ്രത്യേക പരിശീലനവഴി സ്വീകരിക്കുകയായിരുന്നു. സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചായിരുന്നു പ്രത്യേക പരിശീലനം. പുള്‍ ഷോട്ടും ഹുക്കുമെല്ലാം സഞ്ജു പരിശീലിച്ചത് പ്ലാസ്റ്റിക് പന്തിലായിരുന്നു. 45 മിനിറ്റായിരുന്നു ഈ പരിശീലനം. ടീം ഇന്ത്യയുടെ പുതിയ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടകും ത്രോ ഡൗണ്‍ സ്‌പെഷലിസ്റ്റുകളുമെല്ലാം സഞ്ജുവിനൊപ്പമുണ്ടായിരുന്നു. ഷോര്‍ട്ട് ബോളുകളിലും ബൗണ്‍സറുകളിലും കട്ട് ഷോട്ടുകളും റാംപ് ഷോട്ടുകളും താരം പരിശീലിച്ചു.

തുടര്‍ന്ന് 30 മിനിറ്റോളം താരം നെറ്റ്‌സിലും ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ടു. മറ്റ് ടീം അംഗങ്ങള്‍ പരിശീലനത്തിനായി എത്തുന്നതിന് വളരെ മുമ്പാണ് സഞ്ജു തിങ്കളാഴ്ച പരിശീലനത്തിനെത്തിയത്.

അതേസമയം ആദ്യ രണ്ടു മത്സരങ്ങളിലെ മിന്നും ജയത്തിന്റെ ആവേശത്തില്‍ ഇംഗ്ലണ്ടിനെതിരേ പരമ്പര ലക്ഷ്യമിട്ടാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇറങ്ങുന്നത്. ചൊവ്വാഴ്ച ജയിച്ചാല്‍ അഞ്ചുമത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും.

ആദ്യമത്സരത്തില്‍ ഏകപക്ഷീയമായി ജയിച്ച ഇന്ത്യ, ജയസാധ്യത മാറിമറിഞ്ഞ രണ്ടാം മത്സരത്തില്‍ അവസാനനിമിഷം ജയം പിടിച്ചെടുക്കുകയായിരുന്നു. എങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലെത്താത്തത് ടീമിനെ അലട്ടുന്നുണ്ട്. ആദ്യമത്സരത്തില്‍ പൂജ്യത്തിനു പുറത്തായ സൂര്യകുമാര്‍ രണ്ടാം മത്സരത്തില്‍ തകര്‍ച്ചയുടെ ഘട്ടത്തില്‍ ക്രീസിലെത്തി 12 റണ്‍സിന് പുറത്തായി.

ഈ പരമ്പരയിലൂടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കപ്പെട്ട പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ആദ്യ രണ്ടുമത്സരങ്ങളിലും കളിപ്പിച്ചില്ല. ഷമിയുടെ ഫിറ്റ്നസിനെക്കുറിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങ്ങും പരിക്കിലായതിനാല്‍ രമണ്‍ദീപ് സിങ്, ശിവം ദുബെ എന്നിവരിലൊരാള്‍ക്ക് ഇലവനില്‍ ഇടംകിട്ടിയേക്കും.