അരങ്ങേറ്റത്തില്‍ മെല്ലെപ്പോക്കിന് പഴികേട്ടു, അതേ ഹരാരെയില്‍ താരമായി സഞ്ജുവിന്റെ പ്രായശ്ചിത്തം


സ്വന്തം ലേഖകന്‍

ഒരു തരത്തില്‍ സഞ്ജുവിന്റെ പ്രതികാരമായിരുന്നു ഈ ഇന്നിങ്‌സ്. ഒരിക്കല്‍ താന്‍ കാരണം തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് അതേ വേദിയില്‍ തന്നെ വിജയമൊരുക്കിയ സഞ്ജുവിന്റെ മധുര പ്രതികാരം

Photo: twitter.com/IamSanjuSamson

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏതൊരു താരത്തിനും താനാദ്യമായി കളിച്ച വേദി ഏറെ പ്രത്യേകതയുള്ളതാണ്. എന്നാല്‍ മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം അരങ്ങേറ്റ മത്സരം കളിച്ച സിംബാബ്‌വെയിലെ ഹരാരെ ക്രിക്കറ്റ് ഗ്രൗണ്ട് അത്ര മധുരമേറിയ ഓര്‍മകളല്ല സമ്മാനിച്ചിട്ടുള്ളത്. 2015-ല്‍ ഇന്ത്യയുടെ നീലക്കുപ്പായം ആദ്യമായി അണിഞ്ഞ് സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സഞ്ജുവിന്റെ മനസ്സില്‍ നിരവധി സ്വപ്‌നങ്ങള്‍ക്ക് മുളപൊട്ടിയിരുന്നു.

2015 ജൂലായ് 19 ന് സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലാണ് സഞ്ജുവിന് ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ആ മത്സരം കയ്‌പ്പേറിയ ഓര്‍മകളാണ് മലയാളി താരത്തിന് സമ്മാനിച്ചത്. സ്റ്റ്യുവര്‍ട്ട് ബിന്നിയ്‌ക്കൊപ്പം ഇന്ത്യയെ വിജയത്തിലെത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം തോളിലേറ്റിയാണ് സഞ്ജു ബാറ്റെടുത്ത് ഗ്രൗണ്ടിലെത്തിയത്. ഏഴാമനായി ക്രീസിലെത്തുമ്പോള്‍ സ്റ്റ്യുവര്‍ട്ട് ബിന്നിയാണ് മറുവശത്ത് ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ ആദ്യമായി കളിക്കുന്നതിന്റെ പരിഭ്രമത്തില്‍ സഞ്ജുവിന് വേണ്ട വിധത്തില്‍ ബാറ്റുവീശാനായില്ല. 24 പന്തുകള്‍ നേരിട്ട താരം വെറും 19 റണ്‍സ് മാത്രമാണ് നേടിയത്. ഒരു ബൗണ്ടറി മാത്രമാണ് ബാറ്റില്‍ നിന്ന് പിറന്നത്. സഞ്ജു താളം കണ്ടെത്താതെ വന്നപ്പോള്‍ മറുവശത്ത് ബിന്നിയെയും അത് ബാധിച്ചു. മത്സരത്തില്‍ ഇന്ത്യ 10 റണ്‍സിന്റെ തോല്‍വി വഴങ്ങി. പരമ്പര സമനിലയില്‍ ആകുകയും ചെയ്തു. സഞ്ജുവിന്റെ മെല്ലെപ്പോക്ക് അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എന്നാല്‍ അരങ്ങേറ്റതാരത്തിന്റെ പരിചയക്കുറവാണെന്ന പേരില്‍ അതെല്ലാം പിന്നീട് കെട്ടടങ്ങി.

ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം അരങ്ങേറ്റം കുറിച്ച അതേ ഹരാരെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ തന്റെ പേരിലുണ്ടായ അരങ്ങേറ്റ മത്സരത്തിലെ പഴികളെല്ലാം സഞ്ജു ഒറ്റ ഇന്നിങ്‌സ് കൊണ്ട് കഴുകിക്കളഞ്ഞു. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചുകൊണ്ട് സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചു. ഒരിക്കല്‍ പതറിയ അതേ ഗ്രൗണ്ടില്‍ രാജകീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്.

അരങ്ങേറ്റത്തിലെന്നപോലെ സമ്മര്‍ദ്ദം പിടിമുറിക്കിയ അവസ്ഥയിലാണ് സഞ്ജു രണ്ടാം ഏകദിന മത്സരത്തിനിറങ്ങിയത്. 97 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് വിലപ്പെട്ട നാല് വിക്കറ്റുകള്‍ നഷ്ടമായി. വിജയലക്ഷ്യത്തിലേക്ക് ഇനിയും വേണം 65 റണ്‍സ്. അരങ്ങേറ്റത്തിലെന്നപോലെ സഞ്ജു മെല്ലെയാണ് തുടങ്ങിയത്. എന്നാല്‍ അന്ന് പരിഭ്രമിച്ച 21 കാരനെയല്ല പിന്നീട് ക്രീസില്‍ കണ്ടത്. തകര്‍പ്പന്‍ ഷോട്ടുകളുമായി സഞ്ജു കളം നിറഞ്ഞു. മറുവശത്ത് ദീപക് ഹൂഡയെ സാക്ഷിയാക്കി സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ഹൂഡ വീണിട്ടും സഞ്ജുവിന്റെ പോരാട്ടത്തിന്റെ മാറ്റ് കുറഞ്ഞില്ല. ഒടുവില്‍ ഇന്നസെന്റ് കായ്യ ചെയ്ത 26-ാം ഓവറിലെ നാലാം പന്തില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങിച്ചെന്ന് സഞ്ജു ബാറ്റുവീശി. പന്ത് ലോങ് ഓണിലെ ഗാലറിയിലേക്ക്. ഇന്ത്യയ്ക്ക് വിജയം. ഒപ്പം പരമ്പരയും. 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് സഞ്ജു അപരാജിതനായി നിന്നു. ഇന്ത്യയെ വിജയതീരത്തെത്തിച്ചപ്പോള്‍ ആ ഒന്‍പതാം നമ്പര്‍ ജഴ്‌സിയണിഞ്ഞ മലയാളി ബാറ്റ് വാനിലേക്കുയര്‍ത്തി. പുഞ്ചിരിച്ചു. അതേ സമയം സഞ്ജുവിന്റെ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് ട്വീറ്ററില്‍ ഇങ്ങനെ കുറിച്ചു. 'സഞ്ജു ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍'.

പിന്നാലെ അര്‍ഹിച്ച പുരസ്‌കാരം സഞ്ജുവിനെത്തേടിയെത്തി. മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സഞ്ജു സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഇതാദ്യമായാണ് സഞ്ജു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ മൂന്ന് ക്യാച്ചുകളും സഞ്ജു സ്വന്തമാക്കി. മത്സരത്തിനിടെ നഷ്ടപ്പെടുത്തിയ സ്റ്റംപിങ് അവസരത്തെക്കുറിച്ചും സഞ്ജു പുരസ്‌കാരച്ചടങ്ങിനിടെ സംസാരിക്കുകയുണ്ടായി
.ഒരു തരത്തില്‍ സഞ്ജുവിന്റെ പ്രതികാരമായിരുന്നു ഈ ഇന്നിങ്‌സ്. ഒരിക്കല്‍ താന്‍ കാരണം തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് അതേ വേദിയില്‍ തന്നെ വിജയമൊരുക്കിയ സഞ്ജുവിന്റെ മധുര പ്രതികാരം.

Content Highlights: sanju samson, manju samson man of the match, india vs zimbabwe, indian cricket, ind vs zim, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented